വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യംമൂലം ഇന്ത്യയിലേയ്ക്കുള്ള പ്രവാസികളുടെ പണമയയ്ക്കലില്‍ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോക ബാങ്ക്.

കഴിഞ്ഞവര്‍ഷം 83 ബില്യണ്‍ യുഎസ് ഡോളറാണ് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത്. ഈ വര്‍ഷം ഇത് 64 ബില്യണായി കുറയുമെന്ന് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമീപകാല ലോകചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാകുന്നത്. സാമ്പത്തികമന്ദ്യം നേരിടുന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെടാനും സാധ്യയുണ്ട്. 

കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാല്‍ ഈ വര്‍ഷത്തെ വിദേശപണത്തിന്റെ വരവില്‍ വിവിധ രാജ്യങ്ങള്‍ക്ക് 20ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

പാകിസ്താനും 23ശതമാനത്തിന്റെ കുറവാണുണ്ടാകുക. കഴിഞ്ഞവര്‍ഷത്തെ 22.5 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 17 ബില്യണ്‍ ഡോളറായി ഇത് കുറയും. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക് എന്നീരാജ്യങ്ങളിലെത്തുന്ന വിദേശപണത്തിലും 14 മുതല്‍ 19ശതമാനംവരെ കുറവുണ്ടാകുമെന്നും വേള്‍ഡ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.