ദീപാവലിയോടനുബന്ധിച്ചുള്ള 'ധന്‍തേരസ്' ദിനത്തില്‍ നേട്ടം കൊയ്ത് രാജ്യത്തെ സ്വര്‍ണ വ്യാപാര മേഖല. 'ധന്‍തേരസ്' മുഹൂര്‍ത്തത്തില്‍ രാജ്യ വ്യാപകമായി 7,500 കോടി രൂപയുടെ വില്പന നടന്നതായാണ് കണക്ക്. ഏകദേശം 15 ടണ്‍ സ്വര്‍ണം രാജ്യത്തെ ജൂവലറികള്‍ ഈ ദിവസം വിറ്റഴിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സും (സി.എ.ഐ.ടി.) അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ജൂവലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷനും (എ.ഐ.ജെ.ജി.എഫ്.) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വില്പന കോവിഡിനു മുന്‍പുള്ള നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് മിക്ക സ്വര്‍ണ വ്യാപാരികളും പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,000 കോടി രൂപയുടെ വില്പനയാണ് 'ധന്‍തേരസ്' ദിനത്തില്‍ നടന്നത്. ദീപാവലിയോടനുബന്ധിച്ച് മികച്ച വില്പനയുണ്ടാകുമെന്ന് നേരത്തെ തന്നെ സ്വര്‍ണ വ്യാപാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ വില്പന കാര്യമായി നടന്നിരുന്നില്ല. ഈ വര്‍ഷം എല്ലാവരും ആഘോഷങ്ങളുടെ മൂഡിലേക്ക് വന്നതായും ഡിമാന്‍ഡ് കൂടിയതായും വ്യാപാരികള്‍ പറയുന്നു.

ഹിന്ദു കലണ്ടര്‍ വര്‍ഷം പ്രകാരം ദീപാവലി ഉത്സവാഘോഷങ്ങളുടെ തുടക്ക ദിനമായ 'ധന്‍തേരസ്' സ്വര്‍ണം വാങ്ങാന്‍ ഏറ്റവും അനുയോജ്യമായാണ് ഇന്ത്യക്കാര്‍ കരുതുന്നത്. വടക്കേ ഇന്ത്യക്കാരാണ് ഈ ദിവസത്തിന് അതീവ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണ വില്പനയും കൂടുതല്‍ നടക്കുന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ.) സംസ്ഥാന ട്രഷററും ജെം ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടറുമായ അബ്ദുള്‍ നാസര്‍ അറിയിച്ചു.

കേരളത്തില്‍ ദീപാവലി പൊതുവേ വലിയ ആഘോഷമല്ലെങ്കിലും സംസ്ഥാനത്തും 'ധന്‍തേരസ്' ദിവസം മോശമല്ലാത്ത വില്പനയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍. രാജ്യത്തിനകത്തും പുറത്തുമായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പന 40-50 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സി.എം.ഡി. എം.പി. അഹമ്മദ് പറഞ്ഞു. ബെംഗളൂരു, ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മികച്ച ഡിമാന്‍ഡ് പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

'ധന്‍തേരസി'ല്‍ നിലവിലുള്ളതും പുതിയ ഉപഭോക്താക്കളില്‍നിന്നും മികച്ച ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 'പ്ലെയിന്‍' ഗോള്‍ഡ് സെഗ്മെന്റിലാണ് മികച്ച വില്പന നേടാനായത്. 'സ്റ്റഡഡ്' ജൂവലറി വിഭാഗത്തിലും വില്പനയില്‍ കാര്യമായ വര്‍ധനയുണ്ടായി. ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rupees 7500 Crore Gold Sale In Dhanteras Celebration, South India Sales Cross 2000 Crore