‘‘എന്നെങ്കിലും ഇത് അവസാനിക്കുമോ...? കുഞ്ഞുന്നാൾ മുതൽ വിവധതരത്തിലുള്ള ഉപദേശങ്ങൾ കേട്ടാണ് വളർന്നത്... അത് പാടില്ല, ഇങ്ങനെ ചെയ്യരുത്... പത്താംക്ലാസ്‌ മുതൽ അത് തീവ്രമായി ലഭിച്ചുതുടങ്ങി. 11-ാം ക്ലാസ് വലിയ കുഴപ്പമില്ലാതെ പോയി. പിന്നെ, എൻട്രൻസ് ഉപദേശങ്ങളുടെ കാലമായിരുന്നു. എൻജിനീയറിങ് പഠനകാലത്ത് പ്ലേസ്‌മെന്റ് കിട്ടാൻ ശ്രമിക്കേണ്ടതിന്റെ ഉപദേശം... ജോലികിട്ടിയപ്പോഴും വെറുതെ വിട്ടില്ല... എവിടെ നിക്ഷേപിക്കണമെന്നും എത്ര ചെലവാക്കണമെന്നും ഒക്കെമുള്ള സാമ്പത്തിക ഉപദേശങ്ങൾ... വിവാഹം കഴിഞ്ഞപ്പോൾ ഉപദേശകരുടെ എണ്ണം വീണ്ടും അമ്മായിയച്ഛന്റെയും മറ്റ് ബന്ധുക്കളുടേയും രൂപത്തിൽ ഇരട്ടിയായി... സാമ്പത്തിക ഉപദേശം നൽകാൻ ലൈസൻസ് കിട്ടിയവരെപ്പോലെയാണ് എല്ലാവരും പെരുമാറുന്നത്...’’ -ഓണമാഘോഷിക്കാനെത്തിയപ്പോൾ രോഷാകുലനായി കാണപ്പെട്ട ലോകബാങ്ക് ഉദ്യോഗസ്ഥനും എന്റെ ബന്ധുവുമായ ഒരു യുവാവിന്റെ വാക്കുകൾ കൗതുകത്തോടെ ഞാൻ കേൾക്കുകയായിരുന്നു.

പുതുതലമുറയ്ക്ക് ഒട്ടും സ്വീകാര്യമല്ലാത്തതും വിലകുറഞ്ഞതുമായി അനുഭവപ്പെടുന്ന ഒന്നാണ് ഉപദേശം... പ്രത്യേകിച്ച് സാമ്പത്തിക ഉപദേശങ്ങൾ. എന്നാൽ, പഴയ തലമുറയാകട്ടെ അത് സൗജന്യമായി എപ്പോഴും നൽകുന്നതിൽ ഏറെ ഉത്സുകരുമാണ്.

എന്തുകൊണ്ടാണ് പുതുതലമുറയ്ക്ക് ഇത് ഇത്രയേറെ അസ്വസ്ഥത ഉളവാക്കുന്നത്...? ഇക്കാര്യത്തിൽ രണ്ടുകൂട്ടരും തമ്മിലുള്ള ചിന്താരീതികളിലും മുൻഗണനകളിലും അഭിരുചികളിലുമുള്ള വ്യത്യാസമാണ് കാരണം. മുതിർന്ന തലമുറയും പുതുതലമുറയും തമ്മിൽ സാമ്പത്തിക സമാഹരണത്തിന്റെയും വിനിയോഗത്തിന്റെയും തലത്തിൽ വലിയ അന്തരമുണ്ട്.

വികസിതരാജ്യങ്ങളിൽ വ്യക്തിപരമായ സാമ്പത്തിക ഉപദേശകരുണ്ട്. എന്നാൽ, വികസ്വര രാജ്യങ്ങളിൽ സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും സർക്കാരിനുമൊക്കെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളുള്ളത്. ‘സാമ്പത്തിക ഉപദേശകർ’ എന്ന ഔദ്യോഗിക സംവിധാനവും പലരംഗത്തുമുണ്ട്. അവർ നയപരവും പ്രായോഗികവുമായ തീരുമാനങ്ങൾ എടുക്കാൻ ഈ സംവിധാനങ്ങളെ സഹായിക്കുന്നു. എന്നാൽ, വ്യക്തികളുടെ കാര്യത്തിൽ ഈ പദവി ഏറ്റെടുക്കുന്നത് കുടുംബത്തിലെ മറ്റ് ആളുകളാണ്. പ്രായം നൽകുന്ന അനുഭവസമ്പത്ത് കൈമുതലാക്കിക്കൊണ്ടാണ് ഇക്കൂട്ടർ ഇതിന് സന്നദ്ധരാവുന്നത്.

