prawns masalaകൊച്ചി: ഇന്ത്യൻ ചെമ്മീനിനും മത്സ്യത്തിനും വിദേശത്ത് പ്രിയമേറി. ഇതോടെ രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം 37,870 കോടി രൂപയുടെ റെക്കോഡ് നേട്ടം കൈവരിച്ചു. അമേരിക്കയും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന ഇറക്കുമതിക്കാർ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആവശ്യവും ഇക്കാലയളവിൽ ഗണ്യമായി വർദ്ധിച്ചു.

ആകെ കയറ്റുമതിയുടെ അളവിൽ 38.28 ശതമാനവും ചെമ്മീനാണ്. അളവിൽ 16.21 ശതമാനവും ഡോളർ മൂല്യത്തിൽ 20.33 ശതമാനവുമാണ് ചെമ്മീൻ കയറ്റുമതിയിലെ വർദ്ധന. 26.15 ശതമാനം കയറ്റുമതിയുമായി തൊട്ടുപിന്നിൽ മത്സ്യമുണ്ട്. വരുമാനത്തിൽ 11.64 ശതമാനമാണ് മത്സ്യത്തിന്റെ സംഭാവന.

ഇക്കാലയളവിൽ 26.92 ശതമാനത്തിന്റെ മൂല്യവർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.അമേരിക്കയാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തത്-1,88,617  ടൺ. അമേരിക്കയിലേക്കുള്ള കയറ്റുമതി അളവിൽ 22.72 ശതമാനവും രൂപയിലെ മൂല്യത്തിൽ 33 ശതമാനവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 4,34,484 ടൺ ചെമ്മീനാണ് ആകെ കയറ്റുമതി ചെയ്തത്. വനാമി ചെമ്മീനിന്റെ ഉത്പാദന വർദ്ധന, ജലകൃഷി വർഗങ്ങളുടെ വൈവിധ്യവത്കരണം, ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധന എന്നിവ സമുദ്രോത്പന്ന കയറ്റുമതിയിലെ ഇന്ത്യയുടെ മികച്ച വളർച്ചയ്ക്ക് സഹായിച്ചു. ഏറെ ആവശ്യക്കാരുള്ള വനാമി ചെമ്മീനിന്റെ കയറ്റുമതി 2,56,699 ടണ്ണിൽ നിന്ന് 3,29,766 ടണ്ണായി ഉയർന്നു.