മുംബൈ: കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് ചരിത്രത്തിലാദ്യമായി ഉന്നതനേതൃനിരയിൽ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റ ഗ്രൂപ്പ് കമ്പനികൾ. ടാറ്റ സൺസ് ചെയർമാന്‍റെയും ഗ്രൂപ്പിനുകീഴിലുള്ള കമ്പനികളുടെ മാനേജിങ് ഡയറക്ടർ, സി.ഇ.ഒ. തലത്തിലുള്ളവരുടെയും വാർഷിക ബോണസ്സിൽ ഒരു വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രൂപ്പിന്‍റെ ചെലവുചുരുക്കലിന്‍റെ ഭാഗമായാണ് നടപടി.

ഏകദേശം 20 ശതമാനത്തിനടുത്ത് കുറവു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ജീവനക്കാരുടെ ശമ്പളം കുറച്ചിട്ടില്ല. ജീവനക്കാരിൽ ആത്മവിശ്വാസം നിലനിർത്തി കമ്പനിയുടെ പ്രവർത്തനച്ചെലവ്‌ കുറയ്ക്കുകയാണ് ഇതിലൂടെ കമ്പനിലക്ഷ്യമിടുന്നത്.

ടാറ്റ ഗ്രൂപ്പിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ടി.സി.എസ്. സി.ഇ.ഒ. രാജേഷ് ഗോപിനാഥന്‍റെ പ്രതിഫലം കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോട്ടൽസ് നേതൃനിരയിലുള്ളവരുടെ പ്രതിഫലത്തിൽ ഒരു വിഹിതം കമ്പനിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ, ട്രെൻറ്, ടാറ്റ ഇൻറർനാഷണൽ, ടാറ്റ കാപിറ്റിൽ, വോൾട്ടാസ് തുടങ്ങിയ കമ്പനികളിൽ മാനേജിങ് ഡയറക്ടറുടെയും സി.ഇ.ഒ.മാരുടെയും ശമ്പളം കുറച്ചിട്ടുണ്ട്. പ്രധാനമായും ഈ വർഷത്തെ ബോണസ്സിൽ ആണ് കുറവുവരുത്തിയിരിക്കുന്നതെന്നാണ് വിവരം.