ജിഎസ്ടിയുടെ പരിധിയിൽകൊണ്ടുവരികയാണെങ്കിൽ പെട്രോളും ഡീസലും എത്രരൂപയ്ക്ക് ലഭിക്കും? പെട്രോൾ ലിറ്ററിന് 75 രൂപയ്ക്കും ഡീസൽ ലിറ്ററിന് 68 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണവിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. 

ഈവിലയ്ക്ക് പെട്രോളും ഡീസലും വിറ്റാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാകുക. ഇത് ജിഡിപിയുടെ 0.4ശതമാനംവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

എക്‌സൈസ് തീരുവ, വാറ്റ് എന്നിവ നികുതിവരുമാനത്തിന്റെ പ്രധാന സ്രോതസ്സായതിനാൽ ജിഎസ്ടിക്കുകീഴിൽ പെട്രോളിനെയും ഡീസലിനെയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാവില്ലെന്നും എസ്ബിഐ  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. 

കേന്ദ്രത്തെക്കൂടാതെ ഓരോ സംസ്ഥാനത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂപപ്പെടുത്തിയ വാറ്റ്, സെസ് എന്നിവയുണ്ട്. അതോടൊപ്പം അസംസ്‌കൃത എണ്ണവിലയും കേന്ദ്രത്തിന്റെ എക്‌സൈസ് തീരുവയും ഗതാഗത ചെലവും ഡീലർ കമ്മീഷനുമൊക്കെചേർന്നാണ് ഇത്രയും വില ഈടാക്കുന്നത്. 

പെട്രോൾ ലിറ്ററിന് 75 രൂപയും ഡീസൽ 68 രൂപയുമായി അടിസ്ഥാനനിരക്ക് പരിഷ്‌കരിച്ചാൽ അസംസ്‌കൃത എണ്ണവില ബാരലിന് 10 ഡോളർ കുറയുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18,000 കോടി രൂപ ലാഭിക്കാൻകഴിയും. അടിസ്ഥാന നിരക്ക് നിശ്ചയിച്ചശേഷം വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറാതിരുന്നാലാണ് ഈനേട്ടമെന്നും റിപ്പോർട്ടിൽ പറയുന്നു.

Petrol Rs 75, diesel Rs 68! That's what they will cost if under GST