സ്വന്തമായി ഒരു വീട് പണിയണമെന്നത് ദിവാകരന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു.  എന്നാൽ, അതു സാധിച്ചത് ഗൾഫിൽ 15 വർഷത്തോളം ജോലിചെയ്തതിനു ശേഷമായിരുന്നു. കാരണം അവിടെ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവും മൂലം പലപ്പോഴും പണം മിച്ചം വയ്ക്കാനാകുമായിരുന്നില്ല. പതുക്കെ ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസിലേക്ക് നീങ്ങി. തുടക്കം മാർക്കറ്റിങ് രംഗത്തായിരുന്നു. തുടർന്ന് സ്വന്തമായി ഷോപ്പ് തുടങ്ങി. അത് വിജയിച്ചതിനാൽ സാമ്പത്തിക രംഗം മെച്ചപ്പെട്ടു. പിന്നീട് പല ഷോപ്പുകളുടെ ഉടമസ്ഥനായി. തുടർന്ന് മാതാപിതാക്കൾക്ക് നാട്ടിൽ നല്ലൊരു വീട് പണിയണം എന്ന ചിന്തയുണ്ടായി.
 
പഴയ പുര പൊളിച്ചു പണിയുന്നതിനോട് നാട്ടിലെ ബന്ധുക്കൾക്ക് താത്‌പര്യമില്ലായിരുന്നു. അതിനാൽ വീടിനോടു ചേർന്ന് ഇരുപതു സെന്റ് സ്ഥലം വാങ്ങി. അവിടെ വീട് പണിതു തീർന്നപ്പോൾ ഇരുപത് സെന്റിലും നിറഞ്ഞുനിന്ന ഏതാണ്ട് ഏഴായിരത്തിലേറെ സ്ക്വയർഫീറ്റുള്ള വീടായി മാറിയിരുന്നു. വീടെന്നോ കൊട്ടാരമെന്നോ വിളിക്കാൻ പറ്റില്ല, ഒരു കെട്ടിടസമുച്ചയം എന്നു പറയാം. പാലുകാച്ചലിന് വന്ന ബന്ധുക്കൾ തമ്മിൽ പറയുന്നതു കേട്ടു: ‘ഒന്നിച്ച് അകത്തോട്ട് പോവാം. അല്ലങ്കിൽ തിരിച്ചിറങ്ങേണ്ടത്‌ എങ്ങനെയാണെന്ന്‌ അറിയാതെ പെട്ടുപോവാൻ സാധ്യതയുണ്ട്’. 
 
സ്വന്തം മാതാപിതാക്കളും അവിടെ താമസിക്കാൻ താത്‌പര്യപ്പെടാത്തതിനാൽ വീട് പൂട്ടി. വാടകയ്ക്ക് കൊടുക്കാൻ മാനസികമായി താത്‌പര്യമില്ലാത്തതു കൊണ്ട് വർഷത്തിലൊരിക്കൽ താമസിക്കാൻ എത്താമെന്ന ചിന്തയോടെ ദിവാകരനും കുടുംബവും ഗൾഫിലേക്ക് മടങ്ങി. എന്നെങ്കിലും തിരിച്ചുപോരേണ്ടി വരുമ്പോൾ ഒരു ആസ്തിയാവുമല്ലോ എന്ന് സമാധാനിച്ചു. 
 
മലയാളിക്ക് വീട് ഒരു സ്വപ്നമാണ്. അതിനുവേണ്ടി അദ്ധ്വാനത്തിന്റെ നല്ലപങ്കും ചെലവാക്കുന്നതിൽ ഒരപാകവും തോന്നാറില്ല. വീട് എന്നും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകവുമായിരുന്നു. എന്നാൽ, ഇന്ന് വീടല്ല നിർമിക്കുന്നത്. പൊങ്ങച്ചസംസ്കാരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന ഒരു മേഖല ഭവന നിർമാണവുമായി ബന്ധപ്പെട്ടാണ്. പ്രവാസി മലയാളികൾ പലരും അതുവരെ അദ്ധ്വാനിച്ചതും കിട്ടാൻ പോവുന്നതുമായ പണവും കണക്കുകൂട്ടി വീട് പണിയും. പിന്നെ, അത് നടത്തിക്കൊണ്ടു പോവുന്നതും ബാധ്യതയായി മാറുന്നു. 

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ 
വർധിച്ചുവരുന്ന ഭവന പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കണ്ടെത്തി താമസയോഗ്യമാക്കാനുള്ള പദ്ധതിക്ക് അയർലൻഡ് സർക്കാർ തുടക്കമിടുകയാണ്. അതിനായി വിവരങ്ങൾ നൽകാൻ ഒരു വെബ്‌സൈറ്റ് തന്നെ ആരംഭിച്ചിരിക്കുന്നു. 2016-ലെ കണക്കനുസരിച്ച്‌  പ്രധാന നഗരങ്ങളിൽ മാത്രം 1,80,000 വീടുകളാണ് അവിടെ ഒഴിഞ്ഞുകിടക്കുന്നത്. അതിൽ 25,000 വീടുകൾ കണ്ടെത്തി ഭവനരഹിതർക്ക് ഉപയോഗിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.

