ഭാരതത്തിന്റെ തനത് ഔഷധ പാരമ്പര്യത്തിന്റെ ഉത്പന്നമായ സൗന്ദര്യവര്‍ദ്ധകക്കൂട്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലോകപ്രശസ്തയായ വ്യക്തിയാണ് ഷഹനാസ് ഹുസൈന്‍. വിദേശനിര്‍മിത സൗന്ദര്യഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണി കീഴടക്കിയിരുന്ന മേഖലയിലാണ് ഷഹനാസ് തന്റെ പ്രകൃതിദത്തവും ആരോഗ്യസംരക്ഷണത്തിനുതകുന്നതുമായ ഉത്പന്നങ്ങളുമായി മത്സരിച്ച് മുന്നേറിയത്.

അടുക്കളയില്‍ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ പോഷകദായകം മാത്രമല്ല ത്വക്കിന്റെയും മുടിയുടേയും മറ്റും സംരക്ഷണത്തിനും ഉപകരിക്കും എന്ന കണ്ടെത്തലില്‍ നിന്നാണ് അവർ സൗന്ദര്യവിപ്ലവ ബിസിനസ്സിന് തുടക്കംകുറിച്ചത്.

ഭാരതത്തില്‍ ബ്യൂട്ടിപാര്‍ലര്‍ എന്ന സംരംഭത്തിന് തുടക്കം കുറിച്ച വനിതയാണ് ഷഹനാസ്. തന്റെ വീടിനോട് ചേര്‍ന്ന് ആരംഭിച്ച ചെറിയ ബ്യൂട്ടിക്ലിനിക് ഇന്ന് ആഗോളതലത്തില്‍ 138 രാജ്യങ്ങളിലായി നാന്നൂറിലധികം വിപണന ശാഖാകേന്ദ്രങ്ങളുമായി വളര്‍ന്നപ്പോള്‍, അനേകം സ്ത്രീകളുടേയും കുടുംബങ്ങളുടേയും ജീവിതമാര്‍ഗത്തിനും കൂടിയാണ് അവര്‍ തുടക്കമിട്ടത്. ബിസിനസ്സ് ലോകത്തുനിന്ന് വിവിധ അവാര്‍ഡുകള്‍ നേടിയ അവരെ ഭാരത സര്‍ക്കാര്‍ പന്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. സംരംഭകര്‍ക്ക് മാതൃകയാക്കാവുന്ന ധാരാളം സന്ദേശവും ആ ജീവിതത്തില്‍നിന്ന് സ്വീകരിക്കാവുന്നതാണ്.

തനിക്ക് വ്യക്തിപരവും അനന്യവുമായ ചില കഴിവുകളുണ്ടെന്ന കണ്ടെത്തലാണ് ഒരു സംരംഭകന് ആദ്യമായി ഉണ്ടാവേണ്ടത്. അറിവും അനുഭവവും കൈമുതലാക്കിക്കൊണ്ട്തന്നെ വേറിട്ട് ചിന്തിക്കാനും പുതിയ പാതകള്‍ വെട്ടിത്തുറക്കാനും സാധിക്കുമെന്ന ആന്മവിശ്വാസമുണ്ടാവുക എന്നതാണ് പ്രധാനപ്പെട്ടത്. സൗന്ദര്യസംരക്ഷണമെന്നതിനെ പുച്ഛത്തോടെ നോക്കിക്കൊണ്ടിരുന്നവരുടെ ഇടയിലേക്ക് ഒരു സംസ്‌കാരം തന്നെ സൃഷ്ടിക്കാന്‍ ബ്യൂട്ടി പാക്കേജിന് സാധിച്ചു.

തുടങ്ങാന്‍ പോവുന്ന സംരംഭത്തെക്കുറിച്ച് വ്യക്തമായ ഒരു ദര്‍ശനവും കാഴ്ചപ്പാടുമുള്ളവര്‍ക്ക് പണം ഒരു പ്രശ്നമേയല്ല. ഇന്ന് സ്വയംതൊഴില്‍ ചെയ്യാന്‍ പറ്റിയ വിവിധ വായ്പകള്‍ വ്യവസായകേന്ദ്രങ്ങളും ബാങ്കുകളും നല്‍കുന്നുണ്ട്. വെറും 35,000 രൂപ മുതല്‍മുടക്കില്‍ നിന്നാണ് സമാനതകളില്ലാത്ത ബ്രാന്‍ഡായി ഷഹനാസ് ഉത്പന്നങ്ങള്‍ മാറിയത്.

പുതുമയുള്ള ഉത്പന്നങ്ങളും അതിനനുയോജ്യമായ അനന്യവും വ്യതിരിക്തവുമായ വിപണനരീതികളും സൃഷ്ടിക്കുക എന്നതാണ് അടുത്തപടി. എല്ലാത്തിലും സ്വന്തം കൈയൊപ്പ് പതിയണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഈ രംഗത്ത് മാറ്റുരയ്ക്കാനായി ഷഹനാസ് ട്രെയിനിങ് അക്കാദമി തുടങ്ങി. അങ്ങനെ ധാരാളം പ്രൊഫഷണല്‍സിനെ സൃഷ്ടിച്ചു. മറ്റുള്ളവര്‍ ചെയ്തുതരട്ടെ എന്ന് വിചാരിച്ചിരിക്കാതെ എല്ലാ മേഖലയിലും കണ്ണും കാതുമെത്തുക എന്നതാണ് സംരംഭവിജയത്തിന്റെ സമവാക്യം.

