മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.

ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം നൽകിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിർത്തിവെക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിനോട് ആർബിട്രേഷൻ നിർദേശിച്ചിരിക്കുന്നത്. ആർബിട്രേഷൻ ജഡ്ജി വി.കെ. രാജയാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

എന്നാല്‍, രാജ്യത്തെ നിയമത്തിന് അനുസൃതമായും വ്യക്തമായ നിയമോപദേശം ലഭിച്ചതനുസരിച്ചുമാണ് ഫ്യൂച്വര്‍ റീട്ടെയിലുമായി കരാറിലെത്തിയതെന്ന്‌ റിലയന്‍സ് റീട്ടയില്‍ വെഞ്ച്വേഴ്‌സ് അറിയിച്ചു. ഫ്യൂച്ചര്‍ ഗ്രൂപ്പുമായി വൈകാതെതന്നെ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഫ്യൂച്ചർ കൂപ്പണിന്റെ 49 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. മാത്രമല്ല, ഫ്യൂച്ചർ സംരംഭങ്ങൾ വിൽക്കുമ്പോൾ ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോൺ ആർബിട്രേഷനെ സമീപിച്ചത്. എന്നാൽ, ഫ്യൂച്ചർ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധമില്ലെന്നുമായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്റെ വാദം. റിലയൻസുമായുള്ള ഇടപാട് വിവിധ അനുമതികൾ ലഭിക്കാനുള്ളതിനാൽ പൂർത്തിയായിട്ടില്ല.

ഉത്തരവ് നടപ്പാക്കണമെങ്കിൽ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിച്ച് സമാന ഉത്തരവ് നേടേണ്ടതുണ്ട്. ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാൻ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ആമസോണിനോട് നിർദേശിച്ചിട്ടുണ്ട്.