വര്‍മ്മാജി, പറയൂ. മദ്യത്തിനാണോ മദ്യവിരുദ്ധത്തിനാണോ ലഹരി കൂടുതല്‍? മദ്യത്തിന്റെ ലഹരി ഒന്നു നന്നായി ഉറങ്ങിക്കഴിയുമ്പോള്‍ തീരും. പക്ഷേ മദ്യവിരുദ്ധത്തിന്റേതോ? അത് തലയ്ക്കു പിടിച്ചാല്‍ പിന്നെ ആളിനെ തിരികെ കിട്ടാന്‍ വിഷമമാണ്. വര്‍മ്മാജി ഇതെഴുതണം. ഇങ്ങനെ പോയാല്‍ കേരളം പത്തു കൊല്ലത്തിനകം ഇന്ത്യയിലെ ഏറ്റവും ദരിദ്ര്യ സംസ്ഥാനമാകും.
ഐയാം ടെല്ലിംഗ് യു.സുഹ്യത്ത് കേരളത്തിലെ പ്രഗല്ഭ ഇക്കണോമിസ്റ്റ് ആണ്. അനവധി ഉന്നതപദവികള്‍ വഹിച്ചിരുന്നു. ഭാര്യ റിട്ടയേര്‍ഡ് ബാങ്ക് ഓഫീസര്‍. ബന്ധുക്കളും മിത്രങ്ങളും രാഷ്ട്രീയത്തിലും ബിസിനസ്സിലും ഔദ്യോഗികലവലിലും ടോപ്പ് ആള്‍ക്കാര്‍.
എറണാകുളത്തെ പോഷ് ഏരിയയില്‍ ലക് ഷ്വറി ബംഗ്ലാവ്. രണ്ടു മക്കള്‍ അവര്‍ അമേരിക്കയില്‍ കുടുംബമായി കഴിയുന്നു. അദ്ദേഹം റിട്ടയറായതിനുശേഷം എല്ലാ വൈകുന്നേരവും നഗരമദ്ധ്യത്തിലെ ക്ലബ്ബില്‍ പോകും. ആറു മുതല്‍ എട്ടു വരെ ചീട്ടുകളി. സ്ഥിരം സെറ്റുണ്ട്. റമ്മിയാണ്. മൈനര്‍ സ്‌റ്റേക്‌സ്. പത്തോ ആയിരമോ അങ്ങോട്ടോ ഇങ്ങോട്ടോ വരും പോകും. മാസാവാസാനം കണക്കു നോക്കിയാല്‍ ലാഭവുമില്ല, നഷ്ടവുമില്ല. ഒരു സന്തോഷം. കളി കഴിഞ്ഞ് ക്ലബ്ബിലെ ബാറില്‍ കുറച്ചു നേരം സൗഹ്യദം. ആദ്യമൊക്കെ നാലു ലാര്‍ജ് ആയിരുന്നു. പത്തു കൊല്ലം മുമ്പ് എണ്ണം മൂന്നായി കുറച്ചു.
ഈയിടെ എണ്‍പതാം പിറന്നാളിനുശേഷം വീണ്ടും കുറച്ചു രണ്ടാക്കി. ഒമ്പതരയ്ക്ക് ക്ലബ്ബ് വിടും. വീട്ടിലെത്തുമ്പോഴേക്ക് ശ്രീമതി അന്നത്തെ പ്രധാന സീരിയലുകളെല്ലാം കണ്ട് ഭര്‍ത്താവിന്റെ കാറൊച്ചയ്ക്കായി കാത്തിരിക്കുന്നുണ്ടാകും. ക്ലബ് വിശേഷങ്ങളും സീരിയല്‍ ഗതിവിഗതികളും മക്കളുടെ ചാറ്റ് ഉപദേശങ്ങളും പങ്കിട്ട് ഇരുവരും അത്താഴം കഴിക്കും. പുതിയ മലയാളം സിനിമാ സി ഡി ഇട്ട് അതു തുടങ്ങി പത്തു മിനിട്ടിനകം അദ്ദേഹം ചാരുകസേരയില്‍ കിടന്നുറങ്ങും. ശ്രീമതി സിനിമ തീര്‍ന്ന് പാതി ഉണര്‍ത്തി കട്ടിലിലേക്ക് കൈ പിടിച്ച് കൊണ്ടുപോകും. സുഖനിദ്ര. ആര്‍ക്കും ഒരു അല്ലലുമില്ലാത്ത സുഖജീവിതം.
