അതിരപ്പിള്ളി: ലോക്ഡൗണിനെത്തുടർന്ന് പൈനാപ്പിൾ, റംബൂട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങിയ പഴങ്ങൾക്ക് ആവശ്യക്കാരില്ലാത്തതിനാൽ വിളവെടുക്കാനാകാതെ നശിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്.

അതിരപ്പിള്ളി പഞ്ചായത്തിൽ മാത്രം പത്ത് ഹെക്ടറിലേറെ സ്ഥലത്ത് പൈനാപ്പിൾ കൃഷിയുണ്ട്.ഏപ്രിൽ ആദ്യവാരത്തിൽ 44 രൂപവരെ കിലോയ്ക്ക് വില വന്നിരുന്നു. എന്നാൽ, ലോക്ഡൗണായപ്പോൾ വിലയിടിഞ്ഞു. ഇപ്പോൾ 15 രൂപ മാത്രമാണ് വില.

വെറ്റിലപ്പാറ, ചിക്ലായി മേഖലയിൽ പത്ത് ഏക്കറിലേറെ സ്ഥലത്ത് പൈനാപ്പിൾ കൃഷിചെയ്യുന്ന എ.സി. ചന്ദ്രബോസ്, ജോസ് പീച്ചാപ്പിള്ളിൽ എന്നീ കർഷകർ പൈനാപ്പിൾ സമൂഹ അടുക്കളയിലേക്കും കോവിഡ് ബാധിതർക്കും പാവപ്പെട്ടവർക്കും പറിച്ച് നൽകുകയാണ്.

ഇനിയും ടൺകണക്കിന് പൈനാപ്പിൾ ഇവരുടെ തോട്ടങ്ങളിലുണ്ട്. കാട്ടാനക്കൂട്ടം നേരത്തേ ഇവരുടെ കൃഷി നശിപ്പിച്ചിരുന്നു. പൈനാപ്പിൾ കൃഷിചെയ്യാൻ ഏക്കറിന് മൂന്ന് ലക്ഷം രൂപ ചെലവുണ്ടെന്ന് കർഷകർ പറയുന്നു. വിളവെടുക്കാത്തതോടെ ബാങ്ക് ലോൺ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിചെയ്യുന്ന കർഷകർ ദുരിതത്തിലായിരിക്കുകയാണ്.

മേഖലയിലെ മറ്റൊരു പ്രധാന കൃഷിയായ റംബൂട്ടാനും മാംഗോസ്റ്റിനും വിലയിടിഞ്ഞതും കർഷകരെ ദുരിതത്തിലാക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ റംബൂട്ടാൻ - മാംഗോസ്റ്റിൻ തോട്ടങ്ങളുള്ളത് പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി പഞ്ചായത്തുകളിലാണ്. തുടർച്ചയായ വേനൽമഴമൂലം ഇത്തവണ റംബൂട്ടാനും മാംഗോസ്റ്റിനും കാലംതെറ്റിയാണ് പൂത്തത്. പലയിടത്തും കായകൾ മൂത്തുവരുന്നതേ ഉള്ളൂ.

കിലോയ്ക്ക് മുന്നൂറ് രൂപയ്ക്ക് മുകളിൽ വിലയെത്തിയ റംബൂട്ടാനും മാംഗോസ്റ്റിനും വില ഇപ്പോൾ 100 -150 ആയി. തുടക്കത്തിൽ 300 രൂപ ഉണ്ടായിരുന്ന റംബൂട്ടാൻ ലോക്ഡൗൺ ആയപ്പോൾ 50 രൂപയ്ക്കാണ് കച്ചവടക്കാർ ചോദിച്ചത്. അതിനാൽ, നാട്ടുകാർക്ക് റംബൂട്ടാൻ സൗജന്യമായി നൽകിയതായി കർഷകനായ വെറ്റിലപ്പാറ സ്വദേശി ജോർജ് വെണ്ണാട്ടുപറമ്പിൽ പറഞ്ഞു.

വെട്ടിക്കുഴിയിൽ ആനമല കൂട്ടുകൃഷിസംഘത്തിന്റെ മൂന്ന് ഏക്കർ സ്ഥലത്ത് റംബൂട്ടാൻ - മാംഗോസ്റ്റിൻ കൃഷിയുണ്ട്. ലോക്ഡൗണിനെത്തുടർന്ന് പലരും പഴങ്ങൾക്ക് വിപണി കണ്ടെത്താൻ വിഷമിക്കുകയാണ്.

പൈനാപ്പിൾ കർഷകരുടെ ഫോൺ: 9495633668, 9446589292

ആനമല കൂട്ടുകൃഷിസംഘം സെക്രട്ടറി: 7558859912.