തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി .

ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്‌പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെൽകൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളിൽ നശിച്ചത്. ഉത്‌പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വർധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികൾ പറയുന്നു.

കേരളത്തിൽ വിൽക്കുന്നത് 3.3 ലക്ഷം ടൺ അരി
കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. കേരളത്തിലെ റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു.

കേരളത്തിൽ അരി ഉത്പാദനം കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ രണ്ട് വിളകളായി ഉത്‌പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തുകയാണ്. കേരളത്തിൽ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്‌പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്‌പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.