
എനിക്ക് ബിജെപിയുടെ മതാധിഷ്ടിതമായ സാമൂഹ്യ നിലപാടുകളോട് യോജിപ്പില്ല. എന്നിരിക്കിലും നരേന്ദ്ര മോദി കൈവരിച്ചിരിക്കുന്ന വിജയത്തിന്റെ പ്രാധാന്യം അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.
നേരത്തെ ഒരു കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഒരു മുന്നണിയെ തോല്‍പ്പിച്ചു പ്രതിപക്ഷത്തെ അധികാരത്തില്‍ കൊണ്ടുവരുന്നത് ഒരു ജനാധിപത്യ പ്രക്രിയയില്‍ സ്വാഭാവികമാണ്. കേരളത്തില്‍ ഇത് നമ്മള്‍ സാധാരണ കാണുന്ന കാര്യമാണ്. ഇന്ത്യന്‍ ജനാധിപത്യവും കേരളത്തിലേത് പോലെ ആഴത്തിലുതാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.
കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൊണ്ട് നല്ലൊരു പങ്ക് ജനങ്ങള്‍ മധ്യവര്‍ഗക്കാരോ അതിനടുത്തോ ആയിട്ടുണ്ട്. അവര്‍ വലിയ അഴിമതി ഇല്ലാത്ത കാര്യങ്ങള്‍ വേഗത്തില്‍ നീക്കാന്‍ കഴിയുന്ന ഒരു ഭരണകൂടത്തെ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ നരേന്ദ്ര മോദിക്ക് കുറച്ചു കൂടി വിശ്വാസ്യതയുണ്ട്. ഇതും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച ഘടകമാണ്.

കഴിഞ്ഞ കുറെക്കാലമായി ഇന്ത്യ മുന്നണി ഭരണത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു എങ്കില്‍ അതില്‍ നിന്നുള്ള മോചനമാണ് ഇപ്പോഴത്തെ ഫലം. പ്രധാനമന്ത്രിക്കു താന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ നടത്താന്‍ കഴിയും.
ഇതൊക്കെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുഗുണമായ നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കും. അടുത്ത അഞ്ചുപത്തു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉയര്‍ന്ന തലത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റിയ സമയം ഇതാണ്. കോണ്‍ഗ്രസ് മന്‍മോഹന്‍സിംഗ് സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ എത്ര ആത്മാര്‍ഥത കാണിച്ചാലും ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാകിസ്താനുമായി നല്ല ബന്ധം ബുദ്ധിമുട്ടാണ്. നിക്‌സന്‍ എന്തുകൊണ്ട് ചൈനയില്‍ പോയി എന്ന പ്രസിദ്ധമായ ഒരുപുസ്തകമുണ്ട്. കമ്പോള അടിസ്ഥാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിശ്വാസ്യതയോടെ നടപ്പാക്കാന്‍ ഇടതുപക്ഷത്തിനാണ് കഴിയുക. ഒരു കാര്യം സമൂഹത്തിന്റെ പിന്തുണയോടെ ചെയ്യാന്‍ കഴിയുന്നത് അതിനെ ശക്തമായി എതിര്‍ത്തിരുന്നവര്‍ക്കായിരിക്കും. മോദി പാകിസ്താനുമായി ബന്ധം സ്ഥാപിച്ചാല്‍ അതിനെ ഇന്ത്യയിലെ കടുത്ത പാകിസ്താന്‍ വിരുദ്ധര്‍ക്ക് (പ്രത്യേകിച്ച് ഹൈന്ദവ വാദികള്‍ക്ക്) എതിര്‍ക്കാന്‍ ബുദ്ധിമുട്ടാകും.
ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനും താരതമ്യേന എളുപ്പമാണ്. കൊണ്‍ഗ്രസ്സ് ഒരു കടുത്ത ദേശീയവാദി പാര്‍ട്ടിയല്ല. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് തുനിഞ്ഞാല്‍ അതിനെ കടുത്ത ദേശീയവാദികള്‍ എതിര്‍ക്കും. ഇക്കാര്യത്തിലും മോദിക്ക് അനുകൂല സാഹചര്യമാണ്.
