ലോകം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ സാമ്പത്തികപ്രവർത്തനങ്ങളും നിശ്ചലമായി. തൊഴിലെടുക്കുന്ന ആരുടെയും കൈയിൽ പണമില്ല. സപ്ലൈയും ഡിമാൻഡും ഒരുപോലെ തകർന്നു. എന്തുചെയ്യും എന്ന ചോദ്യം എല്ലാ ലോകരാഷ്ട്രങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്നു. ആരുടെ പക്ഷത്തുനിന്ന് ആരംഭിക്കണം എന്നതും പ്രസക്തമായ കാര്യം.  

ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയാണ് പ്രഥമകർത്തവ്യം എന്ന വാദം ഉന്നയിക്കുന്നുണ്ട്, അഭിജിത് ബാനർജി മുതൽ പോൾ ക്രൂഗ്‌മാൻ വരെയുള്ള സാമ്പത്തികവിദഗ്ധരുടെ നീണ്ട നിര. അമേരിക്കൻ പ്രസിഡന്റ് ട്രംപ്‌മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺവരെയുള്ള ഏറ്റവും കടുത്ത യാഥാസ്ഥിതിക ചിന്താഗതിക്കാർ തൽക്കാലത്തേക്കെങ്കിലും കെയിൻസിന്റെ കൂടാരത്തിലേക്ക്‌ കാലുമാറുകയും ചെയ്തു. അങ്ങനെയിന്ന് ഇക്കാര്യത്തെക്കുറിച്ച് ഏതാണ്ട് ഏകീകൃത അഭിപ്രായമാണ് ലോകത്ത്; പ്രധാനമന്ത്രി മോദിക്കൊഴികെ.   മുറിഞ്ഞുപോയ സപ്ലൈ ചെയിനുകൾ പുനഃസ്ഥാപിക്കലാണ് പ്രഥമ കടമ എന്നാണ് അദ്ദേഹത്തിന്റെയും ഉപദേശകരുടെയും നിലപാട്. ഈ കാഴ്ചപ്പാടിന്റെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ്.

ആരുടെ കൈയിലും പണമില്ലാതിരിക്കുന്ന സാഹചര്യത്തിൽ സപ്ലൈചെയിൻ പുനഃസ്ഥാപിക്കുന്നതെങ്ങനെ പ്രഥമകർത്തവ്യമാകും. അതുകൊണ്ടെന്തു പ്രയോജനം? കാരണം, അവരുടെ ഉത്‌പന്നങ്ങൾ വാങ്ങാനുള്ള കഴിവ് കമ്പോളത്തിലില്ല. അപ്പോൾ ഉത്‌പന്നങ്ങൾ സപ്ലൈ ചെയ്യാൻ സംരംഭകർക്ക് പണം ഉത്തേജനമായി നൽകുന്നതുകൊണ്ട് ഗുണമെന്ത്? ആദ്യം ഡിമാൻഡ്‌ ഉണ്ടാക്കുക, അതിന് അനുസൃതമായി ചെറുകിട സംരംഭങ്ങൾ അനങ്ങിത്തുടങ്ങുമ്പോൾ അവർക്ക് സഹായമെത്തിക്കുക. ഇതാണ് യുക്തിസഹം.

പണമായി എത്താത്ത പാക്കേജ്
പക്ഷേ, 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് എങ്ങനെ ഹരിച്ചു ഗുണിച്ചാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തിക്കുന്നില്ല. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം.

സപ്ലൈസൈഡിൽ ആർക്കൊക്കെ എന്തൊക്കെ സഹായമാണ് നൽകുന്നത് എന്നു നോക്കാം. അവിടെ അഞ്ചുതരം ആളുകളാണുള്ളത്. ഒന്ന്, കൃഷിക്കാർ. രണ്ട്, സൂക്ഷ്മ ചെറുകിട സംരംഭകർ. മൂന്ന്, ധനകാര്യസ്ഥാപനങ്ങൾ. നാല്, വ്യവസായ കോർപ്പറേറ്റുകൾ. അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങൾ. ഇവർക്ക് ഓരോരുത്തർക്കും എന്തു സഹായമാണ് കിട്ടുന്നത് എന്നു പരിശോധിക്കുമ്പോഴാണ് പാക്കേജിന്റെ തനിനിറം വ്യക്തമാകുന്നത്.

