![]() |
റോബര്‍ട്ട് ജെ ഷില്ലര്‍ |
ഇതിനു കാരണം എന്തെന്നു ചോദിച്ച് അധികം അലയേണ്ട കാര്യമില്ല. ബിസിനസ് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു. അമേരിക്കയുടെ കാര്യമാണിത്.
അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പോലും യുഎസ് വളര്‍ച്ചയെപ്പറ്റി പ്രതീക്ഷ പുലര്‍ത്തുന്നില്ല. ഇടക്കാല തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്കു തിരിച്ചടി കിട്ടുമെന്ന് ഉറപ്പായിട്ടും പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് പരിഹാരം കണ്ടെത്താനാകുന്നില്ല.
സംരംഭകര്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറില്ല. അതിനാല്‍ ബിസിനസ് വളരുന്നില്ല. തന്മൂലം തൊഴില്‍ കൂടുന്നില്ല.
എന്തുകൊണ്ട് ? ആത്മവിശ്വാസമില്ല. അഥവാ ആത്മവിശ്വാസം കുറഞ്ഞിരിക്കുന്നു. തന്മൂലം എല്ലാവരും സുരക്ഷിതമായ കാര്യങ്ങളേ ചെയ്യുന്നുള്ളൂ. അപ്പോള്‍ റിസ്‌കെടുക്കാന്‍ ധൈര്യപ്പെടില്ല.
എന്നു മാത്രമല്ല കാലം ചീത്തയായിരിക്കുമ്പോള്‍ തങ്ങളുടെ ജോലിക്കാരെയും സന്തോഷിപ്പിച്ചു നിറുത്താനാണ് വ്യവസായങ്ങള്‍ ശ്രദ്ധിക്കുക. പക്ഷേ ഈ സന്തോഷിപ്പിക്കല്‍ വളര്‍ച്ചയ്ക്കും തൊഴിലിനും ദോഷമാകുകയാണ്.
പറയുന്നതു മറ്റാരുമല്ല. ധനശാസ്ത്ര നൊബല്‍ പുരസ്‌കാരം നേടിയ റോബര്‍ട്ട് ജെ ഷില്ലര്‍, യേല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍.
സ്വകാര്യമേഖല തൊഴില്‍ സൃഷ്ടിച്ച് സാമ്പത്തികമാന്ദ്യത്തെ മറികടക്കാമെന്നു കരുതി കാത്തിരിക്കേണ്ട, ഗവണ്‍മെന്റ് വന്‍തോതില്‍ പണം മുടക്കി തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ആവശ്യം എന്ന പക്ഷക്കാരനാണ് ഷില്ലര്‍. ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കാന്‍ അദ്ദേഹം സഹപ്രവര്‍ത്തകന്‍ കൂടിയായ ട്രൂമാന്‍ ബ്യൂളി (Truman Beuley)യുടെ Why Wages Don't Fall During a Recession (Harvard, 1999) എന്ന പുസ്തകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഒരു ദശകം മുന്‍പ് എഴുതിയ പുസ്തകം 1990-91 ലെ യു.എസ് മാന്ദ്യത്തിന്റെ പാശ്ചാത്തലത്തിലുള്ളതാണ്. ഇപ്പോഴതിനെ അപേക്ഷിച്ച് ചെറിയ മാന്ദ്യമായിരുന്നു അന്നത്തേത്. എങ്കിലും ആ പാശ്ചാത്തലത്തിലെ പഠനത്തിന്റെ നിഗമനങ്ങള്‍ വളരെ ശ്രദ്ധേയമാണ്, പ്രധാനവുമാണ്.
മാന്ദ്യങ്ങള്‍ കഴിയുമ്പോള്‍ വളര്‍ച്ച ഉണ്ടായാലും തൊഴില്‍ വേണ്ടത്ര വര്‍ധിക്കുന്നില്ല. ഇതാണ് പ്രശ്‌നം. ഇതിന്റെ കാരണമാണ് ബ്യൂളി അന്വേഷിച്ചത്. സാധാരണ സൈദ്ധാന്തിക ധനശാസ്ത്രജ്ഞരെപ്പോലെ ധാരണകളും മാതൃകകളും ഫോര്‍മുലകളും വച്ചായിരുന്നില്ല ബ്യൂളിയുടെ പഠനം. മുന്നൂറിലേറെ കമ്പനി മാനേജര്‍മാരെ ഇന്റര്‍വ്യൂ ചെയ്ത് അവരുടെ അഭിപ്രായങ്ങളും സ്ഥിതി വിവരക്കണക്കുകളും താരതമ്യം ചെയ്തായിരുന്നു പഠനം.
