ബെംഗളൂരു: വിഷാദരോഗം മാറ്റാൻ പൂജ നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് 44 -കാരിയുടെ 1.8 കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു.

വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016-ലാണ് വെബ്‌സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്.

വിഷാദം മാറ്റാൻ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നൽകിത്തുടങ്ങി. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകൾ നടത്താൻ ഇവർ കൂടി സഹായിക്കാമെന്ന് ഏറ്റു.

പൂജകൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരിമുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പലതവണയായി 1.8 കോടി രൂപയാണ് ഇവർ അക്കൗണ്ടിലിട്ടുനൽകിയത്.

ഏറെക്കാലം പൂജചെയ്തിട്ടും ഫലമൊന്നും കാണാതായതോടെ ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ച് കാരണം ചോദിക്കുകയും പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സഹോദരങ്ങൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ സംശയം തോന്നിയ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.