കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് 2021 ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നുമാസ കാലയളവിൽ 187.06 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുൻവർഷം രണ്ടാം പാദത്തിൽ 65.09 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്താണ് ഇത്. അതേസമയം, നടപ്പു സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ 111.91 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിക്കാൻ ബാങ്കിന് കഴിഞ്ഞു.

മുൻവർഷം ഇതേകാലയളവിൽ ഇത് 390.94 കോടിയായിരുന്നു. 175.56 കോടി രൂപയുടെ തേയ്മാനത്തിനായുള്ള വകയിരുത്തൽ റിസർവ് ബാങ്കിന്റെ പുതിയ മാനദണ്ഡം അനുസരിച്ച് ലാഭനഷ്ട അക്കൗണ്ടിൽ മറ്റു വരുമാനം എന്ന നിലയിൽ നഷ്ടമായി രേഖപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എഴുതിത്തള്ളിയ കിട്ടാക്കടം തിരിച്ചുപിടിച്ചത് വകയിരുത്തലുകളുടെ ഗണത്തിലും പെടുത്തേണ്ടിവന്നു. ഇവ രണ്ടും പഴയനിലയിൽ രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ 346 കോടിയുടെ പ്രവർത്തന ലാഭം കൈവരിക്കാനാകുമായിരുന്നുവെന്ന് ബാങ്ക് വ്യക്തമാക്കി.ബാങ്കിന്റെ മൊത്തം കിട്ടാക്കടം വായ്പയുടെ 6.65 ശതമാനമായി ഉയർന്നു. മുൻവർഷം ഇത് 4.87 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തിയാകട്ടെ, 2.59 ശതമാനത്തിൽ നിന്ന് 3.85 ശതമാനമായി ഉയർന്നു.

കോവിഡ് പ്രതിസന്ധി ബിസിനസ് വായ്പകളുടെയും വ്യക്തിഗത വായ്പകളുടെയും വളർച്ചയെ ബാധിച്ചെങ്കിലും ഉയർന്ന റേറ്റിങ് ഉള്ള കോർപ്പറേറ്റ് വായ്പയും സ്വർണപ്പണയവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം 15.74 ശതമാനം എന്ന സുരക്ഷിതമായ നിലയിലാണ്. നടപ്പു സാമ്പത്തികവർഷം കൂടുതൽ മൂലധന സമാഹരണത്തിന് ഒരുങ്ങുകയാണ് ബാങ്ക്.