തൊഴില്‍ വിപണി ഉല്‍പന്ന വിപണി പോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഉല്‍പന്ന വിപണിയില്‍ ആവശ്യവും ലഭ്യതയും (Demand and Supply) ആണ് നിര്‍ണ്ണായഘടകങ്ങള്‍. ആവശ്യം കൂടിയാല്‍ വില കൂടും. ലഭ്യത കൂടിയാല്‍ വില കുറയും. വില കുറയുമ്പോള്‍ ഉല്‍പാദനം കുറയ്ക്കുന്നു. അപ്പോള്‍ വില കൂടുന്നു. ബിസിനസ് ചക്രം അങ്ങനെയാണ്.
പക്ഷേ, തൊഴില്‍ വിപണിയില്‍ അങ്ങനെ കാണുന്നില്ല. മാന്ദ്യത്തില്‍ വേതനം താഴുന്നില്ല; മാന്ദ്യം മാറുമ്പോള്‍ തൊഴില്‍ കൂടുന്നുമില്ല.
എന്തുകൊണ്ട്?
ഓരോ ഉടമയും തന്റെ തൊഴിലാളികള്‍ താരതമ്യേന സന്തുഷ്ടരായിരിക്കണം എന്നാഗ്രഹിക്കുന്നു. സന്തുഷ്ടരല്ലെങ്കില്‍ പണി മോശമാകും. പണിക്കാര്‍ സ്ഥാപനം വിട്ടുപോകും.
അതിനാല്‍ കാലം മോശമാകുമ്പോഴും വേതനം കുറയ്ക്കാന്‍ ഉടമ മടിക്കുന്നു.
മാന്ദ്യം വന്ന് ഉല്‍പന്നത്തിന്റെ വില്‍പന കുറയുമ്പോള്‍ ഉടമയ്ക്കു ചെയ്യാവുന്നത് എന്താണ്? വേതനം കുറയ്ക്കുക, ജോലി സമയം കുറയ്ക്കുക.
പക്ഷേ, ആരും അതു ചെയ്യുന്നില്ല. അങ്ങനെ ചെയ്താല്‍ ജോലിക്കാര്‍ക്കുകമ്പനിയോടുള്ള കൂറ് പോകും. അവരുടെ പ്രവര്‍ത്തനക്ഷമത കുറയും. എല്ലാ ജോലിക്കാരും കമ്പനിക്കെതിരാകും. മൊത്തത്തില്‍ ജോലിക്കാരുടെ ആത്മവീര്യ(Morale) വും ഉത്സാഹവും കുറയും.
അതിനു പകരം ഉടമകള്‍ ചെയ്യുന്നത് എന്താണ്? തനിക്കു വേണ്ടപ്പെട്ടവരും നിര്‍ണായക ജോലികളിലുള്ളവരുമായവരെ നിലനിറുത്തിയിട്ട് അത്യാവശ്യമില്ലാത്തവരെ പിരിച്ചു വിടുന്നു.
