മുംബൈ: ഓണ്‍ലൈനിലൂടെ കണ്ണടകളും സണ്‍ ഗ്ലാസുകളും വില്‍ക്കുന്ന ഇ-കൊമേഴ്സ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ ലെന്‍സ്‌കാര്‍ട്ട് സൊലൂഷന്‍സില്‍ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ മൂലധന നിക്ഷേപം നടത്തി. അദ്ദേഹം ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് പുതിയ റൗണ്ടില്‍ 400 കോടി രൂപയാണ് ലെന്‍സ്‌കാര്‍ട്ട് സമാഹരിക്കുന്നതെന്നാണ് അറിയുന്നത്.

സ്വന്തം നിലയിലാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപം. എന്നാല്‍, അദ്ദേഹം എത്രയാണ് മുതല്‍മുടക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇപ്പോഴത്തെ നിക്ഷേപത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ലെന്‍സ്‌കാര്‍ട്ടിലെ നിലവിലുള്ള നിക്ഷേപകരായ ടി.പി.ജി. ഗ്രോത്ത്, ഐ.ഡി.ജി. വെഞ്ച്വേഴ്സ് എന്നിവയും ഇപ്പോഴത്തെ റൗണ്ട് നിക്ഷേപത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന.

ഇപ്പോഴത്തെ നിക്ഷേപം കണക്കിലെടുക്കുമ്പോള്‍ ലെന്‍സ്‌കാര്‍ട്ടിന്റെ മൂല്യം 1,600 കോടി രൂപയായെന്നാണ് അനുമാനം. 2008-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ലെന്‍സ്‌കാര്‍ട്ട് ഇതുവരെ 200 കോടി രൂപയാണ് മൂലധനമായി സമാഹരിച്ചിരുന്നത്.
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം, സ്റ്റാര്‍ട്ട് അപ് കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ് രത്തന്‍ ടാറ്റ. ഇതിനോടകം, 20-ലേറെ കമ്പനികളിലാണ് അദ്ദേഹം സ്വന്തം നിലയില്‍ മൂലധന നിക്ഷേപം നടത്തിയത്.