ഇടത്തരക്കാര്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകളിലെ സാമ്പത്തിക ഉപദേശകരുടെ സഹായം തേടാറുണ്ട്. മുഖ്യമായും നാലു ചെലവുകള്‍ക്കായിട്ടാണ് നമ്മുടെ നാട്ടിലെ ഇടത്തരക്കാര്‍ നിക്ഷേപിക്കുന്നത്: വീട് വെയ്ക്കാന്‍, കുട്ടികളെ പഠിപ്പിക്കാന്‍, പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കാന്‍, റിട്ടയര്‍ ചെയ്തതിനു ശേഷമുള്ള ജീവിതം നയിക്കാന്‍. ഇവയെക്കുറിച്ച് അല്പം ചിന്തിക്കുന്നത് നന്നായിരിക്കും.
ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും (ഉദാഹരണത്തിന് കേരളത്തില്‍) ഒരു വീട് വാങ്ങുന്നതിനു വേണ്ടിവരുന്ന പണം ബാങ്കിലിട്ടാല്‍ കിട്ടുന്ന പലിശയേക്കാള്‍ വളരെ കുറവാണ് അതേ വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത്. ഒരു വീടിന്റെ ഉപയോഗത്തിലൂടെ കിട്ടുന്ന വരുമാനമല്ല അതിന്റെ വില നിശ്ചയിക്കുന്നത് (കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനമല്ല കൃഷി സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നത് എന്ന പോലെ). ഒരു സ്ഥലത്ത് താമസിക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഉള്ളതെങ്കില്‍ വീട് വാടകയ്ക്ക് എടുക്കുന്നതാകും ഉചിതം. അതുകൊണ്ട് സ്വന്തം വീട് വേണ്ട എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നമ്മള്‍ സ്വന്തം വീടുണ്ടാക്കുന്നത് മറ്റു പലതിനും കൂടിയാണ്. വരുമാനമില്ലാതാകുമ്പോള്‍ ജീവിക്കാനുള്ള സ്ഥലം, ഭാവിയില്‍ കൂടുതല്‍ വരുമാനം കിട്ടാവുന്ന ഒരു നിക്ഷേപം തുടങ്ങിയവക്കായി നാം വീട് വാങ്ങുന്നു. പക്ഷേ എന്താവശ്യതിനായിട്ടാണ് ഈ നിക്ഷേപം നടത്തുന്നത് എന്ന് അല്പം കൂടി ആലോചിച്ചു തീരുമാനമെടുക്കുന്നത് നന്നായിരിക്കും. വരുമാനമില്ലാത്തപ്പോള്‍ ജീവിക്കാനുള്ള ഇടമായിട്ടാണെങ്കില്‍ ഒരു വീട് മതി (സ്വന്തമായിട്ട്). നിക്ഷേപമായിട്ടാണെങ്കില്‍ മറ്റു നിക്ഷേപമാര്‍ഗങ്ങള്‍ കൂടി പരിശോധിച്ച് ഏറ്റവും ഉചിതമായ നിക്ഷേപം വീടാണെങ്കില്‍ മാത്രം വാങ്ങണം. ഭാവിയില്‍ വില കൂടുമ്പോള്‍ വിറ്റു വരുമാനം നേടാനാണെങ്കില്‍ സ്ഥലം മാത്രമായിരിക്കും നല്ലത് (വീടിനു മൂല്യം കുറയാന്‍ ഇടയുണ്ട്). മകള്‍ക്ക് കല്യാണം കഴിച്ചു ജീവിക്കാന്‍ വീട് വച്ചാല്‍ ഉപയോഗപ്പെടാതെ പോകാന്‍ ഇടയുണ്ട്. അടുത്ത തലമുറ എവിടെ ജീവിക്കുമെന്നതില്‍ ഏറെ അനിശ്ചിതത്വം ഉണ്ട്.
ചുരുക്കത്തില്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കാതെ തനിക്കു ഏറ്റവും അനുഗുണം ഏതാണ് എന്ന് ചിന്തിച്ചു വേണം തീരുമാനമെടുക്കാന്‍.