ശമ്പളം കുറയ്ക്കുന്നതിനു പകരം ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നു. ശമ്പളം കുറച്ചാല്‍ ജീവനക്കാര്‍ മുറുമുറുക്കും. അവരുടെ ജോലി ഉഴപ്പും. കമ്പനിയോടു കൂറില്ലാതാകും. അതു മോശമായ അന്തരീക്ഷം ഉണ്ടാക്കും. അതൊഴിവാക്കാന്‍ ആവശ്യമില്ലാത്തവരെ പിരിച്ചു വിടുന്നു. ചിലപ്പോള്‍ വേണ്ടതിലേറെപ്പേരെ പിരിച്ചു വിടും. ഒറ്റത്തവണ കൂടുതല്‍ പേരെ പിരിച്ചു വിട്ടാല്‍ പല തവണ പിരിച്ചു വിടുന്നതു മൂലം ജോലിക്കാരിലുണ്ടാകുന്ന ആത്മവീര്യക്കുറവും പേടിയും ഒഴിവാക്കാനാവുമെന്നും മാനേജ്‌മെന്റ് കരുതുന്നു. മാത്രമല്ല ശേഷിക്കുന്നവര്‍ തങ്ങളുടെ ജോലിയും ശമ്പളവും ഭദ്രമാണ് എന്ന ഉറപ്പ് ലഭിച്ചതുകൊണ്ട് തങ്ങളെ നിലനിറുത്തിയതു കൊണ്ട് കൂടുതല്‍ നന്നായി ജോലി ചെയ്യുമെന്ന് ഉടമ കരുതുന്നു.
യുദ്ധത്തില്‍ മാരകമുറിവേറ്റവരെ മരിക്കാന്‍ വിട്ടിട്ട് പിന്നെയും യുദ്ധം ചെയ്യുന്നവര്‍ക്കു മാത്രം ചികിത്സ കൊടുക്കുന്ന സമീപനം പോലെയാണിത്. തൊഴില്‍ നഷ്ടം വീട്ടിലാരെങ്കിലും മരിക്കുന്നതു പോലെ ഹൃദയഭേദകമാണ്. ആ ദുരന്തം ഒഴിവായിക്കിട്ടുന്നവര്‍ നന്ദിയോടെ കമ്പനിക്കു വേണ്ടി ജോലി ചെയ്യുമെന്ന് ഉടമ കരുതും. മോഹിക്കും.
പക്ഷേ അതു നടക്കില്ല.
ജോലിയില്‍ നിലനിറുത്തപ്പെട്ടവന് ഉള്ളില്‍ വലിയ കുറ്റബോധമാണ്. തൊഴില്‍ നഷ്ടപ്പെട്ടവന്‍ കമ്പനിയില്‍ ഇല്ലെങ്കിലും ജോലിക്കാര്‍ ഉള്‍പ്പെട്ട സമൂഹത്തില്‍ ഉണ്ട്. അവര്‍ തമ്മില്‍ സാമൂഹ്യബന്ധങ്ങള്‍ ഉണ്ട്. പണി നഷ്ടപ്പെട്ടവന്റെ വേദനയും പണി നിലനിറുത്തിയവന്റെ കുറ്റബോധവും (Survivor's guilt) സമൂഹത്തെ വിഷമത്തിലാക്കുന്നു. പണി നിലനിറുത്തിയവനു നഷ്ടപ്പെട്ടവനോട് സഹഭാവ(Empathy) മുണ്ട്. അതിനാല്‍ അവന്‍ ആര്‍ഭാടങ്ങള്‍ കുറയ്ക്കുന്നു, ചെലവ് ചുരുക്കുന്നു, ഷോപ്പിങ് കുറയ്ക്കുന്നു. വലിയ യാത്രകള്‍ ഒഴിവാക്കുന്നു, പുതിയ കാറുകള്‍ വേണ്ടെന്നു വയ്ക്കുന്നു. മൊത്തത്തില്‍ അവര്‍ ഉപഭോഗം (Consumption) കുറയ്ക്കുന്നു.
പണി നഷ്ടപ്പെട്ടവന്‍ വരുമാനമില്ലാത്തതിനാല്‍ ചെലവ് ചുരുക്കി. പണിയുള്ളവന്‍ തന്റെ നിര്‍ഭാഗ്യവാനായ പഴയ സഹപ്രവര്‍ത്തകനോടുള്ള സഹഭാവം മൂലം ചെലവ് ചുരുക്കി.
രണ്ടും കൂടി നാട്ടില്‍ മൊത്തം ഫലം ചെലവ് ചുരുക്കലാണ്. അതായത് വില്‍പന കുറഞ്ഞു. അതിനാല്‍ ഉല്‍പാദനം കുറയുന്നു. തൊഴിലില്ലായ്മ കൂടുന്നു.
