ന്യൂഡൽഹി: അധികവരുമാനം കണ്ടെത്തുന്നതിന് ചരക്ക് സേവന നികുതി (ജിഎസ്ടി)സ്ലാബുകൾ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു.

വർഷത്തിൽ മൂന്നു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തുകയാണ് ലക്ഷ്യം. നിലവുലുള്ള അഞ്ച് ശതമാനത്തിന്റെ സ്ലാബ് ഏഴ് ശതമാനമായും 18ശതമാനത്തിന്റേത് 20ശതമാനമായും ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. 

ജിഎസ്ടി കൗൺസിൽ രൂപീകരിച്ച സംസ്ഥാന മന്ത്രിമാരുടെ സമിതിയാണ് ഇതിന്റെ സാധ്യത വിലയിരുത്തുക. അധികവരുമാനം സംസ്ഥാനങ്ങളും കേന്ദ്രവും തുല്യമായി പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ധന തീരുവ കുറച്ചതിലൂടെയുണ്ടായ നികുതി വരുമാനക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി കൂടുതൽ ചെലവഴിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരുമാനത്തിൽ സ്ഥിരതകൈവരിക്കാനുമുള്ള പദ്ധതിയാണ് കേന്ദ്രം ആസൂത്രണംചെയ്യുന്നത്. 

കോവിഡിന്റെ രണ്ടാംതരഗത്തെ തുടർന്നുണ്ടായ സാമ്പത്തികാഘാതത്തെ ചെറുക്കാൻ നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ വൻതോതിൽ പണം വിപണിയിലിറക്കിയിതനാൽ കടുത്ത സമ്മർദത്തിലാണ് സർക്കാരുകൾ. ചെലവിനനുസരിച്ച് വരുമാനമില്ലാത്തതാണ് സർക്കാരുകളെ സമ്മർദത്തിലാക്കിയത്.