തൃശ്ശൂർ: ശരാശരി പത്തുശതമാനം വളർച്ചയെന്ന പതിവുവിട്ട് കോവിഡുകാലത്ത് ഇന്ത്യൻ ഔഷധ വിപണിക്ക് മികച്ച പ്രകടനം. 12.17 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ച. വിറ്റുവരവ് 2,89,998 കോടി രൂപ. കയറ്റുമതി ഉൾപ്പെടെയുള്ള കണക്കാണിത്.

മുൻ വർഷം 2,58,534 കോടിയായിരുന്നു വിറ്റുവരവ്. 31,464 കോടി രൂപയുടെ കൂടുതൽ വില്പന നടന്നു. എന്നാൽ, കയറ്റുമതിയിൽ ചെറിയ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ വിറ്റുവരവിൽ 1,46,260 കോടി രൂപയും കയറ്റുമതി ഇനത്തിലാണ്. മുൻ വർഷമിത് 1,47,420 കോടി രൂപയുടേതായിരുന്നു. ഇറക്കുമതിയിലും കുറവാണുണ്ടായിരിക്കുന്നത്. 2019-20 വർഷത്തിൽ മെഡിക്കൽ ഉപകരണങ്ങളടക്കം 72,800 കോടി രൂപയുടെ ഇറക്കുമതിയാണ് നടന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം 42,943 കോടിയുടെ മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. മെഡിക്കൽ ഉപകരണങ്ങളുടെ കണക്കുകൾ ഇത്തവണത്തെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതുംകൂടി വന്നാൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാവൂ.

ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കുത്തിവെപ്പ് മരുന്നുകളിൽ 60 ശതമാനവും പുറത്തിറക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. കഴിഞ്ഞ വർഷം കൂടുതൽ മരുന്നുകൾ അയച്ചത് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് - 34 ശതമാനം. 17 ശതമാനം കയറ്റുമതി നടത്തിയ ആഫ്രിക്കയാണ് തൊട്ടുപിന്നിൽ. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 15 ശതമാനമാണ്.