ശോക് എന്ന  ഗൃഹനാഥന്റെ സാമ്പത്തിക വിഷയവുമായി ഏറെ ബന്ധമുള്ള ജീവിതകഥ ഈ അടുത്തകാലത്ത് കേൾക്കാനിടയായി. അദ്ദേഹത്തിന് ചെറിയ ബിസിനസ്‌ ആണുള്ളത്. വലിയ വരുമാനമൊന്നും അതിൽനിന്ന്‌ ഇല്ലെങ്കിലും,  തന്നെ ആശ്രയിച്ചുകഴിയുന്ന ഭാര്യക്കും കുട്ടികൾക്കും ജീവിതത്തിൽ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന്  അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

അതുകൊണ്ട്, എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കുമായിരുന്നു. കോളേജിൽ പഠിക്കുന്ന മക്കൾക്ക് പോക്കറ്റ് മണിയുൾപ്പെടെ നൽകുന്നതിൽ ഉത്സാഹമായിരുന്നു. അതിന്റെ ഫലമായി ലക്ഷക്കണക്കിന് രൂപയുടെ കടവും വരുത്തിവച്ചു. 

എന്നാൽ, പെട്ടെന്നാണ് താൻ ഒരു വലിയ മാറാരോഗത്തിന് അടിമയാണ് എന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. ചികിത്സയ്ക്കുള്ള പണമൊന്നും അദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു. എന്നാൽ, താൻ മരിച്ചാൽ തന്റെ ഭാര്യയുടേയും മക്കളുടേയും കാര്യമോർത്തായിരുന്നു അദ്ദേഹം വിഷമിച്ചത്.  എങ്ങനെ അവർ ജീവിക്കുമെന്നു മാത്രമല്ല, എങ്ങനെ കടങ്ങൾ വീട്ടുമെന്നതും അശോകിനെ ഏറെ അസ്വസ്ഥനാക്കി.

പിന്നീട് ചില ശക്തമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം തീരുമാനിച്ചു. മക്കൾക്ക് നൽകുന്ന പോക്കറ്റ് മണി വെട്ടിക്കുറച്ചു. തന്റെ ഭാര്യയും മക്കളും സുഖലോലുപതയുള്ള  ജീവിതത്തിന് അടിമയാണെന്ന് അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട്, എല്ലാക്കാര്യത്തിലും ശക്തമായ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി. ഭാര്യയെയും തന്റെ ബിസിനസിൽ പങ്കാളിയാക്കി.

പണവും ബിസിനസും കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തയാക്കി. തുടർന്ന് കടങ്ങൾ വീട്ടാൻ സാധിച്ചു.  അച്ഛന്റെ ഈ മാറ്റം മനസ്സില്ലാമനസ്സോടെ മക്കൾ സ്വീകരിച്ചു. പഴയ അച്ഛനെയായിരുന്നു അവർക്കിഷ്ടമെന്നു പറഞ്ഞ് പലപ്പോഴും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. അച്ഛന്റെ രോഗം തീർത്തും വഷളായപ്പോൾ മാത്രമാണ് കുടുംബാംഗങ്ങൾക്ക് ഈ ഭാവമാറ്റത്തിന്റെ അർഥം മനസ്സിലായത്. 
 
ഗാർഹിക സമ്പത്ത് കൈകാര്യം ചെയ്യുക എന്നർഥമാക്കുന്ന ‘ഒയിക്കണോമിയ’ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ‘ഇക്കണോമിക്സ്’ അഥവാ ‘സാമ്പത്തികശാസ്ത്രം’ എന്ന പദം ഉടലെടുത്തത്. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ രചനകളിൽ ഇത് ദർശിക്കാനാവുന്നതാണ്. 

പിൽക്കാലത്ത് സാമ്പത്തികശാസ്ത്രത്തിൽ ഉടലെടുത്ത ‘ബ്രെഡ് വിന്നർ മോഡൽ’ സിദ്ധാന്തമനുസരിച്ച്  കുടുംബത്തിനു വേണ്ടി അധ്വാനിക്കുകയും പണം സമ്പാദിക്കുകയും വ്യയം ചെയ്യുകയും ചെയ്യുന്നതിൽ  ലിംഗപദവിയുടെ വ്യത്യാസം നേർത്തുതുടങ്ങി. 
 
എന്നാൽ, വ്യക്തികളുടെ സാമ്പത്തികചരിത്രം പഠിക്കുമ്പോൾ മനസ്സിലാക്കുന്ന, പുരുഷന്മാരുടെ ഒരു ജീവിതസമീപനവുണ്ട്. എന്നും സാമ്പത്തിക ചിന്തകളാൽ ഭരിക്കപ്പെടുന്നവരും അസ്വസ്ഥരാകുന്നവരുമാണവർ. കുഞ്ഞുന്നാളിൽ, പഠിച്ചാൽ ജോലികിട്ടുമോ എന്ന ഭയം. കിട്ടിയാൽ തന്റെ ആശയങ്ങളോടും ജീവിതരീതികളോടും ചേർന്നുപോവുന്ന ഇണയെ കിട്ടുമോ എന്ന ഭയം. കുടുംബം പുലർത്താനാവുമോ എന്ന ചിന്തയാവും തുടർന്ന് ഭരിക്കുന്നത്.