ഭാരതത്തിൽ ഏറ്റവും കൂടുതൽ വീട് പണിയുന്നവർ മലയാളികളാണ്. കൂട്ടുകുടുംബ സമ്പ്രദായം അപ്രത്യക്ഷമായതോടെ വീടുകളുടെ എണ്ണം കൂടി. നമ്മുടെ നാട്ടിലും പ്രത്യേകിച്ച് പ്രവാസികൾ നാട്ടിൽ വീടുപണിത് പൂട്ടിയിടുന്ന പ്രവണത ഏറുകയാണ്. ഏറ്റവും കൂടുതൽ ഭവനസാന്ദ്രതയുള്ള കേരളം തന്നെയാണ് പാർക്കാനാളില്ലാത്ത വീടുകളുടെ കണക്കിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പതിനഞ്ചു ലക്ഷത്തോളം വീടുകൾ ഇവിടെ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വീടില്ലാത്തവർ ഏകദേശം ആറു ലക്ഷത്തോളം വരും.
 
ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വലിയ സാമ്പത്തിക പ്രശ്നമാണ്. ഉത്‌പാദനക്ഷമം അല്ലാത്തതുകൊണ്ട് ഭവന നിക്ഷേപത്തെ ‘ഡെഡ് മണി’ എന്നു വിളിക്കാറുണ്ട്. സ്ഥലത്തിന്റെ വില വർദ്ധിക്കുന്നുണ്ടെങ്കിലും കെട്ടിടത്തിന്റെ വില കാലക്രമേണ കുറഞ്ഞ് ഇല്ലാതാവും. 

ഏതൊരു വീടും 30 വർഷത്തിനു ശേഷം അടുത്ത അവകാശികൾക്ക് ഇഷ്ടമില്ലാതാവുകയോ സൗകര്യങ്ങൾ കാലത്തിനൊത്ത് അപര്യാപ്തമാവുകയോ ചെയ്യും. മക്കൾ പണിയുന്ന വലിയ വീടുകളിൽ കഴിയാൻ അച്ഛനമ്മമാർക്ക് പല കാരണങ്ങളാലും ഇഷ്ടമില്ലാതാവുന്ന പ്രവണതയുമുണ്ട്. വലിയ വീടുകളിൽ ഒറ്റപ്പെട്ടു പോവുന്നതിന്റെ സാമൂഹിക പ്രശ്നങ്ങളുമുണ്ട്.   
 
തോർസ്റ്റീൻ വെബ്ളൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ ‘കോൺസ്പീക്സ് കൺസംഷൻ’ എന്ന സാമ്പത്തിക സിദ്ധാന്തമനുസരിച്ച്  അനുകരണ ഭ്രമമാണ് മധ്യവർഗക്കാരുടെ ജീവിത രീതിയെ സ്വാധീനിക്കുന്നത്. ഇത് ഭവനനിർമാണ മേഖലയിലെ പൊങ്ങച്ച പ്രകടനത്തിൽ ഏറെ പ്രകടമാണ്. അനുകരണ മനോഭാവം കടുത്ത മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. 

കേരളത്തിൽ പുരുഷന്മാർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്കിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കുടുംബ രംഗത്തുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളാണ്  അമിതമായ അനുക്രണ പ്രവണത ആന്തരിക ശൂന്യതയെയാണ് വിളിച്ചറിയിക്കുന്നത്.  എന്നാൽ, ഇന്നും ആഭിജാത്യമുള്ള കുടുംബങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവർ അവരുടെ  ആവശ്യങ്ങൾക്ക് മുൻഗണന നൽകി കുലീനത്വമുള്ള വീടുകളാണ് നിർമിക്കുന്നത്. 

സോഷ്യൽ ഹൗസിങ്
ഈ രംഗത്ത് ശ്രദ്ധേയമായ കാൽവയ്പാണ് സോഷ്യൽ ഹൗസിങ്‌. പാർപ്പിടമെന്നത് അടിസ്ഥാന സാമ്പത്തിക ആവശ്യമാകയാൽ വീടിനെ പൊതുവസ്തുവായി കണ്ട് സാധാരണക്കാർക്ക് ലഭ്യമാക്കാനുതകുന്ന കെട്ടിട സമുച്ചയങ്ങൾ എന്ന സംവിധാനത്തിലേക്ക് പല രാജ്യങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. സർക്കാരും സ്വകാര്യ ഏജൻസികളും ഈ രംഗത്ത് പുതു സാധ്യതകൾ നൽകുന്നു. 
 
വിവിധ കുടുംബങ്ങൾ ഒന്നിച്ചു പാർക്കുന്ന ‘വില്ല’ സമ്പ്രദായവും ‘ഫ്ളാറ്റ്’ സംസ്കാരത്തേക്കാളേറെ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങി. സുഹൃത്തുക്കൾ ഒന്നിച്ചുചേർന്ന് നിർമിച്ചാൽ സുരക്ഷിതത്വവും കൂട്ടായ്മയും വർധിക്കുകയും ചെയ്യും. ഭവന സാമ്പത്തിക ശാസ്ത്രവും അതിന്റെ പ്രത്യേകതകളും എന്നും ഏറെ വിസ്മയം ജനിപ്പിക്കുന്നതാണ്.