കോട്ടയം: ആഭ്യന്തരവിപണിയിൽ റബ്ബർ വില 160 കടന്നു. മൂന്നുവർഷത്തിനിടെ ആദ്യമായാണ്‌ വില 160 കടക്കുന്നത്‌. ആർ.എസ്‌.എസ്‌.-നാല്‌ റബ്ബറിന്‌ 163 രൂപയാണ്‌ ചൊവ്വാഴ്‌ചത്തെ വില. തായ്‌ലൻഡിൽ ഇലവീഴ്‌ച ഉത്‌പാദനത്തെ ബാധിച്ചതും അന്താരാഷ്‌ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്നതുമാണ്‌ പ്രധാന കാരണം.

തായ്‌ലൻഡിൽ അസാധാരണമായ ഇലവീഴ്‌ച രോഗമാണ്‌. ഇതോടെ ഉത്‌പാദനം കുറഞ്ഞു. അന്താരാഷ്‌ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞു. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്‌. ബാങ്കോക്ക്‌ വില 183.43 രൂപയാണ്‌. 2017 ഫെബ്രുവരിയിലാണ്‌ ഇതിനുമുമ്പ്‌ റബ്ബർ വില 160 രൂപയിലെത്തിയത്‌.

രാജ്യത്ത്‌ വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്‌. കഴിഞ്ഞ ജൂണിലാണ്‌ കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയത്‌.

ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന്‌ കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയിൽ 25,000 ടണ്ണിന്റെ കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

റബ്ബറിന്‌ സർക്കാർ നൽകുന്ന വിലസ്‌ഥിരതാപദ്‌ധതിയുടെ പരിധി 150-ൽനിന്ന്‌ 200 രൂപയാക്കണമെന്ന്‌ റബ്ബർ ഡീലേഴ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ജോർജ്‌ വാലി, ജനറൽ സെക്രട്ടറി ബിജു പി.തോമസ്‌ എന്നിവർ ആവശ്യപ്പെട്ടു.