ലക്‌നൗ: മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യദിനമായ മെയ് നാലിന് ഉത്തര്‍ പ്രദേശില്‍ വിറ്റത് 100 കോടിയിലേറെ രൂപയുടെ മദ്യം. 

ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെതുടര്‍ന്നാണ് തിങ്കളാഴ്ച മദ്യഷോപ്പുകള്‍ തുറന്നത്. സാധാരണ ദിവസങ്ങളില്‍ 70 മുതല്‍ 80 കോടി രൂപയുടെ കച്ചവടമാണ് നടക്കാറുള്ളതെന്ന് എക്‌സൈസ് വകുപ്പ് പറയുന്നു.

സ്‌റ്റോക്ക് കാലിയായതിനെതുടര്‍ന്ന് പല മദ്യഷോപ്പുകളും ഉച്ചയ്ക്കുശേഷം താഴിട്ട് ഉടമകള്‍ സ്ഥലംവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യഷോപ്പുകള്‍ക്കുമുന്നില്‍ നീണ്ടനിരയാണ് ഇന്നുമുള്ളത്.

എക്‌സൈസ് വകുപ്പ് നല്‍കുന്ന കണക്കുപ്രകാരം ലക്‌നൗവില്‍മാത്രം തിങ്കളാഴ്ച 6.3 കോടിയുടെ മദ്യമാണ് വിറ്റത്. ഇത് എക്കാലത്തെയും റെക്കോഡാണ്. 

ഒരു ലക്ഷത്തില്‍താഴെ ജീവനക്കാര്‍ ജോലി ചെയ്യുന്ന മറ്റൊരുമേഖലയിലും ഒരു ദിവസംകൊണ്ട് 100 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ബൂസ്‌റെഡ്ഡി പറഞ്ഞു. 

ലോക്ക്ഡൗണിനെതുടര്‍ന്ന് യുപിയിലുള്ള 25,600 മദ്യഷോപ്പുകളാണ് 40 ദിവസം അടച്ചിട്ടത്.