പാലക്കാട്: ടെലികോം മേഖലയിൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ഇറക്കുമതി മൂന്നുമുതൽ അഞ്ചുവർഷംകൊണ്ട് കുറയ്‌ക്കുമെന്ന് ടെലികോം കമ്മിഷൻ ചെയർമാനും കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് സെക്രട്ടറിയുമായ അരുണ സുന്ദർരാജൻ പറഞ്ഞു. ഒന്നരലക്ഷം കോടിയുടെതാണ് ഇറക്കുമതി.

മെയ്‌ക്ക്‌ ഇൻ ഇന്ത്യയിലൂടെ തദ്ദേശീയമായ നിർമാണം കൂട്ടും. 5ജി മേഖലയിലെ വികസത്തിന്റെ കേന്ദ്രമായി എ.ടി.ഐ.കളെ മാറ്റും. ബി.എസ്.എൻ.എൽ. 4ജി സേവനത്തിന് ഉടൻ നടപടിയാവുമെന്ന് ടെലകോം മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐ.ടി.ഐ.) പാലക്കാട് യൂണിറ്റ് സന്ദർശനത്തിനെത്തിയതായിരുന്നു അവർ. നവീകരണ പാക്കേജിലൂടെ ഐ.ഐ.ടി.കളിലെ അടിസ്ഥാനസംവിധാനങ്ങൾ മെച്ചപ്പെടുത്തി. ഇന്റർനെറ്റ് ഡാറ്റ ഉപയോഗത്തിൽ ഇപ്പോൾ ഇന്ത്യ മുന്നിലെത്തി. എന്നാൽ, ഈ മേഖലയിലെ വിപണിയിൽ മൂന്നിലൊന്ന് മാത്രമാണ് നമ്മൾ പ്രയോജനപ്പെടുത്തുന്നത്. ബാക്കി സാധ്യതകൾ തുറന്നുകിടക്കയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഉൾപ്പെെടയുള്ള സ്ഥാപനങ്ങളുമായും സ്റ്റാർട്ടപ്പ് സംരംഭകരുമായും സഹകരിച്ച് 5ജി. സാധ്യത പരമാവധി പ്രയോജനപ്പെടുത്തും.

ബെംഗളൂരുവിൽനിന്നുൾപ്പെെട 13 സ്റ്റാർട്ടപ്പ് സംരഭങ്ങൾ ഐ.ടി.ഐ.യുമായി യോജിച്ച് പ്രർത്തിക്കുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. മികച്ച പ്രവർത്തനമാണ് പാലക്കാട് ഐ.ടി.ഐ.യുടേത്. ഓർഡറുകൾ കിട്ടിയാലും യൂണിറ്റ് തലത്തിൽ അതിന് പ്രവർത്തനമൂലധനം കണ്ടെത്താൻ നിലവിലുള്ള പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ വേണ്ടനടപടിയുണ്ടാവും. സൈബർ സുരക്ഷയ്ക്കും നെറ്റ്‌വർക്ക് സുരക്ഷയ്ക്കും രാജ്യം കൂടുതൽ ഊന്നൽനൽകുന്നുണ്ട്. ഉപകരണങ്ങൾ തദ്ദേശീയമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ഇതിൽ ഐ.ടി.ഐ.കൾക്ക് കൂടുതൽ സാധ്യത തെളിയുമെന്നും അരുണ സുന്ദർരാജൻ പറഞ്ഞു.