കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ്. ഇതിനുപുറമെ, മുടക്കമില്ലാതെ 24 മണിക്കൂര്‍ വൈദ്യുത വിതരണവും പവര്‍ഗ്രിഡ് ഉറപ്പുനല്‍കി.

ധനസഹായത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രിയുടെ കോവിഡ് ദുരന്തനിവാരണ ഫണ്ടിലേക്ക് 130 കോടി രൂപ ഉടന്‍ നിക്ഷേപിക്കും. ബാക്കി പ്രഖ്യാപിച്ചിട്ടുള്ള 70 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം നല്‍കുമെന്നും പവര്‍ഗ്രിഡ് അറിയിച്ചു. അതേസമയം, ശമ്പളത്തിന്റെ ഒരു വിഹിതം ധനസഹായമായി നല്‍കാന്‍ പവര്‍ഗ്രിഡ് ജീവനക്കാരും സമ്മതമറിയിച്ചിട്ടുണ്ട്.

രാജ്യം ലോക്ക് ഡൗണിലേക്ക് അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തെരുവിലും മറ്റും കഴിയുന്ന ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനും, ശുചിത്വമുറപ്പാക്കുന്നതിനായി സോപ്പ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പവര്‍ഗ്രിഡ് ജീവനക്കാര്‍ വിതരണം ചെയ്യുന്നുണ്ട്.

Content Highlights: Power grid Commits 200 Crore Rupees To PM Care Fund