തൃശ്ശൂർ: സബ്‌സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരയ്ക്ക്‌ രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിനു വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചുവയ്ക്കാനുള്ള തീരുമാനം.

നാഫെഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ ഉപയോഗിക്കുന്ന ധാന്യമാണ് തുവരപ്പരിപ്പ്.

2014-ൽ പയറുവർഗങ്ങളുടെ വില ഗണ്യമായി ഉയർന്നപ്പോൾ തുവരപ്പരിപ്പിന് കിലോയ്ക്ക് 240 രൂപവരെ എത്തിയിരുന്നു. പൂഴ്ത്തി​െവപ്പ് അന്നുണ്ടായപ്പോൾ സർക്കാരിന് ഇടപെടാൻ കൈവശം ശേഖരം ഇല്ലായിരുന്നു.

ഇപ്പോൾ കരുതൽശേഖരം ഓരോ പയറുവർഗത്തിനും ഗണ്യമായി കുറവാണ്. അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് താങ്ങുവിലയെക്കാൾ ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാവാത്തതിനാലാണ് സംഭരണം നടക്കാതെ പോയത്. തുവരപ്പരിപ്പിന്റെ താങ്ങുവില കിലോയ്ക്ക് 51 രൂപയാണ് . എന്നാൽ, ഇതിനെക്കാൾ ഉയർന്ന വിലയ്ക്ക് വൻകിടക്കാർ കർഷകരിൽനിന്ന് തുവര സംഭരിച്ചു.

ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തുവരപ്പരിപ്പിന്റെ ഉത്പാദനം ഉള്ളത്. ഉത്പാദനത്തിൽ കുറവു വന്നതും വിലക്കയറ്റത്തിന് ഒരു ഘടകമായിട്ടുണ്ട്.