മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെയും അനുകൂലമായും വാദഗതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യത്തിലുള്ള രാഷ്ട്രീയ സമ്പദ്ശാസ്ത്രം കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കണം.
ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാല്‍ അത് എത്ര ബുദ്ധിമുട്ടിയും ചെയ്തുകൊടുക്കാന്‍ ശ്രമിക്കുന്ന ഒരു മനോഭാവം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടെന്ന് അദ്ദേഹത്തിനെ അടുത്തറിയാവുന്ന ഒരാള്‍ എന്നോട് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ആ മനോഭാവത്തെ ഞാന്‍ ബഹുമാനിക്കുന്നു.
ഓരോ സമ്പര്‍ക്ക പരിപാടിയിലും ആയിരക്കണക്കിന് ആളുകളാണ് സര്‍ക്കാരില്‍ നിന്നും വ്യക്തിഗത സഹായം അഭ്യര്‍ഥിച്ച് എത്തുന്നത്. ഈ സ്ഥിതിയില്‍ അവരെ സഹായിക്കാന്‍ ആയിരിക്കും രാഷ്ട്രീയക്കാരുടെ സ്വാഭാവിക പ്രേരണ. അതിന് അവരെ കുറ്റം പറയാന്‍ കഴിയില്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കൂടുതല്‍ ജനങ്ങള്‍ രാഷ്ട്രീയ ക്കാരില്‍ നിന്നും വ്യക്തിഗത സഹായങ്ങള്‍ ആവശ്യപെട്ടിരുന്നിരിക്കാം. ആശ്രിത വല്‍സലരായ രാഷ്ട്രീയക്കാരെ ആയിരിക്കും ജനം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. അങ്ങനെ ഉള്ളവര്‍ അല്ലാത്ത ചിലര്‍ (ഉദാ: എ.കെ.ആന്റണി) ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പിന്നില്‍ ചില ആശ്രിത വല്‍സലര്‍ (ഉദാ: ഉമ്മന്‍ചാണ്ടി) പ്രവര്‍ത്തിച്ചിരിക്കാം.
ഇതൊക്കെയാണെങ്കിലും ഈ സമ്പര്‍ക്ക പരിപാടി എന്നെപ്പോലെയൊരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിക്ക് ആശങ്കകള്‍ നല്കുന്നു. സഹായം ചോദിച്ചു വരുന്നവരെ മുഖ്യമന്ത്രി സഹായിക്കേണ്ടതില്ല എന്ന ഒരു നിലപാടില്‍ നിന്നല്ല ഈ ആശങ്കകള്‍ ഉണ്ടാകുന്നത്.
1. ഈ പരിപാടിയുടെ ജനകീയത സൂചിപ്പിക്കുന്നത് ഇത്തരം സഹായം ആവശ്യമുള്ള പതിനായിരക്കണക്കിന് (അല്ലെങ്കില്‍ ലക്ഷക്കണക്കിന്) ജനങ്ങള്‍ കേരളത്തിലുണ്ട് എന്നതാണ്.
2. കേരളത്തില്‍ നിലവിലുണ്ട് എന്ന് നാം കരുതുന്ന സാമൂഹ്യ ക്ഷേമ പരിപാടികള്‍ ഇവരുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല.
3. ഇങ്ങനെ സഹായം അഭ്യര്‍ഥിച്ചു വരുന്നവരില്‍ നല്ലൊരു പങ്ക് ആളുകള്‍ സാങ്കേതിക രീതിയില്‍ ദരിദ്രരല്ല. അല്ലെങ്കില്‍ കേരളത്തില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ ദരിദ്രരാകുന്നു. കടുത്ത രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍, വ്യത്യസ്ത ശാരീരിക ശേഷി ഉള്ളവര്‍ , സഹായിക്കാന്‍ ആണുങ്ങള്‍ ഇല്ലാത്ത വീട്ടുകാര്‍ , വൃദ്ധര്‍ , ഗള്‍ഫില്‍ പോയി തട്ടിപ്പിന് ഇരയായവര്‍ (അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ ) തുടങ്ങിയവരൊക്കെ ഇവരില്‍പ്പെടാ. ഇവരുടെ ആവശ്യങ്ങള്‍ ഉള്‍കൊള്ളാന്‍ നമ്മുടെ സാമ്പ്രദായിക ക്ഷേമ പരിപാടികള്‍ക്ക് കഴിയുന്നില്ല.
4. ഇത്രയൊക്കെ വികേന്ദ്രീകരണം നടന്നിട്ടും കേരളത്തില്‍ സര്‍ക്കാര്‍ ജനങ്ങളുടെ അടുത്തെത്തിയിട്ടില്ല. പാറശ്ശാലയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ടാലേ ഒരു രോഗിക്ക് വേണ്ട സഹായം കിട്ടൂ.
ഇവയൊന്നും 'വികസനവും കരുതലും' ഉള്ള സമൂഹത്തിന്റെ ലക്ഷണങ്ങള്‍ അല്ല. മനുഷ്യസ്‌നേഹിയായ നമ്മുടെ മുഖ്യ മന്ത്രിയുടെ ശ്രദ്ധ ഇക്കാര്യങ്ങളിലേക്കു കൂടി തിരിയുമെന്നു നമുക്ക് പ്രത്യാശിക്കാം.
ജനസമ്പര്‍ക്ക പരിപാടി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