മനുഷ്യര്‍ യുക്തിപൂര്‍വം ചിന്തിച്ച് അവരവര്‍ക്ക് ഏറ്റവും ലാഭകരമായത് ചെയ്യുന്ന ഒരവസ്ഥയില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് ബ്യൂളി പറയുന്നത്. ആ അവസ്ഥയില്‍ മാന്ദ്യകാലത്ത് വേതനം കുറയും. ഉല്‍പന്നങ്ങള്‍ക്കു വില കുറയുന്നതുപോലെ. പിന്നീട് മാന്ദ്യം മാറുമ്പോള്‍ വേതനം കൂടും.
ഗോതമ്പും സ്റ്റീലും റബറും പോലെയല്ലല്ലോ ജോലി. അതിനു പിന്നില്‍ വികാരവിചാരങ്ങളും മൂല്യങ്ങളുമുണ്ട്. അതിനാല്‍ ഉല്‍പന്ന വില പോലെ വേതനം മാറുകയില്ല. പക്ഷേ ബ്യൂളിയുടെ പഠനം മറ്റൊന്നിലേക്ക് വെളിച്ചം വീശുന്നു. മാന്ദ്യത്തില്‍ നിന്നു മാറിത്തുടങ്ങിയാലും തൊഴിലുകള്‍ വര്‍ധിക്കാതിരിക്കുന്നതിലേക്ക്.
വേറൊന്നു കൂടിയുണ്ട്. ഓരോ കമ്പനി ഉടമയും തന്റെ കമ്പനിയുടെ നല്ല ഭാവിക്കു പറ്റുന്നതെന്ന ധാരണയില്‍ ചെയ്യുന്ന കാര്യം പൊതുസമ്പദ്ഘടനയ്ക്ക് ദോഷകരമാകുന്നു.
കറന്‍സി പോരാട്ടം മുറുകുമ്പോള്‍
![]() |
ഗീദോ മാന്തേഗ |
എല്ലാവരും അവരവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ നാണയങ്ങളെ നയിക്കുന്നു. പലിശ നിരക്ക് ക്രമീകരിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങള്‍ക്കു വരുന്ന വിഷമം ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിക്കേണ്ടതുമില്ല.
എങ്കിലും ഇപ്പോഴത്തെ പോക്ക് അത്ര സുഖകരമല്ല. അമേരിക്കയും യൂറോപ്പും പറയുന്നു, ചൈന തങ്ങളുടെ നാണയമായ യുവാന് വില കയറാന്‍ സമ്മതിക്കുന്നില്ല എന്ന്. ചൈനയുടെ കൈയിലുള്ള വിദേശനാണ്യശേഖരവും അവരുടെ വലിയ വാണിജ്യമിച്ചവും ഒക്കെ നോക്കുമ്പോള്‍ മറ്റു നാണയങ്ങളുമായുള്ള നിരക്ക് ഇങ്ങനെയായാല്‍ പോര. ജപ്പാനും യൂറോസോണും ബ്രിട്ടനും പറയുന്നത് അമേരിക്ക ഡോളറിനെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ്.
ഇന്ത്യയും ബ്രസീലും പരാതി പറയുന്നു: ഡോളറും യുവാനും താഴ്ത്തി നിറുത്തുന്നു, ഞങ്ങളുടെ നാണയങ്ങള്‍ക്ക് ഇതു ക്ഷീണമാണ്.
എല്ലാവരുടെയും പരാതി ഇതുതന്നെ. മറ്റു രാജ്യങ്ങള്‍ നാണയങ്ങളുടെ വിനിമയനിരക്ക് താഴ്ത്തുന്നു, പലിശ നിരക്ക് കുറച്ചു നിറുത്തുന്നു.
അതുകൊണ്ട് കുഴപ്പമെന്ത്?
