കോളേജ് ഉദ്യോഗസ്ഥനായ സിജന്‍ മക്കളെയും കൊണ്ട് അവധിദിവസങ്ങളില്‍ പാര്‍ക്കില്‍ പോവുക പതിവാണ്. വിവിധ നിറങ്ങളിലുള്ള ബലൂണുകളും മറ്റ് കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരുടെ അടുക്കല്‍നിന്ന് എന്തെങ്കിലും വാങ്ങിക്കാന്‍ മക്കള്‍

വാശിപിടിക്കുമായിരുന്നു. പലപ്പോഴും സിജന്‍ മക്കളെ ഇത്തരം വസ്തുക്കള്‍ വാങ്ങുന്നതില്‍നിന്ന്‌ നിരുത്സാഹപ്പെടുത്തുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു കുടുംബം നടത്തുന്ന കളിപ്പാട്ടക്കച്ചവടം ശ്രദ്ധയില്‍പ്പെട്ടു. ഏഴു വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും അവളുടെ മാതാപിതാക്കളുമായിരുന്നു കച്ചവടം നടത്തിയിരുന്നത്. ആ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ബലൂണ്‍ വാങ്ങിത്തരണമെന്ന് മക്കള്‍ ആവശ്യപ്പെട്ടു. തന്റെ മക്കള്‍ക്ക് അത് കേവലം ഒരു കളിപ്പാട്ടമാണ് എന്നാല്‍, ആ കുട്ടിക്കോ അത് അന്നം അഥവാ, ചോറാണ്. ഈ ചിന്ത അത് വാങ്ങിക്കൊടുക്കാന്‍ തനിക്ക് പ്രേരകമായി എന്ന് സിജന്‍ എന്നോട് ഒരിക്കല്‍ പറയുകയുണ്ടായി.

സാധാരണയായി എല്ലാവരും തെരുവോര ക്കച്ചവടക്കാരുടെ അടുക്കല്‍ വിലപേശും. എന്നിട്ട് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങും. വലിയ ലാഭമൊന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒന്ന് വിറ്റുപോവട്ടെ എന്നു വിചാരിച്ച് പലരും പറഞ്ഞ വിലയ്ക്ക് വില്‍ക്കും. പേശുന്നവര്‍ക്ക് സന്തോഷമാവുകയും പിന്നീട് അത് മറ്റുള്ളവരോട് പറഞ്ഞ്‌ സന്തോഷം ഇരട്ടിയാക്കുകയും ചെയ്യും. എന്നാല്‍, ഇവര്‍തന്നെ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കയറി അതില്‍ എഴുതിവച്ചിരിക്കുന്ന വിലയ്ക്ക് സാധനങ്ങള്‍ മേടിക്കും.

നിവൃത്തിയുണ്ടെങ്കില്‍ വഴിയോരക്കച്ചവടക്കാരോട് പേശരുത്. കാരണം, അവരില്‍ പലരും അന്നന്നേക്കുള്ള ജീവിതമാര്‍ഗം തേടുന്നവരാണ്. സ്വന്തമായി ഒരു കടയെടുത്ത് കച്ചവടം തുടങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തവരാണ്. അവര്‍ വില കൂട്ടിയാണ് പറയുന്നത് എന്ന ന്യായം പലരും പറയാറുണ്ട്. എന്നാല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉത്‌പാദനച്ചെലവും വിതരണച്ചെലവും എ.സി. പോലുള്ള സംവിധാനങ്ങളുടെ ചെലവും അതിന്റെ കൂടെ അമിതലാഭവും എടുക്കുന്നത് നമ്മള്‍ സൗകര്യപൂര്‍വം മറക്കുന്നു.

വന്‍കിട കച്ചവടക്കാർ ചെറുകിട കച്ചവടക്കാരെ വിപണിയില്‍നിന്ന് തൂത്തെറിയുന്ന പ്രതിഭാസവുമുണ്ട്. വഴിയോരക്കച്ചവടക്കാര്‍ ചെറുകിടക്കച്ചവടകാര്‍ക്ക് ഭീഷണിയാണ്. എന്നാല്‍ അവരുടെ സാധനങ്ങള്‍ ഇവരിലൂടെ വിറ്റഴിക്കപ്പെടുന്നു. ആ രീതിയിലുള്ള കച്ചവടം ഇവര്‍ക്ക് പ്രോത്സാഹനവുമാണ്. സംഘടിതമേഖലയില്‍നിന്ന് സാധനം മേടിച്ച് അവരുടെ ഏജന്റായി വഴിയോരത്ത് വില്‍ക്കുന്നവരുമുണ്ട്.

