കൊച്ചി: ഹൗസിംഗ് ഫിനാൻസ് സ്ഥാപനമായ ശ്രീറാം ഹൗസിംഗ് ഫിനാൻസിന് 300 കോടി രൂപ അധിക മൂലധനമായി ലഭിച്ചു. ആദ്യഘട്ട വികസനത്തിനും കൂടുതൽ വായ്പകൾ നൽകുന്നതിനുമായാണ്  മാതൃസ്ഥാപനമായ ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് നൽകിയ ഈ പണം ഉപയോഗിക്കുക. ഇതോടെ  ശ്രീറാം ഹൗസിംഗ് ഫിനാൻസിന്റെ ഓഹരി മൂലധനം 1,100 കോടി രൂപയായി ഉയർന്നു.

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം മാർച്ച് മാസത്തോടെ 5,600 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇത് 4000 കോടി കടന്നിരുന്നു. ശ്രീറാം ഗ്രൂപ്പിനിന്റെ ഹൗസിംഗ് ഫിനാൻസ് കമ്പനിക്ക് ഇതു രണ്ടാം തവണയാണ് ഓഹരി മൂലധനം ലഭിക്കുന്നത്.  

2022 സാമ്പത്തിക വർഷം ലഭ്യമായ ഓഹരി മൂലധനം 500 കോടി രൂപയായി ഉയർന്നു. കമ്പനി തുടങ്ങിയപ്പോൾ മുതലുള്ള ഓഹരി മൂലധനം ഇതോടെ 1,088 കോടി രൂപയായി. വായ്പകൾ വർധിപ്പിച്ച്  ബാലൻഷീറ്റ് അതിവേഗം വികസിപ്പിക്കാൻ ഇത് കമ്പനിയെ സഹായിക്കും.

കൂടുതൽ ഓഹരി മൂലധനം വന്നതോടെ ശ്രീറാം സിറ്റി യൂണിയന് കമ്പനിയിലുള്ള ഹോൾഡിംഗ് 85.02 ശതമാനമായി ഉയർന്നതായി ശ്രീറാം ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രവി സുബ്രഹ്മണ്യൻ പറഞ്ഞു.