ചൈനീസ് വാതുവെപ്പ് ആപ്പുകളിലേക്ക് പണംകൈമാറാൻ അനുവദിച്ചുവെന്ന ആരോപണത്തെതുടർന്ന് രാജ്യത്തെ പേയ്‌മെന്റ് ഗേറ്റ് വേ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. 

നിരവധി ഇന്ത്യക്കാർ ചൈനീസ് ആപ്പുകളിൽ വാതുവെപ്പ് നടത്തുന്നുണ്ടെന്നും നികുതിവെട്ടിപ്പിന് കേമെൻ ദീപുകളിലേക്ക് പണംമാറ്റുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നിരീക്ഷണം ഏർപ്പെടുത്തിയത്. 

ആപ്പിലേക്കോ, വാലറ്റിലേക്കോ പണംകൈമാറുന്നത് പേയ്‌മെന്റ് ഗേറ്റ് വേ വഴിയായതിനാലാണ് ഈ സ്ഥാപനങ്ങളിൽ അന്വേഷണം ഊർജിതമാക്കിയത്. കള്ളപ്പണമിടപാടുതടയന്നതിന് വിദേശ വിനിമയ മാനേജുമെന്റ് ചട്ടം(ഫെമ)അനുസരിച്ച് ഇടപാട് പൂർത്തിയാക്കുന്നതിനുമുമ്പ് പേയ്‌മെന്റ് ഗേറ്റ് വേകൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

2002ൽ നിലവിൽവന്ന കള്ളപ്പണമിടപാട് നിയമപ്രകാരം ഇതാദ്യമായാണ് പണംകൈമാറ്റ സ്ഥാപനങ്ങൾക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയും ശ്രദ്ധചെലുത്താതെയും സ്ഥാപനങ്ങൾ ചൈനീസ് ആപ്പുകൾക്ക് പണംകൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ചൈനീസ് വാതുവെപ്പ് കേസിൽ ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസോർപേയുടെ പങ്കാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്. കാഷ്ഫ്രീ, പേ ടിഎം, ബിൽഡെസ്‌ക്, ഇൻഫിബീം അവന്യൂസ് തുടങ്ങിയ പേയ്‌മെന്റ് സ്ഥാപനങ്ങളിൽ ഇഡി പരിശോധനനടത്തിയെങ്കിലും കൂടുതൽ തെളിവൊന്നുംലഭിച്ചിട്ടില്ല.