റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനി വിസിറ്റിങ് പ്രൊഫസറാകുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. അതേസമയം, വിസിറ്റിങ് ഫാക്കല്‍റ്റിയായി നിയമിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് പ്രതികരിച്ചു.

കാമ്പസിലുള്ള വൈസ് ചാന്‍സലര്‍ രാകേഷ് ബട്നഗറുടെ വസതിക്കുമുന്നില്‍ നാല്‍പ്പതിലേറെവരുന്ന വിദ്യാര്‍ഥികള്‍ പ്രകടനംനടത്തി. വൈസ് ചാന്‍സലര്‍ക്ക് വിദ്യാര്‍ഥികള്‍ നിവേദനവും നല്‍കി. നിത അംബാനിക്കു പകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. 

യൂണിവേഴ്സിറ്റിയിലെ സോഷ്യല്‍ സയന്‍സ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കല്‍റ്റിയായി ചേരാന്‍ നിത അംബാനിയോട് അഭ്യര്‍ഥിച്ചത്. റിലയന്‍സ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. 

പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കല്‍റ്റിയായി നിയമിക്കാന്‍ സോഷ്യല്‍ സയന്‍സ് വിഭാഗം തീരുമാനിച്ചിരുന്നു. 

രണ്ടു വര്‍ഷം മുമ്പ് സ്ഥാപിച്ച വിമന്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസര്‍മാര്‍ക്കായി മൂന്നു തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കൊപ്പം സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പഠന-ഗവേഷണ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രത്തില്‍ നടക്കുന്നത്. 

സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കില്‍ അരുണിമി സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം, കിരണ്‍ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.