ടോക്യോ: ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് ജപ്പാന്‍ കമ്പനി ശമ്പളം ഇനി ബിറ്റ്‌കോയിനായി നല്‍കും.

ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ തുടങ്ങിയ ഖേലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അടുത്തവര്‍ഷം ഫെബ്രുവരിയോടെ കമ്പനിയുടെ ജപ്പാനിലെ ജീവക്കാര്‍ക്കായിരിക്കും ശമ്പളം ബിറ്റ്‌കോയിനായി നല്‍കുക. ഒരു ലക്ഷം യെന്‍ (890 ഡോളര്‍) തുടക്കത്തില്‍ ഇതിനായി ചെലവഴിക്കുമെന്നും കമ്പനി പറയുന്നു. ജപ്പാനിലെ ജിഎംഒ ഗ്രൂപ്പിലെ 4000 ജീവനക്കാര്‍ക്ക് പ്രഖ്യാപനം ബാധകമാകും. 

അതേസമയം, ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍മാത്രം ബിറ്റ്‌കോയിനില്‍ ശമ്പളം സ്വീകരിച്ചാല്‍ മതിയെന്ന് കമ്പനി വക്താവ് ഹാറുമി ഇഷീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2018 മെയ് മാസത്തോടെ ബിറ്റ്‌കോയിന്‍ ട്രെഡിങ്, എക്‌സ്‌ചേഞ്ച് എന്നീ ബിസിനസുകള്‍ തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 

അതിന്റെ ഭാഗമായി അടുത്തമാസംതന്നെ ബിറ്റ്‌കോയിന്‍ മൈനിങ് കമ്പനി തുടങ്ങും. ഇടപാടുകള്‍ക്ക് വ്യാപകമായി അംഗീകാരം നേടിയെടുക്കാനും സുരക്ഷിതമായ ശൃംഖല തീര്‍ക്കുന്നതിനും വേണ്ടിയാണിതെന്നും ഹാറുമി പറയുന്നു.

2017 ജനുവരിയില്‍ 1000 ഡോളറുണ്ടായിരുന്ന ബിറ്റ്‌കോയിന്റെ മൂല്യം ഈയാഴ്ച 17,000 ഡോളറിലെത്തിയിരിക്കുകയാണ്. 

ആര്‍ബിഐ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അംഗീകരിച്ചിട്ടില്ല. ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ബിഐ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.