പാകിസ്താനുമായും ചൈനയുമായും നല്ല ബന്ധമുണ്ടാക്കുന്നത് കച്ചവടത്തിനും വ്യവസായത്തിനും നല്ലതാണെന്ന് അഭിപ്രായമുണ്ടായാല്‍ ഇക്കാര്യങ്ങളില്‍ അനുകൂല നടപടി ഉണ്ടാകും
മതപരമായ, സാമൂഹ്യ കാര്യങ്ങളില്‍ പിന്തിരിപ്പന്‍ നടപടികള്‍ ഉണ്ടായേക്കാം. ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അരക്ഷിതാവസ്ത അവര്‍ക്കും മറ്റുള്ളവര്‍ക്കും ദോഷകരമാകും. ബീഫു വളരെ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവര്‍ ആശങ്കാകുലരാണ്. പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ തീവ്ര നിലപാടുകളുള്ള കക്ഷികള്‍ അല്ലെങ്കില്‍ വ്യക്തികള്‍ അധികാരത്തില്‍ എത്തുമ്പോള്‍ അത്തരം നിലപാടുകള്‍ മയപ്പെടുന്നതായാണ് സാധാരണ കാണുന്നത്. ഇക്കാര്യം കാത്തിരുന്നു കാണേണ്ടതുണ്ട്.
മോദിയുടെ ഇതുവരെയുള്ള നിലപാടുകള്‍ കാര്യമായ വ്യക്തിഗത അഴിമതിയില്ലാത്ത കാര്യക്ഷമമായ ചങ്ങാത്ത മുതലാളിത്തതിനു അനുഗുണം ആണ്. ഇത് സാമ്പത്തികവളര്‍ച്ചയെ താല്‍കാലികമായി സഹായിച്ചാലും അത് സമഗ്ര വികസനത്തെ സഹായിക്കില്ല. അതിനു എല്ലാവര്‍ക്കും വിദ്യാഭ്യാസവും വ്യാപകമായ സാമൂഹ്യ സുരക്ഷാ പദ്ധതികളും വേണം. ഇക്കാര്യത്തില്‍ മോദിയുടെ നിലപാടുകള്‍ അറിയേണ്ടതുണ്ട് ഏതായാലും ആകാംക്ഷയോടെ, ആശങ്കയോടെ കാത്തിരിക്കേണ്ട നാളുകളാണ് വരാന്‍ പോകുന്നത്.

കേരളത്തിലെ ഫലത്തെ കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ച കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. എല്‍ ഡി എഫിനും ബിജെപിക്കും കൂടി 51 ശതമാനം വോട്ടു കിട്ടിയപ്പോള്‍ യു ഡി എഫിനും കിട്ടിയത് 42 ശതമാനം. യു പി എ ക്കെതിരായ വികാരത്തിന് ശക്തിയുണ്ടെങ്കിലും അത് എല്‍ ഡി എഫിനും ബിജെപിക്കുമായി വിഭജിച്ച് പോയതുകൊണ്ട് യു ഡി എഫിന് കാര്യമായ ക്ഷതം സംഭവിച്ചില്ല.
ഈ സ്ഥിതി ഇനിയും സങ്കീര്‍ണമാകും. ന്യൂനപക്ഷങ്ങള്‍ ഭൂരിഭാഗവും ഐക്യജനാധിപത്യ മുന്നണിയോടൊപ്പം നില്‍കുമ്പോള്‍ ബിജെപി പിടിക്കുന്ന അധിക വോട്ടുകള്‍ ഇടതുപക്ഷത്തെ ബാധിക്കും. ഇടതുപക്ഷത്തിന്റെ ചില വോട്ടര്‍മാര്‍ മോദിയുടെ സാമ്പത്തിക നയങ്ങളില്‍ ആകൃഷ്ടരാകുന്ന സ്ഥിതിയാണുള്ളത്. ഇത് കേരളത്തിലെ മാറുന്ന സാമൂഹ്യ സാമ്പത്തിക മാറ്റത്തിന്റെ സൂചനയാണ്. ഇവയൊക്കെ ഇടതുപക്ഷത്തിനു കടുത്ത വെല്ലുവിളി ഉയര്‍ത്തും.