ത്രില്ലർ സിനിമകളിലൂടെ പ്രശസ്തനായ മലയാളത്തിലെ മുൻനിര സംവിധായകന് നിർമാതാവിന്റെ വിളി.

‘ചേട്ടാ... ഒരു സാധനം റെഡിയാക്കണം. കഥയുണ്ട്...’

പിന്നെ നിർമാതാവ് വൺലൈൻ പറയുന്നു. ആരുടേതാണ് കഥ എന്ന് ചോദിച്ചപ്പോഴുള്ള ഉത്തരം:

‘അത് ഒ.ടി.ടി.ക്കാർ സജസ്റ്റ് ചെയ്തതാ...’

നിർമാതാവ് പറഞ്ഞത് നുണയോ നേരോ ആകട്ടെ. അതിലുണ്ട് സിനിമയെന്ന വ്യവസായത്തിന്റെ വർത്തമാനകാലം. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം ‘ഓവർ ദി ടോപ് ’ (ഒ.ടി.ടി.) പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം.

തിേയറ്ററുകൾ തുറന്നാലും ഒരു മാസത്തിനകം ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ എത്തും വിധമുള്ള കച്ചവട ഫോർമുലയിലേക്ക് നിർമാതാക്കൾ മാറിക്കഴിഞ്ഞു. നൂറുദിവസം തിേയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയെന്ന സങ്കല്പത്തെക്കൂടിയാണ് കോവിഡ് കവർന്നത്. ഒന്നുകിൽ ഒ.ടി.ടി. മാത്രം അല്ലെങ്കിൽ തിേയറ്റർ+ഒ.ടി.ടി. - ഇതായിരിക്കുന്നു സിനിമാ വില്പനയിലെ പുതിയ തരംഗം.

ദൃശ്യം 2-ൽ തുടക്കം
തിേയറ്ററിൽ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ‘ലൂസിഫർ’, ‘ഇഷ്ക്’ തുടങ്ങിയവയിലൂടെയാണ് മലയാള സിനിമാപ്രേമികൾ ഒ.ടി.ടി.യെ പരിചയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്ഡൗൺകാലത്ത് ‘സൂഫിയും സുജാത’യും ഒ.ടി.ടി.യിൽ റിലീസ് ചെയ്യപ്പെട്ടപ്പോൾ ഈ പ്ലാറ്റ്‌ഫോം പതിയെ ജനകീയമാകാൻ തുടങ്ങി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ചിത്രീകരിച്ച്, മൊബൈൽ ഫോണുകളിലും വിരുന്നുമുറികളിലുമായി നിറഞ്ഞോടിയ ‘സീ യൂ സൂൺ’ പ്രേക്ഷകരോട് പറഞ്ഞത് ഉടൻ ഒ.ടി.ടി. വിപ്ലവം കാണാനാകും എന്നാണ്. ഒരു കോടിയിൽ താഴെ ചെലവിട്ട് നിർമിച്ച ഈ സിനിമ ആമസോൺ പ്രൈമിൽ വിറ്റത് എട്ട്‌ കോടിയോളം രൂപയ്ക്കാണ്.

തിേയറ്റർ റിലീസ് വൈകിയതോടെ ‘ദൃശ്യം-2’ ആമസോണിലൂടെ ലോകമെമ്പാടുമെത്തിയത് വലിയ വഴിത്തിരിവായി. ‘ആമസോൺ എവിടെക്കിട്ടും’ എന്നായി അതോടെ മലയാളികളുടെ അന്വേഷണം. കേരളത്തിൽ വരിക്കാരുടെ എണ്ണം കുതിച്ചുയർന്നതും ‘ആമസോൺ ഫയർ സ്റ്റിക്കു’കൾക്ക് ആവശ്യക്കാരേറിയതും ‘ദൃശ്യം 2’-ന്റെ വരവോടെയാണ്. 30 കോടിയിലധികമായിരുന്നു ‘ദൃശ്യം 2’-ന് ആമസോൺ നൽകിയ തുക. അതോടെ കോവിഡ്കാലത്തെ അനിശ്ചിതത്വം പുതിയൊരു അവസരമായി മാറ്റാൻ സിനിമാ പ്രവർത്തകർക്ക് ധൈര്യം കിട്ടി. പൂർണമായും ഒ.ടി.ടി. റിലീസ് ഉദ്ദേശിച്ച് ഉണ്ടാക്കിയ ‘ജോജി’ എന്ന സിനിമ 15 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്.

