പൊതുമേഖല എണ്ണക്കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നൽകി. ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 

സർക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശനിക്ഷേപത്തിന് സാധ്യതതെളിയും. 

നിലവിലെ നയപ്രകാരം 49ശതമാനംമാത്രമായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നത്. സ്വകാര്യമേഖലയിൽ നിലവിൽതന്നെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.

ബിപിസിഎലിൽ നിക്ഷേപംനടത്താൻ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുളളവരിൽ പലർക്കും വിദേശ നിക്ഷേപമുണ്ട്. ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്‌ക്വയർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണ്  അവയിൽ ചിലത്. എന്നാൽ ഇക്കാര്യം സർക്കാർ പുറത്തുവിട്ടിട്ടില്ല.