കൊച്ചി: കേരളം ആസ്ഥാനമായി കോവിഡ് ആര്‍ടി-ക്യുപിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കുന്ന ഏകസ്ഥാപനമായ ടിസിഎം സംസ്ഥാനത്തെ പരിശോധനകള്‍ക്കാവശ്യമായ മുഴുവന്‍ ആര്‍ടി-ക്യുപിസിആര്‍ കിറ്റുകളും നിര്‍മിക്കാന്‍ സജ്ജമായി.

രണ്ടു മാസത്തിനുള്ളില്‍ 30 ലക്ഷം പരിശോധനക കിറ്റുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ഡല്‍ഹി ഐഐടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉല്‍പ്പാദിപ്പിക്കുന്ന കിറ്റുകള്‍ കോവി-ഡിറ്റെക്റ്റ് ബ്രാന്‍ഡില്‍ വിപണിയിലെത്തി. 

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ കോവിഡ് 19 റിയല്‍ ടൈം പിസിആര്‍ അധിഷ്ഠിത കിറ്റാണിതെന്നും സംസ്ഥാനത്തിന്റെ കോവിഡ് പോരാട്ടത്തെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാന്‍ കോവി-ഡിറ്റെക്റ്റിനു കഴിയുമെന്നും ടിസിഎം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് വര്‍ഗീസ് പറഞ്ഞു. 

കളമശ്ശേരി കിന്‍ഫ്ര ബയോടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സോണിലെ യൂണിറ്റ് പ്രതിദിനം 10,000 ടെസ്റ്റുകള്‍ക്കുള്ള കിറ്റുകള്‍ നിര്‍മിച്ചുതുടങ്ങി. ഒരാഴ്ചക്കകം ദിനംപ്രതി 50,000 ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ 500 കിറ്റുകള്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ത്തും.

കോവിഡ് പരിശോധനയ്ക്കായി കേരളം ഇപ്പോള്‍ പൂര്‍ണമായും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കിറ്റുകളെയാണ് ആശ്രയിക്കുന്നത്. കേടുകൂടാതെ ഡ്രൈ ഐസില്‍ പായ്ക്ക് ചെയ്താണ് കൊണ്ടുവരുന്നത്. അതിനാല്‍തന്നെ  48 മുതല്‍ 72 വരെ സമയമെടുക്കും. ഇത്  ഗുണനിലവാരത്തെയും ബാധിക്കും.  

കൊച്ചിയില്‍ ഉത്പാദനം തുടങ്ങിയതോടെ കേരളത്തിലെ ലാബുകള്‍ക്ക് വന്‍തോതില്‍ കിറ്റുകള്‍ വാങ്ങി സൂക്ഷിക്കേണ്ട ബാധ്യതയും ഉണ്ടാകില്ല. വിലയിലും കുറവുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.