ഒരു പാട്ട്, അല്ലെങ്കിൽ ആൽബം, അതുമല്ലെങ്കിൽ ഒരു ബാൻഡ് എത്രത്തോളം പ്രശസ്തമാണെന്നറിയാൻ ഇന്ന് എല്ലാവരും ഉറ്റുനോക്കുന്നത് യൂട്യൂബിലേക്കാണ്. അവിടെ എത്ര ഹിറ്റ് കിട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തി. യൂട്യൂബിൽ ഹിറ്റാകാൻ ഇന്ന് തങ്ങൾ മുടക്കുന്നത് നല്ല തുകയാണെന്ന്‌ പല ബാൻഡുകളും രഹസ്യമായി സമ്മതിക്കും. എന്നാലും  യൂട്യൂബിൽ വരുന്ന നൂറെണ്ണത്തിൽ ഒരെണ്ണം ഹിറ്റായാൽ മഹാഭാഗ്യം എന്നതാണ് സത്യം.

ഇന്ന് യൂട്യൂബിൽ എങ്ങനെ വീഡിയോ അപ്‌ലോഡ് ചെയ്യാം, അതിനെ എങ്ങനെ ഹിറ്റാക്കാം എന്ന് ക്ലാസെടുക്കുന്നവർ തന്നെ നാട്ടിലുണ്ട്. അവരുടെ ഒരു വീഡിയോ പോലും ഒരു ലക്ഷം കടന്നിട്ടുണ്ടാകില്ല എന്നതാണ് സത്യം. ഇനി യൂട്യൂബിലൂടെ ലക്ഷങ്ങൾ കൊയ്യാം എന്ന് അവകാശപ്പെടുന്നവരുടെയും മോഹിക്കുന്നവരുടെയും കാര്യമോ? രണ്ടും മൂന്നും ലക്ഷം മുടക്കി ഷോർട്ട് ഫിലിമും ആൽബവുമൊക്കെ ഇറക്കുന്പോൾ തിരിച്ചുകിട്ടുന്നത് വെറും അഞ്ഞൂറും ആയിരവുമാണ്.  

2017-ൽ യൂട്യൂബിലൂടെ പണം കൊയ്തവരുടെ പട്ടിക കഴിഞ്ഞവാരം ഫോബ്‌സ് മാഗസിൻ പുറത്തുവിട്ടിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ഇരുപത്തിയാറുകാരനായ ഡാനിയേൽ മിഡിൽടൺ തന്നെ ഒന്നാം സ്ഥാനത്ത് . The Diamond Minecart എന്ന ഐ.ഡി.യിൽ യൂട്യൂബിൽ വരുന്ന ഡാനിയേലിന്റെ വരുമാനം കേട്ടാൽ ഞെട്ടും. പതിനാറര ദശലക്ഷം ഡോളറാണ് ഒരുവർഷം കൊണ്ട് ഡാനിയേൽ യൂട്യൂബിൽ നിന്ന് നേടിയത്. ഡാനിയേലിന്റെ ഭാര്യ  Jem PlaysMC എന്ന ഐ.ഡി.യിൽ വരുന്ന പെൺകുട്ടി ആണ്. Minecraft എന്ന ഗെയിമുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഇരുവരും പുറത്തിറക്കുന്നത്. 

VanossGaming എന്ന ഐ.ഡി.യുള്ള ഇവാൻ ഫോങ് എന്ന ഇരുപത്തിയഞ്ചുകാരൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് പതിനഞ്ചര ദശലക്ഷം ഡോളർ ഒരു വർഷംകൊണ്ട് നേടിയാണ്. വിവിധതരം ഗെയിമുകളെ കുറിച്ചുള്ള കോമഡി വീഡിയോകളിലൂടെയാണ് ഇവാൻ കാണികളുടെ പ്രിയങ്കരനായി മാറിയത്. 

ഇരട്ടകളായ കോറി കോട്ടൺ, കോബി കോട്ടൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഐവർ സംഘമാണ് Dude Perfect എന്ന യൂട്യൂബ് ചാനലിന്റെ ഉടമകൾ. പതിന്നാല് ദശലക്ഷം ഡോളർ വരുമാനം നേടിയ ഇവർ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അഞ്ചുപേരും മുൻ ഹൈസ്കൂൾ ബാസ്കറ്റ് താരങ്ങൾ ആണെന്നുള്ളതും ഒരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ചാനലിലുള്ളത് സ്പോർട്സ് വീഡിയോകളാണ്.

നാലാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. പന്ത്രണ്ടര ദശലക്ഷം ഡോളർ വീതം നേടിയ മാർക്ക് ഫിഷ്‌ബാക്ക് (Markiplier), ലോഗൻ പോൾ (Logan Paul Vlogs) എന്നിവരാണവർ. ഇതിൽ ലോഗൻ സിനിമ, സീരിയൽ താരമാണ്.

ഫീലിക്സ് കീൽബെർഗ് (PewDiePie) ആണ് അഞ്ചാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ഫിലിക്സിന്‌ ഒരു അബദ്ധം പറ്റി. തന്റെ വീഡിയോകൾക്കിടയിൽ ഫീലിക്സ് ജൂതരെ കുറിച്ചുള്ള വംശീയാധിക്ഷേപ പരാമർശങ്ങൾ നടത്തി എന്ന്  ‘വാൾസ്ട്രീറ്റ് ജേണൽ’ ആരോപണം ഉന്നയിച്ചു. ഇതോടെ ഫീലിക്സുമായുള്ള ബിസിനസ് ബന്ധങ്ങൾ വാൾട്ട് ഡിസ്നിയും യൂട്യൂബും നിർത്തലാക്കി. എങ്കിലും ചാനൽ ഇപ്പോഴുമുണ്ട്. അതിൽ നിന്നും പണം കൊയ്യുന്നുമുണ്ട്. ഈവർഷം ഫീലിക്സ് നേടിയത് പന്ത്രണ്ട് ദശലക്ഷം ഡോളറാണ്.

അപ്രതീക്ഷിതമായി ലിസ്റ്റിൽ കടന്നുവന്ന ഒരാളുണ്ട്. ഒരാൾ എന്നത് ശരിയല്ല, ഒരു കുട്ടി എന്നതാണ് ശരി. പതിനൊന്നു ദശലക്ഷം ഡോളർ നേടി എട്ടാം സ്ഥാനത്ത് വന്ന സ്മോഷിനോടൊപ്പം ആ സ്ഥാനം പങ്കിടുന്ന കുട്ടിയാണ് Ryan Toys Review എന്ന ചാനലിന്റെ ഉടമയായ റയാൻ. തന്റെ കുടുംബം വക ഫാക്ടറിയിൽ ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളുടെ നിരൂപണം നടത്തുന്ന റയാനിനു പ്രായം ആറു വയസ്സ് മാത്രം. അതിലേറെ രസം മറ്റൊന്നാണ്, റയാൻ ഈ ‘പണി’ തുടങ്ങുമ്പോൾ പ്രായം വെറും നാലു വയസ്സ്. പത്തു ലക്ഷത്തിലേറെ പേരാണ് റയാനിന്റെ ചാനൽ സബ്സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. 

തന്റെ കുടുംബം വക കളിപ്പാട്ടങ്ങൾ മാത്രമല്ല ഇപ്പോൾ റയാൻ കൈകാര്യം ചെയ്യുന്നത്, കുട്ടികൾക്കുള്ള ഭക്ഷണം ഉൾെപ്പടെ വിശകലനം ചെയ്യുന്നു. റയാനിന്റെ റിവ്യൂവിനായി എത്തുന്ന നൂറു കണക്കിന് കളിപ്പാട്ടങ്ങൾ പിന്നീട് ചാരിറ്റി സ്ഥാപനങ്ങൾക്ക് നൽകുകയാണ് പതിവ്. എന്താണ് റയാനിന്റെ വിജയ രഹസ്യം ? സത്യത്തിൽ യൂട്യൂബിനു പോലും അതറിയില്ല. എങ്കിലും ഒന്നുണ്ട്, സത്യസന്ധമായ വിശകലനമാണ്‌ റയാനിന്റെത്. മാത്രമല്ല, റയാനിന്റെ അവസാന വാക്ക് എന്തായിരിക്കണമെന്നു തീരുമാനിക്കുന്നത് റയാൻ മാത്രമാണ്.