21 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെതുടർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ(ഇപിഎഫ്ഒ) രാജ്യമൊട്ടാകെയുള്ള ഓഫീസുകളിൽ പരിശോധന നടത്തുന്നു. 

സമീപകാലയളവിലെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ളവയാണ് സൂക്ഷ്മപരിശോധന നടത്തുക. മുംബൈയിലെ ഇപിഎഫ് ഓഫീസിൽ ഈയിടെ നടത്തിയ ഓഡിറ്റിനെതുടർന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. 

മുംബൈയിലെ കാന്ധിവിളി ഓഫീസിലെ ക്ലാർക്ക് 817 ബാങ്ക് അക്കൗണ്ടുകൾവഴി 21.5 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാന്ധിവിളി ഓഫീസിലെ ആറ് ജീവനക്കാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 

കോവിഡ് വ്യാപകമായപ്പോൾ വരുമാനനഷ്ടമുണ്ടായതിനെതുടർന്ന് ജീവനക്കാർക്ക് നിക്ഷേപം പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മെയ് 31വരെ 18,700 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്.  ഇത്തരത്തിൽ പിൻവലിച്ച നിക്ഷേപങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.