സാമ്പത്തികശാസ്ത്രത്തിൽ, പ്രത്യേകിച്ച് ‘ക്ഷേമ സാമ്പത്തികശാസ്ത്ര’ത്തിൽ ഒരുവൻ തീരുമാനങ്ങളും മുൻഗണനകളും എപ്രകാരം കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന സിദ്ധാന്തമാണ് ‘വ്യക്തിപരമായ പ്രിഫറൻസ്’ അഥവാ ‘മുൻഗണനാ സിദ്ധാന്തം’. സാമ്പത്തികശാസ്ത്രജ്ഞനായ ജോൺ റിച്ചാർഡ് ഹിക്സിന്റെ അഭിപ്രായത്തിൽ ‘വ്യക്തികളുടെ തിരഞ്ഞെടുപ്പുകൾ ശക്തവും തീവ്രവുമാകുമ്പോൾ ഒരു തിരഞ്ഞെടുപ്പ് മറ്റെല്ലാത്തിനെയും തള്ളിക്കളയുന്നു.’ ഇതിനെ ‘സ്‌ട്രോങ് ഓർഡറിങ്’ എന്ന പദമുപയോഗിച്ചാണ് അദ്ദേഹം വിശദമാക്കിയത്. ഇതനുസരിച്ച് തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നതും നയിക്കുന്നതും വിവിധ ആവശ്യങ്ങളുടെ നേരേ ഒരുവൻ കൈക്കൊള്ളുന്ന നിസ്സംഗതയല്ല, മറിച്ച് വ്യക്തതയാണെന്ന് അദ്ദേഹം സമർഥിക്കുന്നു. ഏറ്റെടുക്കുന്ന നിലപാടുകൾ മറ്റുള്ളവയെ പിന്നോട്ട് തള്ളുകയാണ് ചെയ്യുന്നത്.

സാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി ‘തിരഞ്ഞെടുപ്പിന്റെ ശാസ്ത്രം’ ആണ്. ‘ദുർലഭമായ വിഭവങ്ങളുടെയും അനന്തമായ ആഗ്രഹങ്ങളുടെയും മദ്ധ്യേ തിരഞ്ഞെടുക്കാനുള്ള കഴിവിനെ പ്രതിപാദിക്കുന്ന ശാസ്ത്രം’ ആയി സാമ്പത്തികശാസ്ത്രത്തെ ലയോണൽ റോബിൻസ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ നിർവചിക്കുന്നു.

ഒരുവന്റെ സാമ്പത്തിക തിരഞ്ഞെടുപ്പുകൾ, അവന്റെ ജീവിതരീതി നിർണയിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. വിവേകത്തോടും വിവേചനബുദ്ധിയോടും തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ കഴിവിന് മനുഷ്യചരിത്രത്തോളംതന്നെ പാരമ്പര്യമുണ്ട്. ഇതര ജീവജാലങ്ങളിൽനിന്ന് അവനെ വേർതിരിച്ചുനിർത്തുന്നതും കാര്യകാരണസഹിതം ചിന്തിക്കാനുള്ള കഴിവാണ്. മനുഷ്യൻ അടിസ്ഥാനപരമായി ‘റാഷണൽ’ അഥവാ ‘യുക്തിഭദ്രമായി ചിന്തിക്കുന്നവൻ’ ആണെന്നാണ് സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്നത്. ഇതിനെ സഹായിക്കുന്ന വിവിധങ്ങളായ ബാഹ്യഘടകങ്ങളെ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

ഉദാഹരണത്തിന്, നമ്മളെ ഉപദേശിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നവരാണെന്നും അവർ നമ്മുടെ നന്മമാത്രമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമായാൽ, അത് ഉൾക്കൊള്ളാനാവുന്നതാണെങ്കിൽ സ്വീകരിക്കുന്നത് നല്ലതാണ്.