മൂന്നു കൊല്ലം മുമ്പാണ്. പെട്ടെന്ന് കൊച്ചി നഗരം മദ്യവിപത്തില്‍ ഞെട്ടി ഉണര്‍ന്ന് പോലീസ് കര്‍മ്മനിരതരായ കാലം. ഒരു രാത്രി ക്ലബ്ബില്‍ നിന്നു പോകുന്ന വഴി ട്രാഫിക് പോലീസ് സുഹ്യത്തിന്റെ കാറ് നിര്‍ത്തിച്ചു. ഊതിച്ചു. താനാരാണെന്ന് പറയണോ എന്നു സംശയിച്ചു. പേരു പറഞ്ഞിട്ടും മൈന്‍ഡു ചെയ്തില്ലെങ്കില്‍ തീരെ നാണക്കേടാകും. അതു കാരണം മിണ്ടിയില്ല. അനുസരിച്ചു. ആദ്യം വണ്ടി മാറ്റി ഇടാനാണ് പറഞ്ഞത്. പിന്നെ ഇത്തരം പത്തു പന്ത്രണ്ട് ബൈക്കും കാറും നിരന്നു കിട്ടിയപ്പോള്‍ എല്ലാവരെയും വണ്ടികളുമായി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. വളരെ മര്യാദയ്ക്ക് അസല്‍ ജനമൈത്രി രീതിയിലാണ് പോലീസ് പെരുമാറിയത്. പക്ഷേ കടലാസ്. ഫോര്‍മാലിറ്റീസ്. സമയമെടുത്തു. വീട്ടില്‍ തന്നെ കാണാതെ ഭാര്യ അസ്വസ്ഥയാകുമെന്ന് തീര്‍ച്ചയുള്ള സുഹ്യത്ത് അവരെ വിളിച്ച് പറഞ്ഞു. സ്വല്പം താമസിക്കും. ഭാര്യയുടെ പരിഭ്രമം കാരണം അവസാനം സത്യം പറയേണ്ടി വന്നു.
പോലീസ് സ്‌റ്റേഷനിലാണ്. ഒന്നുമില്ല. മദ്യപിച്ച് വണ്ടിയോടിക്കുന്ന നിയമം. സാരമില്ല. ഞാനുടനെ വരും. ഒരു മണിക്കൂറിനകം പോലീസ് ഒരു ഫൈനടിച്ച് ആളെ വിട്ടു. പക്ഷേ ഇതിനകം ഭാര്യ ആകെ വിവശയായി അവരുടെ സ്വന്തത്തിലും ബന്ധത്തിലും പെട്ട മന്ത്രി, ഉന്നത ഐ എ എസ്‌ഐ പി എസ് ജസ്റ്റിസ് മാരുടെയെല്ലാം ഭാര്യമാരെ വിളിച്ച് തന്റെ ഭര്‍ത്താവിനെ പോലീസ് പിടിയില്‍ നിന്ന് രക്ഷിക്കാന്‍ കേണു. ചുരുക്കം പന്ത്രണ്ടു മണിക്ക് സുഹ്യത്ത് വീട്ടിലെത്തിയപ്പോഴേക്കും ന്യൂയോര്‍ക്കുമുതല്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും കാക്കനാട്ടും വരെ വാര്‍ത്ത പരന്നു. രാത്രിയില്‍ നിരന്തരം ഫോണ്‍ കോളുകള്‍. പതിനാറു വയസ്സുമുതല്‍ അറുപത്തിയാറു വര്‍ഷത്തെ മദ്യപാനത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ കുടുംബത്തില്‍ മദ്യം കാരണം ആദ്യമായി ഒരു വഴക്കുണ്ടായി.
നാണക്കേട്. ഇതില്‍പ്പരം ഒരു ദുഃഖം ഉണ്ടാകാനില്ല. ഭാര്യയെ തല്ലിയില്ല എന്നേയുള്ളു.പക്ഷേ അന്നു മുതല്‍ ക്ലബ്ബില്‍ നിന്ന് തിരിച്ചു കാറോടിക്കാന്‍ ക്ലബ്ബിലെ സ്ഥിരം യുവ എന്റര്‍പ്രണേഴ്‌സ് ഗാംഗിലെ പ്രതിഭകളെ ഇടപാടാക്കി. ഒരാള്‍ വണ്ടി ഓടിക്കും.
സഹായി ബൈക്കില്‍ പിന്നാലെ വരും. സുഹ്യത്തിനെയും കാറിനെയും വീട്ടിലെത്തിച്ച് അവര്‍ ബൈക്കില്‍ തിരികെ വരും. ദിവസം അഞ്ഞൂറു രൂപയാണ് റേറ്റ്. പക്ഷേ സ്ഥിരം കസ്റ്റമേഴ്‌സിന് നാനൂറ്റിയമ്പത്. എല്ലാം പഴയപടി സ്വസ്ഥമായി. അപ്പോഴാണ് പെട്ടെന്ന് ഇതുവരെ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടായിരുന്നിട്ടും നാം കാണാതിരുന്ന സത്യം നമുക്കു മനസ്സിലായത്. കേരളം ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പിന്നാക്ക സമൂഹമാണ്. അതിനു കാരണം ഒന്നുമാത്രമാണ്. മദ്യം. സുഹ്യത്ത് പറഞ്ഞു.