കിട്ടുന്ന കാശിന് കച്ചവടം
സിനിമ തിേയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ചിലപ്പോൾ വലിയ ഹിറ്റാകാം, അല്ലെങ്കിൽ തകർന്നടിഞ്ഞേക്കാം. കഷ്ടിച്ച് മുടക്കുമുതൽ തിരിച്ചുതരുന്നവയുമുണ്ട്. രണ്ടു വെള്ളിയാഴ്ചകൾ കൊണ്ട് വിധിയറിയാം. ഈ അപ്രവചനീയതയാണ് ഒരേ സമയം നിർമാതാക്കളുടെ മോഹമുണർത്തുന്നതും നെഞ്ചിടിപ്പേറ്റുന്നതും. താരങ്ങളൊന്നുമില്ലാതെ ഒന്നരക്കോടി മാത്രം ചെലവിട്ട് തിേയറ്ററുകളിലെത്തിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ കോരിയെടുത്തത് 18 കോടിയോളം രൂപയാണ്. ഈ സിനിമ ഇന്ന് ഒ.ടി.ടി.യിൽ മാത്രമായി റീലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ പരമാവധി കിട്ടുക രണ്ടരക്കോടി രൂപ മാത്രം.

ഒ.ടി.ടി.യിൽ ആദ്യംതന്നെ തുക പറഞ്ഞുറപ്പിക്കും. അതിൽ നിർമാതാവ് തൃപ്തിയടയേണ്ടി വരും. ഒരുപക്ഷേ തിേയറ്ററുകളിലെത്തിയിരുന്നെങ്കിൽ അതിലധികം പണം നിർമാതാവിന്റെ പെട്ടിയിലെത്തിയേനെ. പക്ഷേ തിേയറ്റർ എന്ന് തുറക്കുമെന്നറിയാത്ത അവസ്ഥയിൽ കിട്ടുന്ന തുകയ്ക്ക് പടം വിൽക്കുക എന്ന പോംവഴിയേ ഇപ്പോൾ നിർമാതാക്കൾക്കു മുന്നിലുള്ളൂ.

വില താരമൂല്യത്തിന്
സാറ്റലൈറ്റ് കച്ചവടത്തിലെ പോലെ തന്നെ ഒ.ടി.ടി.യിലും താരമൂല്യമാണ് സിനിമയ്ക്കുള്ള തുക നിശ്ചയിക്കുന്നത്. കൂടുതൽ താരത്തിളക്കമുള്ള സിനിമകൾക്ക് കൂടുതൽ വില കിട്ടും. ‘കണ്ടന്റ്’ പ്രധാനമാണ് എന്ന് പറയുമെങ്കിലും താര കേന്ദ്രീകൃതമാണ് ഒ.ടി.ടി. കച്ചവടം. ചിത്രീകരണം തുടങ്ങും മുമ്പുതന്നെ മോഹൻലാലിന്റെ ‘ട്വൽത്ത് മാന്’ 35 കോടിയും ‘ബ്രോ ഡാഡി’ക്ക് 28 കോടിയും ഒ.ടി.ടി. വമ്പന്മാർ വിലപറഞ്ഞു എന്നാണ് സിനിമാ ലോകത്തെ കഥ. മലയാള സിനിമകൾ മികച്ച പ്രേക്ഷക പ്രതികരണം നേടിയതോടെയാണ് ആമസോണും നെറ്റ്ഫ്ളിക്സും ‘തെക്കോട്ടു’ നോക്കാൻ തുടങ്ങിയത്. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ധാരാളം ആരാധകരുണ്ടെന്ന് ഒ.ടി.ടി. കച്ചവടത്തിന്റെ ഇടനിലക്കാർ പറയുന്നു. അവരുടെ അഭിരുചി കൂടി കണക്കിലെടുത്തുള്ള ‘കണ്ടന്റ്’ ഉണ്ടാക്കണമെന്ന ആവശ്യവും ഇതോടെ മലയാള സിനിമാ പ്രവർത്തകർക്കു മുന്നിലെത്തിയിട്ടുണ്ട്.

ഇപ്പോൾ നടക്കുന്നത്
മലയാള സിനിമയിൽ പല തരത്തിലാണ് ഇപ്പോൾ ഒ.ടി.ടി.യിലെ കച്ചവടം. ഷൂട്ടിങ്ങിന് നിയന്ത്രണങ്ങൾ വന്നതോടെ പരിമിതമായ സാഹചര്യങ്ങളിൽ ചിത്രീകരിക്കാവുന്ന കഥയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് നിർമാതാക്കളും സംവിധായകരും. ചുരുങ്ങിയ ചെലവിൽ ചിത്രീകരണം പൂർത്തിയാക്കിയാൽ ഒ.ടി.ടി.യിൽ കൂടിയ വിലയ്ക്ക് വിൽക്കാം. ഒരിക്കലും നഷ്ടക്കച്ചവടമാകില്ല ഇത്. ഒ.ടി.ടിക്ക് മാത്രമായി പത്തോളം സിനിമകൾ അണിയറയിലൊരുങ്ങുകയാണ്.

