തൃശ്ശൂർ: സംസ്ഥാനത്ത് തീവണ്ടികൾ മുമ്പില്ലാത്തവിധം സമയനിഷ്ഠയിലേക്ക്. വൈകൽ പഴങ്കഥയായത് കോവിഡ് രണ്ടാംതരംഗത്തിനുശേഷം ഗതാഗതം പഴയനിലയിലേക്ക് എത്തിയപ്പോഴാണ്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ സമയക്ലിപ്തതയുടെ കാര്യത്തിൽ 95 ശതമാനത്തിലാണിപ്പോൾ. രണ്ടുകൊല്ലം മുമ്പ് 50-നും 60-നും ഇടയ്ക്കായിരുന്നു ഇത്. രണ്ടു ഡിവിഷനുകളിൽ തിരുവനന്തപുരം ഡിവിഷനാണ് ഒരു പടി മുന്നിൽ നിൽക്കുന്നതും.

ഭൂരിഭാഗം തീവണ്ടികളുടെയും സമയം ഇപ്പോൾ അഞ്ചുമിനിറ്റുമുതൽ ഒരു മണിക്കൂർവരെ നേരത്തെയാക്കിയിട്ടുമുണ്ട്. രാജ്യമൊട്ടാകെ തീവണ്ടികളുടെ വേഗംകൂട്ടിയതും സംസ്ഥാനത്തേക്ക് വരുന്ന വണ്ടികളുടെ സമയനിഷ്ഠയ്ക്ക് അനുകൂലമായി. മുമ്പ് മണിക്കൂറിൽ 100-110 കിലോമീറ്റർ ആയിരുന്നു എക്സ്‌പ്രസ്‌ വണ്ടികളുടെ പരമാവധി വേഗം. ഇതിപ്പോൾ 130 കിലോമീറ്ററാക്കി.

സംസ്ഥാനത്ത് തീവണ്ടികൾ ഇഴഞ്ഞിരുന്നതിന് ഒരു പ്രധാനകാരണം സ്ഥിരം വേഗനിയന്ത്രണ പോയിന്റുകളായിരുന്നു(പെർമനന്റ് സ്പീഡ് റെസ്ട്രിക്ഷൻ -പി.എസ്.ആർ.). ട്രാക്കിലെ അലൈൻമെന്റ്, വളവ് മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങിയവയാണ് സ്ഥിരം വേഗനിയന്ത്രണം ചില സ്ഥലങ്ങളിൽ ഏർപ്പെടുത്താൻ കാരണം. എന്നാൽ, ലോക്ഡൗൺ സമയം ഉപയോഗപ്പെടുത്തി ഈ പ്രശ്നങ്ങൾ പരിഹരിച്ച് പി.എസ്.ആറുകളുടെ എണ്ണം ഗണ്യമായി കുറച്ചു.

വലിയ മാറ്റം ഉണ്ടായ ചില തീവണ്ടികൾ:-

  • ഷാലിമാർ-തിരുവനന്തപുരം എക്സ്‌പ്രസ് തിരുവനന്തപുരത്ത് എത്തുന്ന സമയം ഒരു മണിക്കൂർ നേരത്തെയാക്കി.
  • പട്‌ന- എറണാകുളം എക്സ്‌പ്രസ് എറണാകുളത്ത് എത്തുന്നത് 40 മിനിറ്റ് നേരത്തേ
  • ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്സ്‌പ്രസ് ചെന്നൈയിൽ എത്തുന്നത് 50 മിനിറ്റ് നേരത്തേ.