ന്യൂഡല്‍ഹി: വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവില്ല.

പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതോടെയാണിത്.

ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് വിലാസം തെളിയിക്കുന്ന രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവാതെവരും.

മാതാപിതാക്കളുടെയം പങ്കാളിയുടെയും പേരും വിലാസവും ഉള്‍പ്പടെയുള്ളവയാണ് പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ രേഖപ്പെടുത്തിയിരുന്നത്. 

വിദേശകാര്യം വനിത ശിശുക്ഷേമം എന്നീ മന്ത്രാലയങ്ങളിലുള്ള മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പാസ്‌പോര്‍ട്ടിലെ അവസാനത്തെ പേജില്‍നിന്ന് വിവരങ്ങള്‍ ഒഴിവാക്കുന്നത്. 

നാസികിലെ സെക്യൂരിറ്റി പ്രസ് പുതിയ പാസ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്യും. പുതിയത് തയ്യാറാകുന്നതുവരെ നിലവിലെ രീതി തുടരാനാണ് തീരുമാനം. 

കാലാവധി കഴിയുന്നതുവരെ നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള(ഇസിആര്‍) പാസ്‌പോര്‍ട്ടുകളുടെ കവറുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയുടെ കവറുകള്‍ നീലനിറത്തിലുമാണ് പുറത്തിറക്കുക.