രു ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന ബിസിനസുകാരനായിരുന്നു അഖിൽ. കുഞ്ഞുന്നാൾ മുതൽ വാഹനത്തോട് കമ്പമുണ്ടായിരുന്നു. ഗ്രാമത്തിലെ സമ്പന്നരുടെ കാറുകൾ അന്നേ ശ്രദ്ധിക്കുമായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം കാറാണ് പ്രതാപത്തിന്റെ മാനദണ്ഡം. പതുക്കെ സ്വന്തം ബിസിനസ് വളർന്നു  വലുതായപ്പോൾ മുന്തിയ വിലയുള്ള കാറുകൾ വാങ്ങി, ഫാൻസി നമ്പർ സംഘടിപ്പിച്ച് തന്റെ ഗ്രാമത്തിലൂടെ ഓടിക്കുന്നത് വലിയ കാര്യമായി കരുതി. 
 
പിന്നീട് ബിസിനസ് ആവശ്യത്തിന് മെട്രോ നഗരത്തിൽ താമസം തുടങ്ങി. അവിടെ എഴുത്തുകാരും ഉദ്യോഗസ്ഥരും പ്രശസ്തരുമായ അയൽക്കാർ തന്റെ കാറോ നമ്പരോ എന്താണെന്നു പോലും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ്  സമ്പത്തിന്റെ അളവുകോൽ വ്യത്യസ്തമാണെന്ന് അയാൾ മനസ്സിലാക്കുന്നത്. ഇക്കാര്യത്തിൽ നഗരങ്ങളിലെ കാഴ്ചപ്പാടും ഗ്രാമങ്ങളുമായി വ്യത്യാസമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. ‘സമ്പത്ത് എന്നത് പണം മാത്രമല്ല എന്നും അതിനുമപ്പുറം ചില ഘടകങ്ങളും കൂടി ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു’ എന്നും മനസ്സിലായി. 
 
സമ്പത്തിനെക്കുറിച്ചുള്ള മനുഷ്യന്റെ നിലപാടുകളും സമീപനങ്ങളും എന്നും സ്ഥലകാലഭേദമെന്യേ മാത്രമല്ല, ചരിത്രപരമായും പരിണാമ വ്യത്യാസങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. സമ്പത്തിന്റെ ചരിത്രത്തിന് ലോകചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. സമ്പത്ത് വളരെ വിപുലമായ അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. സമ്പത്തും പണവും രണ്ടാണ്, പരസ്പരബന്ധിതവും പൂരകവുമാണ്. ഒരാൾ പണക്കാരനായതുകൊണ്ട് മാത്രം സമ്പന്നനാവുന്നില്ല. പണവും ധനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക പ്രധാനപ്പെട്ടതാണ്. പണം സമ്പത്തിന്റെ ഒരു പ്രധാന ഘടകമാണ്.  

സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന ഉപജ്ഞാതാക്കളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ആഡം സ്മിത്ത് രചിച്ച ‘രാഷ്ട്രത്തിന്റെ സമ്പത്ത് - കാരണവും സ്വഭാവവും -ഒരു അന്വേഷണം’ എന്ന ഗ്രന്ഥത്തിൽ ഒരു അദൃശ്യകരത്തെക്കുറിച്ചുള്ള പരാമർശമുണ്ട്. എല്ലാ സാമ്പത്തിക പരിണാമങ്ങളും ഏതോ അദൃശ്യകരങ്ങളാൽ ചലിപ്പിക്കപ്പെടുന്നുവെന്നതിന് ചരിത്രവും സാക്ഷിയാണ്. വിവിധ കാലഘട്ടങ്ങളിലൂടെ സമ്പത്തിനെക്കുറിച്ചുള്ള വ്യത്യസ്ത കണക്കുകൂട്ടലുകളും ഉടലെടുത്തു. 
 
എന്താണ് സമ്പത്ത്?  പലതരത്തിലുള്ള വിഭജനങ്ങൾ സാമ്പത്തികശാസ്ത്രത്തിലുണ്ട്. ഉദാഹരണത്തിന്  മാനുഷിക മൂലധനം, മാനുഷികേതര മൂലധനം എന്നൊരു വിഭജനമുണ്ട്. ഒരാളുടെ സമ്പത്ത് നൈസർഗികമോ ആർജിതമോ ആവാം.  പൂർവികസ്വത്തോ സ്വയം നേടിയതുമാവാം.  കാർഷികം, കാർഷികേതരം, ഭൗതികമായി വസ്തുപരം, ഭൗതികവും വസ്തുപരവുമല്ലാത്തത് എന്നിങ്ങനെ വിഭജനങ്ങൾ നിരവധിയാണ്. 
 
മൃഗസമ്പത്ത് ഒരുവന്റെ സ്വത്തിന്റെ അളവുകോലായി പരിഗണിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ‘ബാർട്ടർ’ സമ്പ്രദായത്തിനു പകരം ‘പണം’ അഥവാ, ‘കറൻസി’യുടെ കണ്ടുപിടിത്തം സാമ്പത്തിന്റെ മാനദണ്ഡങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകി. പണം ഒരു വിനിമയമൂല്യമുള്ള പദാർത്ഥമായതിനാലും അതിനെ ശേഖരിക്കാനും കാത്തുസംരക്ഷിക്കാനും വളർത്താനും വിവിധ മാർഗങ്ങൾ കണ്ടെത്തിയതിനാലും കറൻസിക്ക് എന്നും മൂല്യമുണ്ട്. എന്നാൽ, അത് എപ്രകാരം, എവിടെ സമാഹരിക്കണമെന്നും ശേഖരിക്കണമെന്നുമുള്ള കാഴ്ചപ്പാടുകൾ ബാങ്കിങ് വ്യവസ്ഥയുമായി ചേർന്നാണിരിക്കുന്നത്. 

