മുംബൈ: മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേർ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതൽ 2011 വരെ താനെയിൽ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്.
ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഫ്ലാറ്റുകൾ മുംബൈ നഗരത്തിൽ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. നവിമുംബൈ, താനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ സ്ഥലസൗകര്യമുള്ള വീട് താരതമ്യേന വിലക്കുറവിൽ ലഭ്യമാവുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസൗകര്യം വർധിച്ചതിനാൽ ജോലിക്കും മറ്റാവശ്യങ്ങൾക്കും മുംബൈയിൽ എത്തിപ്പെടാൻ കഴിയുന്നുമുണ്ട്.
മുംബൈയിലെ ചെറിയ വീട് വീറ്റുകിട്ടിയ വലിയ തുക കൊണ്ട് വാഷി, സാൻപാഡ, മീരാ-ഭയന്തർ പ്രദേശങ്ങളിൽ സൗകര്യമുള്ള ഫ്ലാറ്റുകൾ വാങ്ങുന്നവരാണ് കൂടുതലും. മലയാളികളും തമിഴരും വിട്ടുപോയതോടെ മാട്ടുംഗ ഗുജറാത്തികളുടെ പ്രധാനകേന്ദ്രമായി മാറിക്കഴിഞ്ഞു. താനെ കഴിഞ്ഞാൽ റായ്ഗഡ് ആണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. പനവേൽ, തലോജ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജനം കൂടുതലായി എത്തുന്നുണ്ട്. നവിമുംബൈയിലെ നിർദിഷ്ട വിമാനത്താവളം ഇവിടേക്കു മാറാനും ജനത്തെ പ്രേരിപ്പിക്കുന്നു.
മുംബൈയിലെ ഫാക്ടറികൾ പലതും പൂട്ടിയതോടെ ഒട്ടേറെപ്പേർ നഗരം വിട്ടതായി സാമൂഹികപ്രവർത്തകനായ അഭിജിത് റാണെ പറയുന്നു. സാമ്പത്തികനില തകിടംമറിഞ്ഞിരിക്കുകയാണെന്നും മില്ലുകൾ പൂട്ടിയതോടെ ലാൽബാഗ്, പരേൽ, ദാദർ എന്നിവിടങ്ങളിലെ മറാഠിജനത നവിമുംബൈയിലെ ഖാർഘർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും എൻ.സി.പി. നേതാവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമൻ പറയുന്നു.
2011-ലെ കാനേഷുമാരിപ്രകാരം മുംബൈയിൽ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോൾ താനെയിൽ 44 ശതമാനം കൂടി. വസായ് വിരാറിൽ 135.4 ശതമാനം വർധനയും ബദലാപുരിൽ 79.19 ശതമാനം വർധനയും മീരാ ഭയന്തറിൽ 56.5 ശതമാനം വർധനയുമാണുള്ളത്.