മുംബൈ: ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള റിലയൻസ് പദ്ധതി സിങ്കപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെന്റർ (സിയാക്) തടഞ്ഞാൽ ഫ്യൂച്ചർ റീട്ടെയിലിനെ രക്ഷപ്പെടുത്തുന്നതിന് ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ പദ്ധതി തയ്യാറാക്കുന്നു. ഈ മാസം അവസാനത്തോടെ കേസിൽ സിയാക് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരത്ത നടപടിയിലേക്കുവിടാതെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുൾപ്പെടെയുള്ളവരിൽനിന്ന് നിക്ഷേപമെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി.

കടപ്പത്ര ഉടമകൾക്ക് നൽകേണ്ട തുകയും ബാങ്ക് വായ്പകളും കുടിശ്ശികയാകാതിരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് അടിയന്തരമായി 5,000 മുതൽ 5,500 കോടി രൂപ വരെ കണ്ടെത്തേണ്ടതുണ്ട്. റിലയൻസ് ഏറ്റെടുക്കുന്നതുവഴി വായ്പാ കുടിശ്ശിക വേഗത്തിൽ തീർപ്പാക്കാമെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സിയാകിന്റെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ഇടപാട് തടഞ്ഞതോടെ പ്രതിസന്ധിയിലായി. ഫ്യൂച്ചർ കൂപ്പണും ആമസോണും തമ്മിലുള്ള കരാർ പാലിച്ചാൽ ആമസോൺ ഫ്യൂച്ചർ റീട്ടെയിലിനുള്ള പ്രവർത്തന മൂലധനം ലഭ്യമാക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

2019 ഓഗസ്റ്റിൽ ഫ്യൂച്ചർ കൂപ്പണിൽ 1500 കോടി രൂപ ചെലവിട്ട് 49 ശതമാനം ഓഹരികൾ ആമസോൺ വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അവർക്ക് 3.5 ശതമാനം ഓഹരികൾ പരോക്ഷമായുണ്ട്. എന്നാൽ, ഇന്ത്യൻ നിയമമനുസരിച്ച് ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ആമസോണിനു കഴിയില്ല. അതുകൊണ്ട് നിക്ഷേപക സ്ഥാപനങ്ങളെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങളെയും ഉൾപ്പെടുത്തി ഫ്യൂച്ചർ റീട്ടെയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ആമസോൺ തയ്യാറാക്കുന്നത്.