തിേയറ്റർ റിലീസ് പ്രതിസന്ധിയിലായ ചിത്രങ്ങൾ ഒ.ടി.ടി.ക്ക് വിൽക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കോവിഡിൽ തിേയറ്റർ റിലീസ് പ്രതിസന്ധിയിലായ നൂറ്റിയമ്പതോളം സിനിമകളുണ്ട് മലയാളത്തിൽ. പക്ഷേ ഇവയിൽ ഭൂരിഭാഗത്തിനും ഒ.ടി.ടി. മാർക്കറ്റിൽ ഇടംകിട്ടുന്നില്ല. താരമൂല്യമില്ല എന്നതുതന്നെ കാരണം. വലിയ താരങ്ങളില്ലാത്ത ചിത്രങ്ങളോട് വൻകിട ഒ.ടി.ടി.ക്കാർ പറയുന്നത് ആദ്യം തിേയറ്ററിൽ റിലീസ് ചെയ്യൂ, എന്നിട്ട് ഞങ്ങളെടുക്കാം എന്നാണ്. നിർമാതാവ് സ്വന്തം കൈയിൽനിന്ന് പണം മുടക്കി പരസ്യം ചെയ്ത് തിേയറ്ററിലെത്തിക്കുന്നതിന്റെ ആനുകൂല്യം തഞ്ചത്തിൽ സ്വന്തമാക്കാനുള്ള തന്ത്രം.

ഇത്തരം സിനിമകൾക്കും തിേയറ്റർ വിജയം ലക്ഷ്യമിടാത്ത സമാന്തര സിനിമകൾക്കുമുള്ള ഇടമാണ് മൂന്നാമത്തേത്. ആമസോണിനും നെറ്റ്ഫ്ലിക്സിനുമൊപ്പം ഇപ്പോൾ കേരളത്തിന്റെ സ്വന്തം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചെറിയ സിനിമകൾ ഇവർ വാങ്ങുന്നുണ്ട്. ഇതിലൂടെ മറ്റൊരു പ്രതിഭാസം കൂടി സംഭവിക്കുന്നു. തിേയറ്ററുകളിലെ റിലീസ് ആദ്യം ‘എ’ ക്ലാസ് പിന്നെ ‘ബി’, ഒടുവിൽ ‘സി’... എന്നിങ്ങനെയായിരുന്നു. എന്നാൽ ഒ.ടി.ടി.യിൽ തിരിച്ചും കാണാം. ചെറിയ പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടിയാൽ വലുതിലേക്ക് മാറുന്നു. നീസ്ട്രീമിൽ നിന്ന് ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആമസോണിലെത്തിയത് ഉദാഹരണം. വലിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് രണ്ടോ മൂന്നോ മാസത്തേക്ക് വിൽക്കുന്നവ പിന്നീട് നിർമാതാക്കൾ മറ്റുള്ളവയ്ക്ക് നൽകുന്നുമുണ്ട്.

പണം നൽകി കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന ‘പേ പെർ വ്യൂ’ രീതിയാണ് ഒ.ടി.ടി.യുടെ മറ്റൊരു പ്രത്യേകത. പുതിയ സിനിമകൾക്കു പുറമേ തിേയറ്ററിൽ മുമ്പ് ഹിറ്റായവ എച്ച്.ഡി. മിഴിവും ശബ്ദഭംഗിയും വരുത്തി ഇതിലൂടെ പ്രേക്ഷകരിലെത്തുന്നു. വരുമാനം ഒ.ടി.ടി. പ്ലാറ്റ്‌ഫോമും നിർമാതാക്കളും പങ്കിടും.

