മുംബൈ: കോവിഡ് ലോക്‌ഡൗണിനെത്തുടർന്ന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്നും ഇതുവഴി നിഷ്‌ക്രിയ ആസ്തി രണ്ടുമുതൽ നാലുവരെ ശതമാനം ഉയരാമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്.

ഇതുവഴിയുണ്ടാകുന്ന മൂലധനപ്രതിസന്ധി പരിഹരിക്കാൻ 2021 സാന്പത്തികവർഷം സർക്കാരിന് 7000 കോടിമുതൽ 1500 കോടിവരെ ഡോളർ (ഏകദേശം 52,000 കോടിമുതൽ 1.13 ലക്ഷം കോടിവരെ രൂപ) അധികമായി കണ്ടെത്തേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ധനക്കമ്മി മുന്പ് പ്രതീക്ഷിച്ചതിനെക്കാൾ രണ്ടുശതമാനംവരെ കൂടാൻ ഇടയുണ്ട്. കോവിഡ് മഹാമാരി നേരിടുന്നതിനായി സാന്പത്തിക പാക്കേജുകൾ അവതരിപ്പിക്കേണ്ടിവരുന്നതും നികുതിവരുമാനം കുറഞ്ഞതും പൊതുമേഖലാ ആസ്തിവിൽപ്പന നടപടികൾ പ്രതീക്ഷിച്ചരീതിയിൽ മുന്നേറാത്തതുമെല്ലാം ഇതിനു കാരണമാകാം.

ഈ സാഹചര്യത്തിൽ ബാങ്കുകൾക്ക് കൂടുതൽ മൂലധനം ലഭ്യമാക്കാൻ സർക്കാരിന് മറ്റുവഴികൾ കണ്ടെത്തേണ്ടിവരുമെന്നും ബാങ്ക് ഓഫ് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾക്ക് മൂലധനം നൽകാൻ കടപ്പത്രമിറക്കുകയാണ് സർക്കാരിനുമുന്നിലുള്ള ഒരു വഴി.

ഇതു മുന്പും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സർക്കാരിന്‍റെയോ ബാങ്കുകളുടെയോ പ്രതിച്ഛായയെ ബാധിക്കില്ലെന്നാണ് കന്പനി പറയുന്നത്. കരുതൽശേഖരം ബാങ്കുകൾ മൂലധനപര്യാപ്തതയ്ക്കായി ഉപയോഗിക്കുകയാണ് മറ്റൊരു വഴി.