മുംബൈ: ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള 2078 സംവത് വര്‍ഷത്തിന് തുടക്കമിട്ടുള്ള ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരം ഉയര്‍ച്ചയോടെ അവസാനിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും വ്യാപരത്തില്‍ ഓളം സൃഷ്ടിച്ചു. സെന്‍സെക്‌സ് 295.70 പോയിന്റ് ഉയര്‍ന്ന് 60,067.62 ല്‍ അവസാനിച്ചു. കോട്ടക്, ഇന്‍ഡസ്, എസ്ബിഐ തുടങ്ങിയ ബാങ്കുകളും ബജാജ് ഓട്ടോ, സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസും നേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ആക്സിസ് ബാങ്ക് എന്നിവയിലെ നേട്ടങ്ങള്‍ കാരണം നിഫ്റ്റി അതിന്റെ പ്രധാന  നിലവാരമായ 17,900 ന് മുകളില്‍ മുന്നേറി. 17,916.80 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വൈകീട്ട് 6.15 മുതല്‍ 7.15 വരെയാണ് പ്രത്യേക വ്യാപാരം നടന്നത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇടപാടു നടത്തുന്നത് വര്‍ഷം മുഴുവനും ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലിയോടനുബന്ധിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പതിവു രീതിയില്‍ വ്യാപാരം ഉണ്ടായില്ല. ബി.എസ്.ഇ. യില്‍ 1957 മുതലും എന്‍.എസ്.ഇ. യില്‍ 1992 മുതലും മുഹൂര്‍ത്ത വ്യാപാരം നടന്നു വരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 14 -നായിരുന്നു മുഹൂര്‍ത്ത വ്യാപാരം. അന്ന് സെന്‍സെക്‌സ് 43,638 പോയന്റിലും എന്‍.എസ്.ഇ. 12,771 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.