കുഴപ്പമേ ഉള്ളൂ. നാണയത്തിന്റെ വിനിമയ നിരക്ക് കുറഞ്ഞാല്‍ കയറ്റുമതി കൂടും, ഇറക്കുമതി കുറയും. (1991 ല്‍ ഇന്ത്യ ഉദാരവത്കരണത്തിനു തുടക്കമിട്ടത് രൂപയുടെ വിനിമയ നിരക്ക് കുത്തനെ താഴ്ത്തിക്കൊണ്ടാണ്) അമേരിക്കയും യൂറോപ്പും ബ്രിട്ടനുമൊക്കെ ചൈനയോടു കയര്‍ക്കുന്നതിന്റെ മുഖ്യകാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതി കൂടുതലായതാണ്. അതേ അനുപാതത്തില്‍ ചൈനയിലേക്ക് കയറ്റുമതി കൂടുന്നുമില്ല. എല്ലാവര്‍ക്കും ചൈനയുമായുള്ള വാണിജ്യത്തില്‍ ഭീമമായ കമ്മി.
പലിശ നിരക്കിന്റെ കാര്യവും ഇങ്ങനെ തന്നെ. പലിശ നിരക്ക് കൂടിയസ്ഥലത്തേക്ക് മൂലധനവും നിക്ഷേപവും ഒഴുകും. ഇപ്പോള്‍ ഇന്ത്യയടക്കമുള്ള നവോദയ (Emerging) രാജ്യങ്ങളിലേക്ക് പണം ഒഴുകുകയാണ്.
എവിടെ നിന്ന്?
അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന്.
എന്തുകൊണ്ട് ?
അവിടങ്ങളില്‍ പലിശനിരക്ക് തീരെ കുറവ്. അമേരിക്കയിലെ അടിസ്ഥാന പലിശനിരക്കായ ഫെഡ് റേറ്റ് (ബാങ്കുകള്‍ക്ക് ഫെഡില്‍ നിന്ന് ഹ്രസ്വകാല വായ്പ നല്‍കാനുള്ള റേറ്റ്) 0-0.25 ശതമാനം മേഖലയിലാണ്. പൂജ്യം എന്നു പറയുന്നില്ലെന്നു മാത്രം. ബാങ്ക് ഓഫ് ജപ്പാനും ഈയിടെ നിരക്ക് 0-0.15 ശതമാനമാക്കി. യൂറോപ്യന്‍ കേന്ദ്രബാങ്ക് രണ്ടുവര്‍ഷമായി ഒരു ശതമാനം നിരക്ക് തുടരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും അങ്ങനെ തന്നെ. അവിടങ്ങളിലെല്ലാം തല്‍ഫലമായി പണം സുലഭം. വലിയ കമ്പനികളാണ് ഇങ്ങനെ നാമമാത്ര പലിശയ്ക്കു പണം വാങ്ങിവയ്ക്കുന്നത്. അവര്‍ അതു മൂലധനനിക്ഷേപമായി ഉപയോഗിക്കുകയല്ല. മിച്ചമായി സൂക്ഷിക്കുന്നു. അഥവാ ഏതെങ്കിലും നിക്ഷേപസംവിധാനത്തില്‍ (മ്യൂച്വല്‍ഫണ്ട് മുതല്‍ എന്തിലെങ്കിലും) നിക്ഷേപിക്കുന്നു. ആ നിക്ഷപസ്ഥാപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പണം കൊണ്ടുവന്ന് ഓഹരികളിലും കടപ്പത്രങ്ങളിലും ഉല്‍പന്നങ്ങളിലും നിക്ഷേപിക്കുന്നു.
ഇതു നല്ലതല്ലേ?
എപ്പോഴും നല്ലതല്ല. ഇത് ചുടുപണ (Hot Money)മാണ്. എപ്പോള്‍ വേണമെങ്കിലും തിരിച്ചു പോകാവുന്നപണം. പലിശ നിരക്കിലോ വിനിമയ നിരക്കിലോ മാറ്റം വരുന്നതനുസരിച്ച് ഗതി മാറാവുന്ന പണമൊഴുക്കാണത്.ഗതി മാറുമ്പോള്‍ ഉയര്‍ന്ന വിലകള്‍ നിലം പൊത്തും. അതിനടിയില്‍ ഒത്തിരി ജീവിതങ്ങളും ഉണ്ടാകും.
അതു മാത്രമല്ല പ്രശ്‌നം.
