ആലപ്പുഴ: അന്താരാഷ്ട്ര വിപണിയിൽ റബ്ബർവില കുതിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് നാട്ടിലും വിലയുയർന്നുതുടങ്ങി. ഏറെക്കാലത്തിനുശേഷം തിങ്കളാഴ്ച ആർ.എസ്.എസ്.-4 ന് വില കിലോയ്‌ക്ക്‌ 140 രൂപയായി. കുറച്ചുകൂടി മുകളിലേക്കുപോകുമെന്നാണ് സൂചനകൾ.

ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്.-3 (ഇന്ത്യയുടെ ആർ.എസ്.എസ്.-4 നു തുല്യം) ഇനത്തിന് തിങ്കളാഴ്ച 156.40 രൂപയായി. ഈ മാസം മാത്രം 14 രൂപയുടെ വർധന. അതേ തോതിലല്ലെങ്കിലും ഇതാണ് നാട്ടിലും പ്രതിഫലിച്ചത്. ഒക്ടോബർ തുടങ്ങുമ്പോൾ 133.50 രൂപയായിരുന്നു.

തുടർച്ചയായി പെയ്യുന്ന മഴ കാരണം കൃത്യമായി ടാപ്പിങ് നടക്കുന്നില്ല. ഇത് വിപണിയിൽ റബ്ബർലഭ്യത കുറച്ചിട്ടുണ്ട്. ഇനിയും വിലകൂടുമെന്ന പ്രതീക്ഷയിൽ കർഷകർ വിൽക്കാത്തതും വിലകൂടാൻ കാരണമായി. 135 രൂപയ്ക്കു മുകളിലേക്കുപോയശേഷം വൻകിട കമ്പനികൾ വിപണിയിൽനിന്ന് കാര്യമായി വാങ്ങുന്നില്ല. മഴമാറി കൂടുതൽ റബ്ബർ വിപണിയിലെത്തുമ്പോൾ വിലകുറയുമെന്ന പ്രതീക്ഷയിൽ അവർ മാറിനിൽക്കുകയാണ്.

വിലകൂടാൻ കാരണം ചൈന
കോവിഡ് കാലത്തും ചൈനയുടെ വളർച്ചനിരക്ക് കൂടിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ പാദത്തിൽ 3.2 ശതമാനമായിരുന്നത് ഈ പാദത്തിൽ 4.9 ശതമാനമായി. ടയറിനായി ചൈന കൂടുതൽ റബ്ബർ വാങ്ങുമെന്ന സൂചനകൾ വന്നതാണ് അന്താരാഷ്ട്രരംഗത്ത് ഡിമാൻഡ് കൂട്ടിയത്.

ഇതിനൊപ്പം പ്രധാന ഉത്പാദകരാജ്യങ്ങളായ തായ്‌ലാൻഡിലും വിയറ്റ്‌നാമിലും കനത്തമഴ കാരണം റബ്ബർലഭ്യത കുറഞ്ഞതും വിലകൂടാൻ കാരണമായി. ചൈന പ്രധാനമായും വിയറ്റ്‌നാമിൽനിന്നാണ് വാങ്ങുന്നത്. റബ്ബർപ്പാൽ കയറ്റുമതിക്ക് ഇന്ത്യയിലേക്ക് ധാരാളം അന്വേഷണങ്ങൾ വന്നുതുടങ്ങിയിട്ടുമുണ്ട്.

ഇറക്കുമതി കുറഞ്ഞു
ഈ വർഷം സെപ്റ്റംബർവരെ 1.75 ടൺ റബ്ബറാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവർഷം ഇതേസമയത്ത് ഇത് 2.58 ടണ്ണായിരുന്നു.

എന്നാൽ, മൂന്നുമാസത്തോളംനീണ്ട ലോക്ഡൗൺ കാലത്തുള്ള കുറവാണ് പ്രതിഫലിച്ചിരിക്കുന്നതെന്ന് റബ്ബർബോർഡ് കേന്ദ്രങ്ങൾ പറഞ്ഞു. അധികംവൈകാതെ നാട്ടിൽനിന്ന് വ്യവസായികൾ റബ്ബർ വാങ്ങിത്തുടങ്ങുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.