കുട്ടികളെ പഠിപ്പിക്കണം. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മൂലധനം വിദ്യാഭ്യാസമാണ് (കാശുള്ള മാതാപിതാക്കളുടെ വിദ്യാഭ്യാസമില്ലാത്ത മക്കള്‍ കാര്യമായി ശോഭിക്കില്ല). ഇത് വലിയ പണച്ചെലവില്ലാതെ ചെറുപ്രായത്തിലേ തുടങ്ങാം. അമിതമായി നിര്‍ബന്ധിച്ചു പഠിപ്പിക്കുന്നത് ഒഴിവാക്കണമെങ്കിലും കുട്ടികളെ പഠിക്കാന്‍ കാര്യമായി പ്രേരിപ്പിക്കണം എന്ന നിലപാടാണ് എനിക്കുള്ളത് (അല്ലാതെ അവരുടെ ഇഷ്ടം പോലെ പഠിക്കുകയോ പഠിക്കാതെയോ ഇരിക്കട്ടെ എന്ന നിലപാട് വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷം വരുത്താനിടയുണ്ട്). ഉന്നത വിദ്യാഭ്യാസത്തിനു പോകുമ്പോഴാണ് കൂടുതല്‍ പണം ആവശ്യമുള്ളത്. ഇവിടെ സ്വന്തം കഴിവ് ഉപയോഗിച്ച് (പണം കൊണ്ടല്ല) അഡ്മിഷന്‍ നേടുന്ന കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനായി പണം ചെലവഴിക്കുന്നതായിരിക്കും ഏറെ നല്ലത്. മിക്കവാറും എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവിനും താല്പര്യത്തിനുമൊത്ത് എന്തെങ്കിലും പഠിക്കാനോ വരുമാനമുള്ള തൊഴില്‍ ചെയ്യാനോ കഴിയും (കഴിയണം). അതിനായി പണം ചെലവഴിക്കണം. കഴിവോ താല്പര്യമോ ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അച്ഛനമ്മമാര്‍ പണം മുടക്കിയാല്‍ അതു ലാഭകരമല്ലാത്ത നിക്ഷേപമായി മാറും.
പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനാണ് അടുത്ത പ്രധാന ചെലവ്. ഇത് മാറേണ്ട ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണ്. പെണ്‍കുട്ടികളെ പഠിപ്പിച്ചു സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം. അങ്ങനെ ജീവിക്കുമ്പോള്‍ അവര്‍ക്ക് ഒരാളുമായി (വിവാഹ) ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനു ചെറുകിട സഹായം ഒക്കെ ചെയ്യാം. അല്ലാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ധാരാളം പണവും സ്വര്‍ണവും നല്‍കി ഒരു ഭര്‍ത്താവിനെ വാങ്ങുക എന്ന ഏര്‍പ്പാട് ഏറെ പ്രാകൃതമാണ്. അത് മാറേണ്ട കാലം അതിക്രമിച്ചു. വിവാഹത്തിനും മറ്റു സ്വകാര്യ ചടങ്ങുകള്‍ക്കും ധാരാളം ആളുകളെ വിളിച്ചു കൂട്ടി ആര്‍ഭാടം കാട്ടുന്നതും ഒഴിവാക്കാം.
ഇനി മലയാളികള്‍ വേണ്ടത്ര പ്രാധാന്യം നല്കാത്ത ഒരു കാര്യത്തിലേക്ക് വരാം. ഇത് റിട്ടയര്‍മെന്റ് ജീവിതമാണ്. പഴയ പോലെ സര്‍ക്കാര്‍ പെന്‍ഷന്‍ ഇനി ഉണ്ടാവില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാളും കൂടുതല്‍ കാലം ജീവിച്ചിരിക്കാം. വാര്‍ധക്യകാലത്ത് പരിചരിക്കാന്‍ മക്കള്‍ക്ക് കഴിയണമെന്നില്ല. പണം കൊടുത്തു പരിചരണം വാങ്ങേണ്ടി വരും. അതിനു ചെലവു വളരെ കൂടും. അതു താങ്ങനായില്ലെങ്കില്‍ ജീവിതം ദുരിതപൂര്‍ണമാകും. ഇതിനായിട്ടുള്ള ചെലവായിരിക്കും ഇടത്തരക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന വെല്ലുവിളി.
ഇപ്പോള്‍ തൊഴിലെടുക്കുന്ന, ശരാശരി വരുമാനമുള്ള ഒരോരുത്തരും ഏറ്റവും മുന്‍ഗണന നല്‍കി നിക്ഷേപിക്കേണ്ടത് തങ്ങളുടെ വാര്‍ധക്യ കാലത്തിലെ ജീവിതത്തിനായിരിക്കണം. പണക്കാര്‍ക്ക് മറ്റു സമ്പാദ്യങ്ങള്‍ ഉണ്ടാകാം. പാവപ്പെട്ടവര്‍ക്ക് തങ്ങളുടെ മറ്റു ചെലവുകള്‍ കഴിച്ചു കാര്യമായി സമ്പാദിക്കാന്‍ കഴിയണമെന്നില്ല. അവര്‍ക്ക് സര്‍ക്കാരിന്റെ/ സമൂഹത്തിന്റെ സഹായം വയസ്സുകാലത്ത് വേണ്ടിവരും.
വ്യക്തികളുടെ സമ്പാദ്യം, നിക്ഷേപം, ചെലവ്: ചില ചിന്തകള്‍