ഭൂമിയുടെ അളവ് ഒരു കാർഷിക സംസ്കാരത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സമ്പത്ത് നിർണയിക്കാൻ അത് ഉതകിയിരുന്നു. എന്നാൽ, നഗരങ്ങളിലെ അഞ്ചു സെന്റും മതിപ്പുവിലയിൽ തുല്യമായ സമ്പത്തായി പരിഗണിക്കപ്പെട്ടിരുന്നു. ഭൂമിയോടൊപ്പം കൂട്ടിച്ചേർക്കാവുന്ന സമ്പത്താണ് പ്രകൃതി.
 
പ്രകൃതിസംരക്ഷണവും സുസ്ഥിര വികസനവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പ്രകൃതിസമ്പത്തിനെ ആശ്രയിക്കാതെ മുന്നോട്ടുപോവാനാവില്ല. നശിച്ചുപോവാത്തതും ഈടുനിൽക്കുന്നതുമായ വസ്തുക്കളും സമ്പത്തിൽപ്പെടുന്നു. അതനുസരിച്ച് സ്വർണം നല്ലൊരു നിക്ഷേപമാർഗമായി എന്നും പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, വിലയിൽവരുന്ന മാറ്റമനുസരിച്ച് ഈ സാധ്യതയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു. എന്നിരുന്നാലും പെട്ടെന്ന് പണമാക്കി മാറ്റാമെന്നത് സ്വർണത്തിന്റെ നിക്ഷേപമൂല്യം വർധിപ്പിക്കുന്നു. 

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഏറ്റവും വലിയ ആർജിത സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. മനുഷ്യന്റെ മൂല്യം അവന്റെ നൈസർഗികവും ആർജിതവുമായ കഴിവുകളുടെ സമന്വയത്തിലാണ് ഉൾച്ചേർന്നിരിക്കുന്നത്. വിദ്യാഭ്യാസവും വിവരവും വിവേകവും വിനയവും ഒന്നിച്ച് സമഞ്ജസിച്ചിരിക്കുന്ന ചില വ്യക്തികളുടെ സാന്നിധ്യത്തിലായിരിക്കുമ്പോൾ അവർ എത്രയോ സമ്പന്നന്മാരാണെന്ന് തോന്നിപ്പോവുന്നു. 
 
‘ബന്ധുമിത്രാദികളാണ് എന്റെ ഏറ്റവും വലിയസമ്പത്ത്’ എന്നു പറയുന്നവരുണ്ട്. പ്രത്യേകിച്ച്, മക്കളെക്കുറിച്ച് പല മാതാപിതാക്കളും ഇപ്രകാരം അഭിമാനത്തോടെ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട്. 

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നത് ഏറെ സ്വീകരിക്കപ്പെട്ടതാണ്. ‘ശാരീരികവും മനസികവും വൈകാരികവുമായ സന്തുലിതാവസ്ഥയാണ് ആരോഗ്യം’ എന്ന്  ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിച്ചിരിക്കുന്നു. ആരോഗ്യം നിലനിർത്താനും പരിപാലിക്കാനും പണം ചെലവാക്കുന്നത് ജീവൻ ഏറ്റവും വലിയ സമ്പത്തായി പരിഗണിക്കുന്നതുകൊണ്ടാണ്.
 
ഓഹരിനിക്ഷേപങ്ങൾ ഈ കാലഘട്ടത്തിലെ        പണസ്രോതസ്സായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ളാനും (എസ്.ഐ.പി.) കാപ്പിറ്റൽ മാർക്കറ്റിന്റെ വളർച്ചയും ഈ മേഖലയ്ക്ക് ആക്കം കൂട്ടുന്നു. 

അന്തസ്സോടെയും മാന്യമായും ജീവിക്കാനാവുക ഏതൊരു വ്യക്തിയുടെയും അടിസ്ഥാന അവകാശവും സ്വപ്നവുമാണ്. അത് സ്ത്രീക്കും പുരുഷനും ഒരേ പോലെ ബാധകവുമാണ്. അതിന് രണ്ടുപേർക്കും സ്വന്തമായി വരുമാനമുണ്ടാവണം. അതിനാണ് തൊഴിൽ തേടുന്നത്. അപ്പോൾ ‘തൊഴിലാണ് സമ്പത്ത്’ എന്നും പറയാനാവും. 
 
ഇങ്ങനെ തികച്ചും വ്യക്തിപരമായി സമ്പത്തിന്റെ വിവിധ മാനങ്ങൾ നമുക്ക് കണ്ടെത്താനാവും. ‘സമ്പത്ത് സന്തോഷം തരുന്നുവെന്ന് മാത്രമല്ല, ദുരിതങ്ങളിൽ ആശ്വാസവുമാണ്‌’ എന്ന ഹെലൻ ഗുർലി ബ്രൗണിന്റെ അഭിപ്രായത്തെയും കൂട്ടിച്ചേർത്ത് വായിക്കാം.

drkochurani@gmail.com