തൃശ്ശൂർ: ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ കൗണ്ടറുകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൊടുക്കുമ്പോൾ കൂടുതൽ സമയം വേണ്ടിവരുന്നു. ടിക്കറ്റിന് കാർഡ് വാങ്ങി പണം ഈടാക്കുമ്പോൾ കറൻസി വാങ്ങുന്നതിനേക്കാൾ മൂന്നുമിനിറ്റുവരെ ഒരു ടിക്കറ്റിന് അധികം വേണ്ടിവരുന്നുണ്ട്.

ടിക്കറ്റിന്റെ വിവരങ്ങളെല്ലാം ഐ.ആർ.സി.ടി.സി.യുടെ വെബ്‌സൈറ്റിലേക്കാണ് ആദ്യം കൊടുക്കുന്നത്. കാർഡ് ഉപയോഗപ്പെടുത്താനുള്ള പി.ഒ.എസ്. മെഷീനിലേക്ക് പിന്നീട് ഈ വിവരങ്ങൾ കൈമാറും. അതിനുശേഷം കാർഡ് സ്വൈപ് ചെയ്യുമ്പോഴാണ് പണം സ്വീകരിക്കുക. വീണ്ടും ഐ.ആർ.സി.ടി.സി.യുടെ സൈറ്റിൽ കൺഫർമേഷൻ കൊടുത്തുകഴിയുമ്പോഴാണ് ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്.

കാർഡ് കൊടുക്കുമ്പോൾ ഉണ്ടാവുന്ന അധികസമയംമൂലം കൗണ്ടറുകളിൽ ക്യൂവിന്റെ നീളം കൂടുന്നത് രാവിലെയും വൈകുന്നേരവുമാണ്. സീസൺ യാത്രക്കാരാണ് ഇതിൽ ഏറെയും ഉണ്ടാവുക. ബുക്ക് ചെയ്യാത്ത യാത്ര അനുവദിക്കാത്തതിനാൽ ഒരാഴ്‌ചത്തേക്കുള്ള ടിക്കറ്റ് ഒന്നിച്ച് റിസർവ് ചെയ്യാനാണിത്.

ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ ഓൺലൈനിൽ ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥയുള്ളതിനാലാണ് കൗണ്ടർ ടിക്കറ്റിന് തിരക്ക് കൂടുന്നത്.