ഇങ്ങനെ ഒഴുകിയെത്തുന്ന ഡോളറുകള്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്നു. പണപ്പെരുപ്പം വിലക്കയറ്റം എന്ന രാക്ഷസനായാണ് സാധാരണ ജനങ്ങളെ സമീപിക്കുന്നത്.
ഇതിനൊക്കെ കാരണം വികസിത രാജ്യങ്ങളിലെ നാമമാത്ര പലിശ നിരക്കും അവിടങ്ങളിലെ കേന്ദ്രബാങ്കുകള്‍ കമ്മിപ്പണം അടിച്ചിറക്കുന്നതുമാണ്. 2007- 09 ലെ മാന്ദ്യകാലത്താണ് കമ്മിപ്പണം അടിച്ചിറക്കല്‍ തുടങ്ങിയത്. സര്‍ക്കാരിന്റെ കമ്മി നികത്താന്‍ ഇറക്കിയ കടപ്പത്രങ്ങള്‍ കേന്ദ്രബാങ്ക് തിരിച്ചു വാങ്ങിയാണ് കമ്മിപ്പണം ഇറക്കിയത്. ആസ്തി വാങ്ങല്‍ (Asset Purchase), അളവു കൂട്ടല്‍ (Quantitative Easing) എന്നൊക്കെയുള്ള ഓമനപ്പേരുകളിലാണ് ഇതൊക്കെ ചെയ്തത്. അമേരിക്കന്‍ ഫെഡിനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും പിന്നാലെ ഇപ്പോള്‍ ബാങ്ക് ഓഫ് ജപ്പാനും അതു ചെയ്യുന്നു. അവരവരുടെ രാജ്യങ്ങളില്‍ പണലഭ്യത കൂട്ടി വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പക്ഷേ നടക്കുന്നതാകട്ടെ ആ പണം ലോകമെങ്ങും സഞ്ചരിച്ച് ഉല്‍പന്നങ്ങളുടെയും ഓഹരികളുടെയും വില കൂട്ടുന്നു.
ഇതിനെ പ്രതിരോധിക്കാന്‍ വഴി തേടുകയാണ് നവോദയ രാജ്യങ്ങള്‍. ജയിംസ് ടോബിന്‍ എന്ന ധനശാസ്ത്രജ്ഞന്‍ നിര്‍ദ്ദേശിച്ച ടോബിന്‍ ടാക്‌സ് (വിദേശത്തു നിന്നു വരുന്ന മൂലധനത്തിന് നികുതി ചുമത്തല്‍) ഏര്‍പ്പെടുത്തിയാണ് ബ്രസീല്‍ പ്രശ്‌നം നേരിടുന്നത്. വിദേശ മൂലധനത്തിനു നാലു ശതമാനം നികുതി ചുമത്തിയിട്ടും ബ്രസീലിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞിട്ടില്ല.
ചൈനയും അമേരിക്കയും യൂറോപ്പും ജപ്പാനും തമ്മിലുള്ള പ്രശ്‌നം മാത്രമല്ല ഇനി കറന്‍സി വിഷയം. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും ഈ അപ്രഖ്യാപിത കറന്‍സി യുദ്ധത്തിന്റെ ദുരിതം പേറുന്നു. ഡോളറിന്റെ വില താഴുന്നതനുസരിച്ച് രൂപയുടെ വില കൂടുകയാണ്. അതു കുറയ്ക്കാനുള്ള നടപടികള്‍ എളുപ്പമല്ല താനും.
ഡോളര്‍വില താണപ്പോള്‍ പെട്രോളിയത്തിനും സ്വര്‍ണത്തിനും ചെമ്പിനും പരുത്തിക്കും ഭക്ഷ്യഎണ്ണയ്ക്കുമെല്ലാം വില കൂടുന്നു. അതു രാജ്യത്തു വീണ്ടും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു. വികസിതരാജ്യങ്ങള്‍ കമ്മിപ്പണം അടിച്ചിറക്കിയും ചൈന നാണയവില താഴ്ത്തി നിറുത്തിയും നടത്തുന്ന പോരിന്റെ ഫലം ഇന്ത്യ ഭീമമായ വിലക്കയറ്റത്തിന്റെ രൂപത്തില്‍ അനുഭവിക്കുന്നു.