വഴിയോരക്കച്ചവടം ലോകമെമ്പാടും നമുക്ക് കാണാന്‍ സാധിക്കുന്ന ആഗോള പ്രതിഭാസമാണ്. അത് പഴവര്‍ഗങ്ങള്‍ പച്ചക്കറികള്‍, ഭക്ഷണസാമഗ്രികള്‍, തുണിത്തരങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്‌ട്രോണിക് ഉത്‌പന്നങ്ങള്‍ എന്നിങ്ങനെ വിവിധതരത്തില്‍ നിലവിലുണ്ട്. ബാങ്കോക്കിലാണ്‌ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് അവിടം രാവും പകലും ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്ന സ്ഥലമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭാരതത്തില്‍ ഏകദേശം 10 മില്യണ്‍ തെരുവോരക്കച്ചവടക്കാരുണ്ട്. നഗര ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പിന്റെ കണക്കനുസരിച്ച് മുബൈയില്‍ 2,5000 ഡല്‍ഹിയില്‍ 4,50,000, കൊൽക്കത്തയില്‍ 1,50,000-ലധികം, അഹമ്മദാബാദില്‍ 1,00,000 എന്നിങ്ങനെ അവരുടെ എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. ഏഷ്യ-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നഗരജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി ഇവര്‍ മാറിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍ പച്ചക്കറിയോ മീനോ മറ്റ് ഭക്ഷ്യ ഉത്‌പന്നങ്ങളോ ആണെങ്കില്‍, നഗരങ്ങളില്‍ വിദേശനിര്‍മിത വസ്തുക്കള്‍ വരെ ഇവരുടെ കൈവശം വില്‍പ്പനയ്ക്കായി ഉണ്ട്.

അസംഘടിത തൊഴിലാളികളുടെ ജീവിതമാര്‍ഗവും വരുമാനവും സാമ്പത്തികശാസ്ത്ര വിഷയമാണ്. നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്്. പക്ഷേ, കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, ഈ മേഖലയിലേക്കുള്ള കടന്നുവരവും അവസാനിപ്പിക്കലും ഏതു സമയത്തും ആവാമെന്നതും കൃത്യമായ വിറ്റവരവ് കണക്കുകള്‍ രേഖപ്പെടുത്താത്തതും വസ്തുക്കള്‍ വിപണി അധിഷ്ഠിത കണക്കുകളില്‍ എഴുതപ്പെടുത്താത്തതും അതിനാല്‍ത്തന്നെ, ദേശീയവരുമാനത്തില്‍ പരിഗണിക്കാത്തതും ഒക്കെ ഈ മേഖലയിലെ പഠനം നേരിടുന്ന പ്രശ്നങ്ങളാണ്.

ചെറിയ വരുമാനം മുതല്‍ വന്‍തോതില്‍ വിറ്റുവരവുള്ള വര്‍ണാഭമായി നടത്തപ്പെടുന്ന കച്ചവടത്തെരുവുകളും ഉണ്ട്്. തൊഴില്‍ നിശ്ചിത സമയബന്ധിതമല്ലാത്തതും സ്വന്തമായി പാര്‍പ്പിടമോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതും ഈ രംഗത്തേക്കുള്ള കടന്നുവരവിനെ ത്വരിതപ്പെടുത്തുന്നു. പ്രത്യേക വാടകയോ അനുബന്ധ ചെലവുകളോ ഇല്ലാത്തതും സാധനങ്ങള്‍ക്ക് വളരെ വിലക്കുറവുള്ളതിനാലും നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സ്ഥലങ്ങളായി പരിണമിക്കപ്പെടുന്നവയും ഉണ്ട്. ക്രെഡിറ്റ് കാര്‍ഡുകളെ ഭയക്കാതെ ഷോപ്പിങ് നടത്താനാവുമെന്നതും സവിശേഷതയാണ്.

ഈ മേഖലയില്‍ ഉള്ളവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ജീവിതമാര്‍ഗം ക്രമപ്പെടുത്തുന്നതിനുമായി 2014-ല്‍ ‘പ്രൊട്ടക്ഷന്‍ ഓഫ് ലൈവ്‌ലിഹുഡ് ആൻഡ്‌ റെഗുലേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍ഡിങ് ആക്ട്’ പാര്‍ലമെന്റ് പാസാക്കി. പൊതുഇടങ്ങളിലെ താമസത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും സഹായിക്കുന്ന നിയമമാണിത്. ഇതനുസരിച്ച് നിശ്ചിത പ്രദേശങ്ങളോ മേഖലകളോ ഇവര്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊഴില്‍ സുരക്ഷിതത്വവും മറ്റ് ആനുകൂല്യങ്ങളും അസംഘടിത മേഖലയായതുകൊണ്ട് പലപ്പോഴും ഇവര്‍ക്ക് ലഭ്യമല്ല.

മിക്കവാറും എല്ലാ തെരുവോരക്കച്ചവടക്കാരും അവരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഭക്ഷണത്തിനുള്ള ജീവിതമാര്‍ഗമായിട്ടാണ് ഈ തൊഴില്‍ ചെയ്യുന്നത്. ഷോപ്പിങ് മാളുകള്‍ കെട്ടിപ്പൊക്കാനല്ല, അതുകൊണ്ടുതന്നെ അവരില്‍ പലരും നമ്മുടെ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരാണ്.