കൃഷിക്കാരും ചെറുകിട സംരംഭകരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലോക്ഡൗൺ കാലത്തുണ്ടായ നഷ്ടവും അതുമൂലം ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാനാവാത്തതുമാണ്.  പിന്നെ വീണ്ടും പ്രവർത്തനമാരംഭിക്കണമെങ്കിൽ പ്രവർത്തനമൂലധനമായി അവർക്ക് കൂടുതൽ വായ്പയും കിട്ടണം.

 ബാങ്കുകൾ വായ്‌പ നൽകാൻമടിക്കുമ്പോൾ
രണ്ടാമത്തെ കാര്യത്തിൽ കുറച്ച്‌ ഉദാരമായ സമീപനം കൈക്കൊണ്ടിട്ടുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം. റിസർവ് ബാങ്ക് ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം എട്ടുലക്ഷം കോടി രൂപയാണ് ബാങ്കുകൾക്ക് കൂടുതലായി വായ്പ നൽകാൻ അനുവദിച്ചത്.

പലിശ നിരക്കും ഗണ്യമായി കുറച്ചു. പക്ഷേ, എന്താണ് സംഭവിച്ചത്? ഈ മേയ് ആദ്യം ബാങ്കുകൾ 8.5 ലക്ഷം കോടി രൂപ റിസർവ് ബാങ്കിൽത്തന്നെ തിരിച്ച്‌ ഡെപ്പോസിറ്റു ചെയ്തു. അതും 3.5 ശതമാനം പലിശയ്ക്ക്. 5.5 ശതമാനം പലിശവരെ നൽകിയാണ് റിസർവ് ബാങ്കിൽനിന്ന് പണമെടുത്തത് എന്നോർക്കണം. ഇത്രയും നഷ്ടം ഉണ്ടായാലും വായ്പ കൊടുക്കാൻ അവർ തയ്യാറല്ല.

ബാങ്കുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? ഇതിന്റെ സാമ്പത്തികശാസ്ത്രമാണ് കെയിൻസിന്റെ ലിക്വിഡിറ്റി പ്രിഫറൻസ് എന്ന തത്ത്വം. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അങ്ങനെ പൊളിഞ്ഞാൽ നാട്ടുകാർ പരിഭ്രാന്തിയിലായി, ഡെപ്പോസിറ്റ് പിൻവലിക്കാൻ ഓടിക്കൂടിയാലോ എന്ന ഭയം വേറെ. അങ്ങനെ ജനം കൂട്ടത്തോടെ വന്നാൽ കൊടുക്കാൻ റെഡി കാശ് വേണം. അതിന് പരമാവധി കാശായി സൂക്ഷിക്കുക, അല്ലെങ്കിൽ പെട്ടെന്ന് കാശാക്കാൻ പറ്റുന്ന റിസർവ് ബാങ്ക് ഡെപ്പോസിറ്റായി വെക്കുക. ഇതാണ് അവരുടെ സമീപനം.

ബാങ്കുകൾ വായ്പ കൊടുക്കുന്നില്ല എന്ന സാഹചര്യത്തെ കേന്ദ്രം എങ്ങനെ മറികടക്കും? ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിച്ചത് നാം കണ്ടു. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു നൽകണം. എന്നാലേ ഫലമുള്ളൂ. പക്ഷേ, ഇതിന് കേന്ദ്രം തയ്യാറല്ല.

കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് മൂന്നുമാസം കൂടി മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഈ കാലയളവിൽ പലിശയ്ക്ക് ഒരു ലോപവുമില്ല. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും ഇളവുചെയ്യണമെന്നാണ് കൃഷിക്കാരുടെയും സംരംഭകരുടെയും ആവശ്യം. അതിന് കേന്ദ്രം തയ്യാറല്ല. ഫലത്തിൽ, നോട്ടു നിരോധനം മൂലം തകർന്ന ചെറുകിട സംരംഭകർക്ക് കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാകും.