സംരംഭകലോകം വളരുന്നതനുസരിച്ച് ബിസിനസ് കോച്ചുമാർ വർധിച്ചുവരികയാണ്. ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലുള്ള സാമ്പത്തിക ഉപദേഷ്ടാക്കളെ ആവശ്യവുമാണ്. അവർ അനുഭവവും പരിചയസമ്പത്തുമുള്ളവരാണെങ്കിൽ, നിശ്ചിതനിലയിലേക്ക് സംരംഭത്തെ വളർത്തി ഉയർത്താൻ തക്കവിധത്തിലുള്ള നിർദേശങ്ങൾ നൽകാൻ പ്രാപ്തരായിരിക്കും. സ്വത്ത്‌ പരിപാലനം പോലുള്ള വിഷയങ്ങളിലും ഓഹരിനിക്ഷേപത്തിലും അവർക്ക് വിപണിയെക്കുറിച്ച് കൂടുതൽ ധാരണയും വ്യക്തതയും ഉണ്ടാവും.

ഇവിടെ ശ്രദ്ധേയമായ കാര്യം, പണം ചെലവഴിക്കുന്ന കാര്യത്തിൽ തലമുറകൾ തമ്മിലുള്ള വ്യത്യാസമാണ്. വീട്, സ്ഥലം തുടങ്ങിയ വസ്തുവകകൾ വാങ്ങിക്കൂട്ടുന്നതിലാണ് പഴയ തലമുറ ശ്രദ്ധിച്ചിരുന്നതെങ്കിൽ, അനുഭവങ്ങൾക്കാണ് പുതുതലമുറ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ സംഗീതം, സിനിമ, വിനോദയാത്രകൾ, സൗഹൃദ സമ്മേളനങ്ങൾ എന്നിവയ്ക്ക് അവർ ഏറെ സമയവും പണവും മാറ്റിവയ്ക്കുന്നു. പരാജയങ്ങളെയും അവർ മുതൽക്കൂട്ടായി കരുതുന്നു.

സ്വന്തമായി വീട് ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന ചിന്തയും യുവതലമുറയിൽ വളരുകയാണ്... കാരണം, ഓരോ മൂന്ന്‌ വർഷത്തിനിടയിലും അവർ തൊഴിൽരംഗവും രാജ്യവും വിട്ടുമാറാൻ ആഗ്രഹിക്കുന്നതായാണ് സർവേകൾ ചൂണ്ടിക്കാണിക്കുന്നത്.

വ്യക്തിപരമായ സാമ്പത്തിക തീരുമാനങ്ങളെടുക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ബാഹ്യമായ സ്വാധീനങ്ങളെക്കാൾ, ആന്തരിക പ്രചോദനങ്ങൾക്കും സമാധാനത്തിനും പ്രാധാന്യം നൽകുക. കാരണം, നമ്മളെ മനസ്സിലാക്കുന്നത്‌ നമ്മൾ മാത്രമാണ്. മാത്രവുമല്ല, എടുക്കുന്ന തീരുമാനങ്ങളുടെ പരിണിതഫലവും ഒരുവൻതന്നെ സ്വയം നേരിടേണ്ടതുണ്ട്.

പരാജയങ്ങളിൽനിന്ന്‌ പഠിച്ച് ഉയർത്തെഴുന്നേൽക്കാനായാൽ വിജയിച്ചു. ലോകത്തിൽ സാമ്പത്തികമായി വളർന്നവരിൽ പലരും ആറാമിന്ദ്രിയമെന്ന്‌ വിളിക്കാവുന്ന ആന്തരികപ്രചോദനത്തെ പിന്തുടർന്നവരാണ്. ആർതർ പെൽപിസിന്റെ അഭിപ്രായത്തിൽ, ‘സാമ്പത്തികമായി മെച്ചപ്പെട്ടവരുടെ ഏറ്റവും വലിയ ആശ്വാസം സാമ്പത്തിക ഉപദേശകരിൽനിന്ന് രക്ഷപ്പെടാം എന്നതാണ്.’