സർക്കാർ ബോണ്ടുകളിൽ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താനായി റിസർവ് ബാങ്ക് രൂപകല്പന ചെയ്ത പ്ലാറ്റ്‌ഫോം റീട്ടെയിൽ ഡയറക്ട് (https://www.rbiretaildirect.org.in/)പ്രധാനമന്ത്രി അവതരിപ്പിച്ചു.  പുതിയ പ്ലാറ്റ്ഫോംവഴി ഓൺലൈനായി ആർബിഐയിൽനിന്ന് ബോണ്ടുകൾ നേരിട്ട് വാങ്ങാനും വിൽക്കാനും കഴിയും. ഇതോടെ സർക്കാർ ബോണ്ടുകളുടെ വിപണിയിൽ റീട്ടെയിൽ പങ്കാളിത്തം ഉയരും. 

സർക്കാർ പുറത്തിറക്കുന്ന ട്രഷറി ബിൽ, ഗവ.ഓഫ് ഇന്ത്യ സെക്യൂരിറ്റീസ്, സോവറിൻ ഗോൾഡ് ബോണ്ട്, സ്‌റ്റേറ്റ് ഡെവലപ്മന്റ് ലോൺ, സർക്കാർ ബോണ്ട് തുടങ്ങിയവയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ സാധാരണക്കാർക്കും ലഭിക്കുക. 

നിക്ഷേപിക്കുംമുമ്പ് അറിയാം ഈ കാര്യങ്ങൾ: 

എത്ര ആദായം പ്രതീക്ഷിക്കാം?
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സർക്കാർ ബോണ്ടുകൾ. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവർഷത്തിനുമുകളിലുള്ളവ ഗവൺമെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. 91 ദിവസം മുതൽ 40 വർഷംവരെ കാലാവധിയുള്ള ബോണ്ടുകൾ സർക്കാർ പുറത്തിറക്കാറുണ്ട്. നിലവിൽ 10 വർഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 6.5ശതമാനവും മൂന്നുവർഷക്കാലാവധിയുള്ള ബോണ്ടിന്റെ ആദായം 5.1ശതമാനവുമാണ്.

സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകളായതിനാൽ നിക്ഷേപം സുരക്ഷിതമായിരിക്കും. ഓഹരി നിക്ഷേപത്തിനപ്പുറം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്താം. 

സുരക്ഷിതമാണോ? 
ഓഹരികളിലെ നിക്ഷേപത്തെപോലെ നഷ്ടസാധ്യതയുണ്ടാവില്ല. സ്ഥിര വരുമാന പദ്ധതികളിൽ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സർക്കാർ ബോണ്ടുകളിലെ നിക്ഷേപം. ആദായം ഉറപ്പായും ലഭിക്കും. അതേസമയം, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകും. 

പണമാക്കൽ
ദ്വീതീയ വിപണിവഴി എപ്പോൾവേണമെങ്കിലും ഇടപാട് നടത്താമെങ്കിലും നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ ചെറിയതോതിൽ വില്പന എളുപ്പമാവില്ല. റീട്ടെയിൽ പങ്കാളിത്തംവർധിക്കുമ്പോൾ ഭാവിയിൽ മാറ്റംവന്നേക്കാം. 

നികുതി ബാധ്യത
സ്ഥിര നിക്ഷേപം, കോർപറേറ്റ് ബോണ്ട് എന്നിവയേക്കാൾ നികുതി ആനുകൂല്യം സർക്കാർ ബോണ്ടുകളിലെ ആദായത്തിന് ലഭിക്കും.
ഒരുവർഷം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്തശേഷ(ഇൻഡക്‌സേഷൻ ബെനഫിറ്റ്)മുള്ള തുകയ്ക്ക് ആദായനികുതി നൽകിയാൽ മതിയാകും. ഒരുവർഷത്തിൽതാഴെക്കാലം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ ഒരോരുത്തരുടെയും ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നൽകേണ്ടത്. 

എങ്ങനെ നിക്ഷേപംനടത്തും?
കെവൈസ് നടപടിക്രമം പാലിച്ചശേഷം റീട്ടെയിൽ ഡയറക്ട് ഗിൽറ്റ് അക്കൗണ്ട് തുടങ്ങാം. ഓൺലൈനായി അതിന് സൗകര്യമുണ്ടാകും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ 3.30വരെയാണ് ഇടപാടുകൾ നടത്താനാകുക. 

ആർക്കൊക്കം നിക്ഷേപിക്കാം
ബാങ്കിൽ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതുപോലെ വ്യക്തികൾക്ക് ഒറ്റക്കോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം. പാൻ, കെവൈസി രേഖകൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. എൻആർഐക്കാർക്കും നിക്ഷേപം നടത്താം. 

മെച്ചൂരിറ്റി കാലാവധി പൂർത്തിയാക്കിയാൽ കൂപ്പൺ നിരക്ക് അല്ലെങ്കിൽ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. കാലാവധിയെത്തുംമുമ്പ് എക്സ്ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം. എക്സ്ചേഞ്ചിലെ ഇടപാടിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. തരക്കേടില്ലാത്ത ആദായവും ലഭിക്കും.

മ്യൂച്വൽ ഫണ്ടുകൾ വഴിയാണ് ചെറുകിട നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തിൽ ഗിൽറ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. ചുരുക്കും ചിലരാജ്യങ്ങളിൽമാത്രമാണ് സർക്കാർ ബോണ്ടുകളിൽ റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാൻ അനുമതി നൽകിയിട്ടുള്ളത്. 

Retail investors can now buy government securities directly from RBI