നിശ്ചിത തുകയ്ക്ക് അപ്പുറമുള്ള വരുമാന സാധ്യതയുണ്ടാക്കുന്നുണ്ടെങ്കിലും വലിയ വെല്ലുവിളിയുമാണിത്. ഒ.ടി.ടി.യിലെത്തി പിറ്റേന്നുതന്നെ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ സിനിമകളുടെ പകർപ്പ് പ്രത്യക്ഷപ്പെടുന്ന കാലത്ത് ഇതിലൂടെ കിട്ടുന്ന തുകയിൽ പ്രതീക്ഷയർപ്പിക്കാനാകില്ല, നിർമാതാക്കൾക്ക്. അടുത്തിടെ ഒ.ടി.ടി.യിലൂടെ റിലീസ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ സിനിമയുടെ കച്ചവടം ‘പേ പെർ വ്യൂ’ രീതിയിലാണ്. ഒന്നരക്കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പക്ഷേ ഒ.ടി.ടി.യിൽനിന്ന് ആദ്യം ലഭിച്ചത് 40 ലക്ഷം രൂപ മാത്രം. ബാക്കി പണം കാഴ്ചക്കാരുടെ എണ്ണത്തിനനുസരിച്ചേ കിട്ടൂ. ചിത്രം ടെലഗ്രാമിലെത്തിയതിനാൽ ഇനി എത്ര തുക കിട്ടുമെന്ന് കണ്ടറിയണം.

തിയേറ്ററുകളിലെ ആരവങ്ങളാണ് എന്നും താരങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് അവ നിലനിൽക്കും. പക്ഷേ, ഒ.ടി.ടി.ക്കു വേണ്ടി മാത്രമായും സിനിമകൾ സൃഷ്ടിക്കപ്പെടും. അതൊരു അധിക വരുമാന മാർഗം കൂടിയായി മാറിക്കഴിഞ്ഞു. മുമ്പ് തിേയറ്ററുകളും സാറ്റലൈറ്റ് അവകാശവും ഓവർസീസ് വില്പനയും മാത്രമേ വരുമാന വഴിയായി ഉണ്ടായിരുന്നുള്ളൂ. സാറ്റലൈറ്റ് അവകാശം വിറ്റുപോകാതിരിക്കുന്ന സിനിമകൾ ഒ.ടി.ടി.യിൽ വിറ്റുപോകാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. പക്ഷേ, തിേയറ്റർ നൽകുന്ന അനുഭവം ഒരിക്കലും ഒ.ടി.ടി.ക്ക് നൽകാനാകില്ല. അതിൽ സിനിമ കാണുമ്പോൾ നമുക്ക്‌ കണ്ട് കീബോർഡിൽ െെകയടിക്കാനേ കഴിയൂ. ഒ.ടി.ടി.ക്ക് മാത്രമായി സിനിമ നിർമിക്കുമ്പോൾ എം.ആർ.പി. ഇട്ട് ഉത്പന്നം വിൽക്കുന്നതുപോലുള്ള കച്ചവടമാണ് നടക്കുന്നത്.

സന്ദീപ് സേനൻ,
നിർമാതാവ്

ഒ.ടി.ടി. വിദേശ രാജ്യങ്ങളിൽ പണ്ടുമുതൽക്കേയുണ്ട്. നമ്മൾ ഇപ്പോഴാണ് അതിലേക്കെത്തിയത്. ആദ്യം കാണുന്നതിന്റെ കൗതുകമാണ് കേരളത്തിലുള്ളവർക്ക് ഒ.ടി.ടി.യോടുള്ളത്. ആത്യന്തികമായി സിനിമയുടെ വിജയ പരാജയങ്ങൾ നിർണയിക്കുന്നത് തിേയറ്റർ പ്രേക്ഷകർ തന്നെയാണ്. തിേയറ്ററിലൂടെ മാത്രമേ താരപദവിയും സിനിമയുടെ മൂല്യവും വർധിക്കൂ. ഒ.ടി.ടി.യിലൂടെ അത് സാധിക്കില്ല. വാർഷിക വരിസംഖ്യക്കാരുടെ എണ്ണം സിനിമയുടെ വിജയമാകില്ല. ഒ.ടി.ടി.യിൽ സിനിമ എടുക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണം. ഒരു വലിയ സിനിമ എടുക്കുമ്പോൾ ചെറിയ രണ്ടെണ്ണം കൂടി വാങ്ങണം എന്ന നിബന്ധന കൊണ്ടുവരണം. സിനിമയെ സ്നേഹിച്ച് സിനിമ പിടിക്കാൻ വരുന്ന സാധാരണക്കാരായ നിർമാതാക്കളും ചെറിയ സിനിമകളും നിലനിൽക്കണമെങ്കിൽ ഇത് കൂടിയേ തീരൂ. വലിയ സിനിമകളെടുക്കുന്ന നിർമാതാക്കളും തങ്ങളുടെ ചുറ്റുമുള്ള ചെറു സിനിമകളുടെ നിർമാതാക്കളെ കാണാതെ പോകരുത്.

ജോബി ജോർജ്,
നിർമാതാവ്

rsarathkrishna@gmail.com