ധനകാര്യ സ്ഥാപനങ്ങളിലേക്ക്‌ എട്ടുലക്ഷം കോടി രൂപ റിസർവ് ബാങ്ക് മുൻകൈയെടുത്ത് നൽകിയതും 20 ലക്ഷം കോടി പാക്കേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് ഇതുവരെ സമ്പദ്ഘടനയ്ക്കൊരു ഗുണവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഏതായാലും ഇങ്ങനെയൊരു സഹായം കൊടുത്തതുകൊണ്ട് ഐ.എൽ. ആൻഡ് എഫ്.എസും യെസ് ബാങ്കുമെല്ലാം തകർന്നതുപോലെ മറ്റു പല സ്ഥാപനങ്ങളും തകരാതെ സഹായിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലമാണ് ഇന്ത്യൻ ധനകാര്യമേഖല.

കോർപ്പറേറ്റുകൾക്ക് ലോട്ടറി
അങ്ങനെ നാം കോർപ്പറേറ്റുകളിലെത്തുന്നു. ഉത്തേജകപാക്കേജ് അവർക്കുള്ള ലോട്ടറിയാണ്. മഹാവ്യാധിയുടെ മറവിൽ ഇന്ത്യൻ പൊതുമേഖല കോർപ്പറേറ്റുകൾക്ക് കൈമാറി. ഇനി തന്ത്രപ്രധാന മേഖലയിലേ പൊതുമേഖലയുള്ളൂവത്രേ. അതുതന്നെ ഏറിയാൽ നാല്‌ സ്ഥാപനങ്ങൾ. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു കടന്നു വരാം.

പ്രതിരോധത്തിലാകട്ടെ വിദേശ കമ്പനികൾക്ക് 74 ശതമാനം വരെ ഷെയറുമാകാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്. തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുകയാണ്. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടും എന്നാണ് സർക്കാരിന്റെ വിശ്വാസം. ഇതു പറഞ്ഞാണ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവായി കോർപ്പറേറ്റുകൾക്ക് നൽകിയത്. എന്തെങ്കിലും ഗുണമുണ്ടായോ?

വായ്പപ്പരിധി നീട്ടി എങ്കിലും
സംസ്ഥാനങ്ങൾക്കൊരു ആശ്വാസമുണ്ട്. വായ്പപ്പരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമായി ഉയർത്തി. കേരളത്തിന് 18,000 കോടി അധികമായി വായ്പയെടുക്കാം. പക്ഷേ, നിബന്ധനകളുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സംസ്ഥാനങ്ങൾ എടുക്കുന്ന കമ്പോളവായ്പയ്ക്ക് കേന്ദ്രസർക്കാർ നിബന്ധന വെക്കുന്നത്. ഇതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾക്കുമേലുള്ള വലിയൊരു കൈയേറ്റമാണ്.

കോവിഡ് മൂലം ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഒരു മരുന്നും ഇതിലില്ല.  നോട്ടുനിരോധനത്തിനുശേഷം സംഭവിച്ചതുപോലെ നമ്മുടെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കുകയേയുള്ളൂ. കോവിഡ് സാമ്പത്തികത്തകർച്ചയിൽ നിന്നുള്ള കരകയറ്റം ദീർഘമേറിയതും കൂടുതൽ ക്ലേശകരവുമാകും.

നവോമി ക്ലെയിന്റെ പ്രസിദ്ധമായൊരു പുസ്തകമുണ്ട്, The Shock Doctrine: The Rise of Disaster Capitalism.  ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന രീതിയെയാണ് അവർ ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നത്.
അതിനൊരു ഉദാഹരണമാണ് ഈ ഉത്തേജകപാക്കേജ്.

Content Highlight:  20 lakh crores package for whom? Article by dr Thomas isaac