നിശ്ചയദാര്‍ഢ്യത്തോടൊപ്പം സ്ഥിരോത്സാഹവും സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഷഹനാസ് ഉത്പന്നങ്ങള്‍ക്കായി മാത്രം കാത്തിരിക്കുന്ന അവസ്ഥവരെ വിപണിയില്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആയുര്‍വേദത്തിന്റെ കരുത്തും തനിമയും ഉപയോഗിച്ച് ‘കെയര്‍ ആന്‍ഡ് ക്യുര്‍’ എന്ന തന്റെ ശൈലിക്കായി നിരന്തരം അദ്ധ്വാനിച്ച് ഒരേ പേരില്‍ത്തന്നെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താനും ശ്രമിച്ചത് മറ്റ് സംരംഭകര്‍ക്ക് മാതൃകയാണ്.

സ്ത്രീയ്ക്ക് കുടുംബം എന്നും ഏറെ പ്രിയപ്പെട്ടതാണ്. കുടുംബത്തിനുവേണ്ടി കരിയറിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റുന്നത് പലപ്പോഴും സ്ത്രീതന്നെയാണ്. എന്നാല്‍ തന്റെ കുടുംബാംഗങ്ങളേയും കൂടെനിര്‍ത്തി മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റിയ സംരംഭമാണിത്. അത് പാക്കേജിലും വിപണനത്തിലും പരസ്യത്തിലും ഒക്കെ സാധ്യവുമാണ്. ഒരു സ്ത്രീയുടെ ജീവിതരീതിക്ക് അനുയോജ്യമായ സമയക്രമീകരണം ഈ രംഗത്ത് സാധ്യവുമാണ്.

ബ്യൂട്ടിപാര്‍ലര്‍ എന്ന് പറഞ്ഞാല്‍ ഉടന്‍ അത് സ്ത്രീകളുടെ കാര്യം എന്ന് ചിന്തിച്ചിരുന്ന അവസ്ഥയ്ക്ക് ഇന്ന് മാറ്റംവന്നു. ഇപ്പോള്‍ പുരുഷന്മാര്‍ക്ക് മാത്രമായി ധാരാളം ജെന്റ്‌സ് ബ്യൂട്ടിപാര്‍ലറുകള്‍ എല്ലായിടത്തും ഉണ്ട്. പലയിടത്തും നല്ല തിരക്കുമാണ്. മുടിവെട്ടുന്നതുമുതല്‍ ഫേഷ്യല്‍ പോലുള്ള വിവിധ പാക്കേജുകള്‍ അവിടെയും ലഭ്യമാണ്.

ഇന്ന് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ വിപണി വളര്‍ന്നുവരുന്ന വലിയ വ്യവസായമാണ്. കോസ് മെറ്റിക് തെറാപ്പി, കോസ്‌മെറ്റോളജി എന്നിവ ഈ മേഖലയില്‍ വികസിക്കുന്ന സൗന്ദര്യപഠന ശാസ്ത്രീയശാഖകളാണ്. ഗവേഷണത്തിനും പേറ്റന്റിനും ഉതകുന്ന തരത്തില്‍ വിപുലപ്പെടുത്താന്‍ ധാരാളം പ്രതിഭകളെ ആവശ്യമുണ്ട്.

ആന്തരികസൗന്ദര്യമാണ് ശാരീരിക സൗന്ദര്യത്തേക്കാളും വലുത്. എന്നിരുന്നാലും ഞാന്‍ എന്റെ കണ്‍പീലികളില്‍ അല്‍പം മസ്‌കാര പുരട്ടുന്നത് നിങ്ങള്‍ക്കിഷ്ടമില്ലെങ്കിലും എനിക്കിഷ്ടമാണ് എന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവുമോ? സൗന്ദര്യസംരക്ഷണത്തില്‍നിന്ന് ലഭിക്കുന്ന ആന്മവിശ്വാസം വളരെ വലുതാണ്. ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ല, മെനക്കെടാറുമില്ല എന്ന് പറയുന്നവരും ഡ്രസ് ചെയ്തുകഴിഞ്ഞ് കണ്ണാടിയില്‍ രണ്ടുവട്ടം നോക്കും. ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയാല്‍ അതില്‍ താന്‍ എങ്ങനെയുണ്ടെന്ന് ആദ്യംതന്നെ നോക്കും, എന്നിട്ടേ ബാക്കി എല്ലാവരേയും നോക്കുകയുള്ളു. തന്റേത് ശരിയായില്ല എന്ന് കണ്ടാല്‍ അതിന്റെ കോപ്പിതന്നെ വേണ്ടെന്ന് വയ്ക്കും.

തൊലിപ്പുറത്തുള്ള അമിതമായ ആഡംബരം ആന്തരികശൂന്യതയെയാണ് വിളിച്ചറിയിക്കുന്നതെന്ന് പറയാറുണ്ട്. എന്നാല്‍ ചെറിയ സൗന്ദര്യസ്പര്‍ശനം, ഉള്ള സൗന്ദര്യത്തെ കൂടുതല്‍ തേജസ്സുറ്റതാക്കും. മഞ്ഞള്‍, തേന്‍ തുടങ്ങിയ പാരമ്പര്യഔഷധങ്ങളുടെ വിവിധ കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ ചര്‍മം, കേശം, കണ്ണ്, കൈകാലുകള്‍ എന്നിവയുടെ സംരക്ഷണത്തിന് വളരെ ഉപകാരമാണ്.

ആത്യന്തികമായി മേക്ക്അപ്പ് എന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഷഹനാസിന്റെ വാക്കുകളില്‍ ‘കേവലം ഉത്പന്നങ്ങളല്ല, ഒരു സംസ്കാരം തന്നെയാണ് ഞാന്‍ പാക്ക് ചെയ്തുനല്‍കുന്നത്.’