‘അമ്മ’ എന്ന പുണ്യത്തെക്കുറിച്ച് വാഴ്ത്തിപ്പാടുന്നവർ ധാരാളമുണ്ട്. എന്നാൽ, ‘അച്ഛൻ’ എന്നും അവഗണിക്കപ്പെടുകയാണ്. അമ്മ എപ്പോഴും വികാരങ്ങളോട് ചേർന്നുനിൽക്കുമ്പോൾ അച്ഛൻ തീരുമാനങ്ങളോടാണ്‌ അടുത്തുനിൽക്കുന്നത്. അതുകൊണ്ട്, സ്ഥായിയായ ഓർമകൾ പിടിച്ചുനിർത്താൻ അച്ഛന് സാധിക്കാറില്ല. സ്നേഹം  പ്രകടിപ്പിക്കാനറിയില്ല. പ്രകടിപ്പിക്കുന്നത് ശരിയല്ല എന്ന വിചാരം കൂടുതലുള്ളവരുമാണ് ഇക്കൂട്ടർ. 

‘അച്ഛനോട് പറഞ്ഞുകൊടുക്കും’ എന്ന അമ്മയുടെ ഭീക്ഷണിയിൽ അച്ഛൻ എന്നും ദുഷ്ടകഥാപാത്രമാക്കപ്പെടുകയും ചെയ്യുന്നു. വൈകുന്നേരങ്ങളിൽ അച്ഛൻ വരുന്ന സമയമാവുമ്പോഴേക്കും വീട്ടിൽ പെട്ടെന്ന് എല്ലാം ചിട്ടയാവും. മക്കളുടെ പഠനവും ടി.വി. യുടെ സ്വരവും നിയന്ത്രണവിധേയമാവും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഗൃഹനാഥന്മാർ വെറും നിഴലായി മാറ്റപ്പെടുകയാണ്‌ ചെയ്യുന്നത്. 

സാമ്പത്തിക പിടിപ്പുകേടിന് പഴി കേൾക്കേണ്ടിവരുന്നവർ നമുക്കുചുറ്റും ധാരാളമുണ്ട്. ദുർന്നടപ്പുകാരും കുടുംബം അന്വേഷിക്കാത്തവരും മദ്യപാനികളുമായ കുറച്ചാളുകളുടെ പേരിൽ, മറ്റു ഗൃഹനാഥന്മാരുടെ വിയർപ്പ് കാണാതെ പോവുന്നു. എന്നാൽ, വൻവൃക്ഷം പോലെ തണലേകുന്നവർ ധാരാളമുണ്ട്. പത്തുമാസം ചുമന്ന കഥ അമ്മ പല പ്രാവശ്യം പറഞ്ഞിട്ടും രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കലും പറയാത്ത അച്ഛൻ ഒരു ഇതിഹാസമാണ്. 
 
‘കുഞ്ഞിന്‌ വേദനിക്കുമോ’ എന്നു ഭയന്ന്, അമ്മയുടെ വീർത്തുവരുന്ന വയറിൽ പതുക്കെ തഴുകിയ സ്നേഹമാണച്ഛൻ. മകളെ വിവാഹം കഴിച്ച് യാത്രയാക്കുന്ന നിമിഷം അച്ഛന്റെ കണ്ണുകളിലേക്ക് നോക്കണം, കടലോളം ദുഃഖം ഒളിപ്പിച്ചു വച്ച് അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോഴും ആ കണ്ണുകളിൽ നനവുണ്ടാവും. 

അതുകൊണ്ട് അമ്മയെന്ന പുഴയെ ധ്യാനിച്ച്, അച്ഛനെന്ന കടലിലെത്താൻ മറക്കരുത്. അച്ഛന്റെ സ്നേഹത്തിലെ അധികാരഭാവം സൃഷ്ടിക്കുന്ന അകൽച്ച വലുതാവുമ്പോൾ, മക്കൾക്ക് അവർ അപ്രാപ്യമാവുന്നതു പോലെയാവും. എന്നാൽ, മക്കളെ തല്ലിയതിനു ശേഷം അവർക്ക് വേദനിച്ചോ എന്ന് അവരറിയാതെ അമ്മയോട് ചോദിക്കുന്ന മൃദുലവികാരമാണച്ഛൻ. അതുകൊണ്ടാണ്, പിണങ്ങി ഉറങ്ങുന്ന മക്കളെ നോക്കി ‘എനിക്കും വിശപ്പില്ല’ എന്നു പറയുന്നത്.  
 
കരയുന്ന അച്ഛനെ മക്കൾ കണ്ടിട്ടുണ്ടാവില്ല. പക്ഷേ, അമ്മ കണ്ടിട്ടുണ്ടാവും. സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തിൽ, ‘കുട്ടിക്കാലത്ത് അച്ഛനെപ്പോലെ സംരക്ഷണം നല്കാൻ മറ്റാർക്കുമാവില്ല’. 
 
ഓർക്കുക, പിടിച്ച ചിട്ടിയും അടയ്ക്കാത്ത ലോണും മൂലം ഉറക്കം നഷ്ടപ്പെടുന്ന അച്ഛന്മാരും നമുക്കു ചുറ്റുമുള്ളത് ഒരു സാമ്പത്തികവിഷയം തന്നെയാണ്.