ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് നൂറുകണക്കിനുപേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 

17 മാസക്കാലയളവില്‍ മൊത്തം 22,400 കോടി രൂപ(350 കോടി ഡോളര്‍)യുടെ ഇടപാടാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

സാങ്കേതിക വിദ്യയില്‍ പ്രാഗല്‍ഭ്യം നേടിയ യുവ നിക്ഷേപകരും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും ജ്വല്ലറി ഉടമകളുമാണ് പ്രമുഖ ഇടപാടുകാരില്‍ പലരും.

മുംബൈ, ഡല്‍ഹി, ബെംഗളുരു, പുണെ എന്നിവിടങ്ങളിലെ എസ്‌ക്‌സ്‌ചേഞ്ചുകളില്‍ പരിശോധന നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിയമവിധേയമല്ലാത്ത രാജ്യങ്ങള്‍ എപ്രകാരം ഇതിനെ കൈകാര്യം ചെയ്യണമെന്ന് ആലോചിച്ചുവരികയാണ്. മാര്‍ച്ചില്‍ അര്‍ജന്റീനയില്‍ ചേരുന്ന ജി20 ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. 

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ആര്‍ബിഐയും ധനകാര്യമന്ത്രാലയവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.