വര്‍മ്മാജി, എഴുതൂ. ജനം അറിയട്ടെ. ഒരു നാടിന്റെ സാമ്പത്തികവളര്‍ച്ചയെനിയന്ത്രിക്കുന്നത് മൂലധനമാണ്. ഇതിന്റെ നിക്ഷേപപ്രയോറിറ്റിയെ നമുക്ക് കാര്‍ഷികംകം വ്യവസായം, സേവനം എന്ന രണ്ടു മേഖലകളിലായി കാറ്റഗറൈസ്‌ചെയ്യാം. ഇന്ത്യയില്‍ ഇന്ന് ഇന്‍പുട്ട്‌സ് ഈ സെക്ടറുകളില്‍ 85: 15 % ആണ്. പക്ഷേ കേരളത്തിന്റെ സ്ഥിതി മറിച്ചാണ്. 85 % ഇന്‍പുട്‌സും സേവനമേഖലയിലാണ്. നമ്മുടെ ഭൂമിശാസ്ത്ര പ്രത്യേകത കാരണം ഇവിടെ സേവനമേഖലയേ വളരൂ. ഈ മേഖലയ്ക്ക് ഒരു സ്വഭാവമുണ്ട്. സേവനത്തിന് പുതിയ പുതിയ ഏരിയകള്‍ കണ്ടുപിടിക്കണം.
ടൂറിസം, ആരോഗ്യം, വിനോദം, ചരിത്രം, കല, ആഹാരം, വേഷം, സൗന്ദര്യം. ജനത്തിന് ആവശ്യമുള്ളതോ ഇല്ലാത്തതോ എന്നത് പ്രസക്തമല്ല. ഈ കണ്ടു പിടുത്തം ശരിക്കും സ്വപ്നങ്ങളിലൂടെയേ സാദ്ധ്യമാകൂ. സ്വപ്നം കാണാന്‍ എന്താ വേണ്ടത്? ചാലകശക്തിയായി ? എനിക്കു സംഭവം ഏറെക്കുറെ മനസ്സിലായി. വെള്ളമടിച്ചാല്‍ സ്വപ്നം കാണാം. സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയ സേവനമേഖലകള്‍ ഉടലെടുക്കും. നാം പുരോഗമിക്കും. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കുട്ടികളോടെല്ലാം പറയുന്നത് അവര്‍ സ്വപ്നം കാണാനാണ്. എന്നിട്ട് അതിനെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചോ, ഞങ്ങള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അടിസ്ഥാനസൗകര്യം തരാം.
ദൈവമേ, ആകെക്കൂടി കൂടുതല്‍ കുളമാകുമോ ? സുഹ്യത്ത് ചിരിച്ചു. പിന്നെ, നോക്കൂ. എന്താണ് മദ്യം?. അത് ആപേക്ഷികമാണ്. ലഹരി തരുന്നതെന്തും മദ്യമാണ്.
അഹങ്കാരം, ആര്‍ത്തി. ഇവയും ഒന്നു ചിന്തിച്ചാല്‍ മദ്യമല്ലേ ?
അവയും ആരോഗ്യത്തിന് ഹാനികരമല്ലേ? അതു പോകട്ടെ, നാം മദ്യമെന്നു ഇപ്പോള്‍ കരുതുന്ന എന്തും മദ്യമാണോ? വൈന്‍ മദ്യമാണോ ? നോ. അതുപോലെ ബിയര്‍ മദ്യമാണോ?മധുരക്കള്ള് മദ്യമാണോ? നോ. ദശമൂലാരിഷ്ടം മദ്യമാണോ? കൊക്കക്കോള മദ്യമാണോ?എന്തിന് കുറെനേരം അടച്ചുവച്ചിരുന്നാല്‍ ആല്‍ക്കഹോള്‍ ആയി മാറുന്ന നൂറു കണക്കിന് കാര്‍ഷികവിഭവങ്ങള്‍ നമുക്കുണ്ട്. അവ മദ്യമാണോ?സങ്കീര്‍ണമായപ്രശ്‌നമാണ്. സംഭവം എനിക്കു പിടി കിട്ടി.
പക്ഷേ ഞാന്‍ ചോദിച്ചില്ല. ഈ ബുദ്ധിയുണ്ടെന്ന് പൂര്‍ണമായി വിശ്വസിക്കുന്ന മഹാന്മാര്‍ക്ക് ഒരു ഗുണമുണ്ട്. അവര്‍ പറയുന്നതേ ശരിയുള്ളു എന്നതില്‍ അവര്‍ക്ക് ഒരു സംശയവുമില്ല. അവരെ ഉപദേശിച്ച് നേര്‍വഴി കാട്ടാന്‍ ദൈവത്തിനു പോലും പറ്റുകയുമില്ല.