ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപം സംബന്ധിച്ച വെളിപ്പെടുത്തലുമായി പാൻഡോറ പേപ്പേഴ്‌സ്. ലോകനേതാക്കൾ, സെലിബ്രിറ്റികൾ, കായികതാരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ ആസ്തി വിരവങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 

ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ അതത് രാജ്യങ്ങളിൽ നികുതിവെട്ടിച്ചുംമറ്റും നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളാണിവ. ഏഷ്യയിലേയും മിഡിൽ ഈസ്റ്റിലെയും രാഷ്ട്രീയക്കാർ ഉൾപ്പടെയുള്ള വ്യക്തികളുടെ ആസ്തികളുടെ വിവരങ്ങൾ ഉൾപ്പടെയുള്ളവ പുറത്തുവന്നിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, നീരവ് മോദി, കിരൺ മസുന്ദർ ഷാ തുടങ്ങിയവർ അവരിൽ ചിലർമാത്രം.

117 രാജ്യങ്ങളിലെ 150 മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള 600 പത്രപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകൾ(ഐസിഐജെ)നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വെളിച്ചത്തുവന്നത്. പനാമ പേപ്പറുകൾ സമാഹരിച്ച മാധ്യമപ്രവർത്തകരുടെ സംഘമാണ് പുതിയ വെളിപ്പെടുത്തലിനും പിന്നിൽ.  

നികുതി വെട്ടിപ്പിനും മറ്റുനേട്ടങ്ങൾക്കുമായി ശതകോടീശ്വരന്മാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ലക്ഷക്കണക്കിന് കോടി ഡോളർ നിക്ഷേപിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. റഷ്യൻ പ്രസിഡന്റ് പുടിൻ, പോപ്പ് ഗായിക ഷക്കീര, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയവരും പട്ടികയിലുണ്ട്. 

മറ്റ് രാജ്യങ്ങളിലുള്ള ബാങ്കുകളുടെ അക്കൗണ്ടുകൾ(ഓഫ്‌ഷോർ അക്കൗണ്ട്)വഴിയാണ് നികുതിനിയമങ്ങൾ മറികടക്കാൻ വൻകിടക്കാർ ശ്രമംനടത്തിയിട്ടുള്ളത്. പലരാജ്യങ്ങളിലും ഇതിന് നിയമപരിരക്ഷയുള്ളതിനാൽ ഇവർ കുറ്റക്കാരാണെന്ന ആരോപണമില്ല.